Saturday, January 16, 2021

ബജറ്റ് 2021 - വയനാട് ജില്ല

 വയനാട്ടുകാർക്ക്‌ താങ്ങും തണലും

തുച്ഛമായ ജീവിതവരുമാനത്തിൽ കഴിയുന്ന വയനാട്ടിലെ സാധാരണക്കാർക്ക്‌ ആശ്വാസവും ആത്മവിശ്വാസവും പകർന്ന്‌ സംസ്ഥാനബജറ്റ്‌. പട്ടികജാതി–-പട്ടികവർഗക്കാർ, ആശാവർക്കർമാർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, പെൻഷൻകാർ, വയോജനങ്ങൾ എന്നിവരുടെയെല്ലാം കണ്ണീരൊപ്പുന്ന ബജറ്റ്‌ വയനാട്ടുകാർക്ക്‌ ഏറെ ഗുണകരമാവുമെന്ന്‌ വിവിധ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. 

ലൈഫിൽ പട്ടികവർഗവിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി 60,000 വീടുകൾ പുതുതായി നിർമിക്കുന്നത്‌ ജില്ലയിലെ ഭവന നിർമാണത്തിനും കുതിപ്പേകും. തൊഴിലുറപ്പ്‌ തൊഴിൽ മുഖ്യ ആശ്രയമായി കാണുന്ന ജില്ലക്കാർ സർക്കാരിന്റെ തൊഴിലുറപ്പ്‌ ക്ഷേമനിധിപദ്ധതിയെ ആവേശത്തിലാണ്‌ കാണുന്നത്‌. ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനം  വർധിപ്പിച്ചത്‌ ജില്ലയിലെ നൂറുകണക്കിന്‌ ആശ–-അങ്കണവാടി പ്രവർത്തകർക്ക്‌ പ്രയോജനകരമാവും. അങ്കണവാടി ജീവനക്കാരുടെ പെൻഷൻ രണ്ടായിരം രൂപയായും ഹെൽപ്പറുടേത്‌ 1500 രൂപയായും വർധിപ്പിച്ചിട്ടുണ്ട്‌.  ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെല്ലാം ഈ ബജറ്റിൽ ഏറെ ആഹ്ലാദത്തിലാണ്‌. പട്ടികവർഗ വിഭാഗക്കാർക്ക്‌ ലാപ്‌ടോപ്പ്‌ പകുതി വിലക്ക്‌ നൽകുന്നതടക്കമുള്ള ബജറ്റ്‌ തീരുമാനങ്ങളും ജില്ലയുടെ പൊതുരംഗത്ത്‌ വലിയമാറ്റത്തിന്‌ കളമൊരുക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. 

ഉണർവിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ തൊഴിൽ മേഖലയിൽ കൂടുതൽ സംരക്ഷണം ഉറപ്പേകുന്ന സംസ്ഥാന ബജറ്റ്‌ പ്രഖ്യാപനങ്ങൾ ജില്ലയിലെ തൊഴിലുറപ്പ്‌ മേഖലക്ക്‌ വലിയ ഉണർവേകും. കേന്ദ്രസർക്കാർ തൊഴിലുറപ്പ്‌ പദ്ധതിയെ വിഹിതം വെട്ടികുറച്ചും കുടിശ്ശിക വരുത്തിയുമൊക്ക ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുമ്പോഴാണ്‌ സംസ്ഥാനം തൊഴിലാളികൾക്ക്‌ കവചമൊരുക്കുന്നത്‌. ഫെബ്രുവരിയിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി  കൊണ്ടുവരാനുള്ള നീക്കം 80,000ത്തിലധികം പേർ തൊഴിലെടുക്കുന്ന ഈ മേഖലക്ക്‌ നൽകുന്ന കരുത്ത്‌ വലുതാണ്‌. ഇതിൽ വലിയൊരുശതമാനവും ആദിവാസികളാണ്‌. 

20 ദിവസം പണിയെടുക്കുന്നവർക്ക്‌ ക്ഷേമനിധിയിൽ ചേരാനാവുന്നതിലൂടെ ജില്ലയിലെ മുഴുവൻ  തൊഴിലാളികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. 75 ദിവസമെങ്കിലും ശരാശരി തൊഴിൽ ദിനങ്ങൾ നൽകുമെന്ന പ്രഖ്യാപനവും തൊഴിലാളികൾക്ക്‌ ആത്മവിശ്വാസം പകരും. കോവിഡ്‌ കാലത്ത്‌ മറ്റ്‌ പല തൊഴിൽ മേഖലകളും പ്രതിസന്ധിയിലായപ്പോഴും പിടിച്ചുനിന്നത്‌ തൊഴിലുറപ്പ്‌ മേഖലയായിരുന്നു. 

മനംനിറഞ്ഞ്‌ കർഷകർ

കാപ്പിക്ക്‌  90 രൂപ   തറ വിലക്ക്‌ ‌ സംഭരിക്കാനുള്ള തീരുമാനത്തിൽ ജില്ലയിലെ കർഷകർ ആഹ്ലാദത്തിൽ. കേന്ദ്ര സർക്കാരിന്റെ കുത്തക പ്രീണന നയവും കോർപറേറ്റ്‌ ചൂഷണവും തകർത്ത കാപ്പി കൃഷി മേഖലക്ക്‌ പ്രതീക്ഷ പകരുന്നതാണ്‌ സർക്കാർ തീരുമാനം.  കർഷകരിൽ നിന്ന്‌  90 രൂപ നിരക്കിൽ കാപ്പി സംഭരിച്ച്‌  സംസ്‌കരിച്ച്‌ വയനാട്‌ ബ്രാൻഡഡ്‌ കോഫി    ഉൽപ്പാദനം അടുത്ത മാസം ആരംഭിക്കുമെന്ന്‌ മന്ത്രി ബജറ്റ്‌ പ്രസംഗത്തിൽ വ്യക്തമാക്കി.  

പ്രാരംഭഘട്ടത്തിൽ ബ്രഹ്മഗിരിയിലെ കോഫി പ്ലാന്റാണ്‌ ഉപയോഗപ്പെടുത്തുക. ഇത്‌ വിപുലപ്പെടുത്തുന്നതിന്‌ 5 കോടി രൂപ ബ്രഹ്മഗിരി സൊസൈറ്റിക്ക്‌ അടിയന്തിരമായി നൽകും. ഏപ്രിൽ മാസത്തിനുള്ളിൽ വയനാട്‌ കോഫിയുടെ 500 വൈൻറിങ്‌ മെഷീനുകളും 100 കിയോസ്‌ക്കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീക്ക്‌ 20 കോടി രൂപ അധികമായി അനുവദിച്ചു.   കിഫ്‌ബിയിൽ വയനാട്‌ കോഫി പാർക്ക്‌ യാഥാർഥ്യമാക്കും. ഇതിനായി പ്രാരംഭ ഘട്ടത്തിൽ 10 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

 കാപ്പി കൃഷി മുഖ്യവരുമാനമാർഗമാക്കിയ ജില്ലയിലെ 60,000 ത്തോളം വരുന്ന കാപ്പി കർഷകരുടെ കണ്ണീരൊപ്പുന്നതാണ്‌ സർക്കാർ നടപടി.   67770 ഹെക്ടറിലാണ്‌    കൃഷി. ആദ്യകാലത്ത്‌  കാപ്പിക്ക്‌ ഉയർന്ന വില കിട്ടിയിരുന്നുവെങ്കിലും 1990കളിൽ  കോൺഗ്രസ്‌ സർക്കാർ  നടപ്പാക്കിയ ആഗോളവത്‌കരണ നയമാണ്‌ വിലിയിടിവി‌ന്‌ കാരണമായത്‌.  ആഗോള കുത്തകകൾ നിയന്ത്രിച്ച്‌  കൊള്ള  ലാഭമെടുത്തപ്പോൾ  വില കിട്ടാതെ കർഷകർ കടക്കെണിയിലായി. വിളവെടുക്കുമ്പോഴുള്ള മാർക്കറ്റ്‌ വ്യതിയാനങ്ങൾ  കാപ്പി വിപണിയിൽ കർഷകർക്ക്‌ തിരിച്ചടിയായി. തറ വില നിശ്‌ചയിച്ച്‌ സർക്കാർ കാപ്പി  സംഭരിക്കുന്നതോടെ ഈ പ്രതിസന്ധിക്കാണ്‌ പരിഹാരമാകുന്നത്‌. 

സ്വപ്‌നം പൂവണിയുന്നു മെഡിക്കൽ കോളേജിന്‌ 300 കോടി

ജില്ലയുടെ  ചിരകാലാഭിലാഷമായ മെഡിക്കൽകോളേജ്‌ യാഥാർഥ്യമാകുന്നു. ബജറ്റിൽ 300 കോടി രൂപ നീക്കിവെക്കുകയും കോളേജ്‌ തുടങ്ങാനാവശ്യമായ  തസ്‌തികകൾ അനുവദിക്കുക കൂടി  ചെയ്‌തതോടെ ‌ ജില്ലയുടെ സ്വപ്‌ന പദ്ധതി ഉടൻ നടപ്പാകും.  പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി ഹീമോ ഗ്ലോബിനോപ്പതി റിസർച്ച്‌ ആൻഡ്‌‌ കെയർ സ്ഥാപിക്കാനുള്ള തീരുമാനവും ജില്ലക്ക്‌ സംസ്ഥാന സർക്കാരിന്റെ കരുതലായി. അരിവാൾ രോഗം ഉൾപ്പെടെയുള്ള രക്തജന്യരോഗികൾക്ക്‌ ഏറെ ആശ്വാസം പകരുന്നതാണ്‌ സർക്കാർ തീരുമാനം.

 എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെയാണ്‌ ഫയലിലുറങ്ങിയ  വയനാട്‌ മെഡിക്കൽ കോളേജിന്‌ ജീവൻ വെച്ചത്‌‌.  മടക്കിമലയിൽ കണ്ടെത്തിയ   ഭൂമി ഏറ്റെടുത്തതും റോഡ്‌ നിർമാണം തുടങ്ങിയതും എൽഡിഎഫ്‌ സർക്കാരാണ്‌. കിഫ്‌ബി്യിൽ 650 കോടി രൂപ  നിർമാണത്തിനായി നീക്കിവെച്ചു. 

2018 ആഗസ്‌ത്‌ 17ന്‌ തറക്കല്ലിട്ട്‌ പ്രവർത്തി ആരംഭിക്കാനും തീരുമാനിച്ചു. എന്നാൽ ‌ പ്രളയത്തിന്‌ ശേഷം ഈ ഭൂമിയിൽ നിർമാണം നടത്തുന്നത്‌  ജില്ല ദുരന്തനിവാരണഅഥോറിറ്റിയും  ഭൗമപഠനകേന്ദ്രവും തടഞ്ഞു. തുടർന്ന്‌ മറ്റൊരു ഭൂമി കണ്ടെത്തി നിർമാണം തുടങ്ങാൻ തീരുമാനിച്ചു. അതിനിടെ സർക്കാർ മെഡിക്കൽകോളേജിനായി  ഡിഎം വിംസ്‌ മെഡിക്കൽ കോളേജ്‌ വിട്ട്‌ നൽകാൻ മാനേജ്‌മെന്റ്‌ സന്നദ്ധത അറിയിച്ചു. എന്നാൽ വിംസ്‌ അധികൃതർ മുന്നോട്ട്‌വെച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി. 

തുടർന്നാണ്‌ ‌  വിംസ്‌ ഏറ്റെടുക്കേണ്ടെന്ന് സർക്കാർ‌ തീരുമാനിച്ചത്‌.  ഇതോടെ മെഡിക്കൽ കോളേജ്‌ ഉപേക്ഷിച്ചെന്ന രീതിയിൽ വലിയ പ്രചാരണമാണ്‌ യുഡിഎഫും അനുകൂല സംഘടനകളും നടത്തിയത്‌. അതിനുള്ള മറുപടി കൂടിയായി ബജറ്റ്‌ പ്രഖ്യാപനം.

No comments:

Post a Comment