Thursday, January 28, 2021

പ്രതിദിനം ഒരുലക്ഷം പരിശോധന, വാര്‍ഡ്‌തല സമിതികള്‍ പുനര്‍ജീവിപ്പിക്കും, പൊലീസ് നിരീക്ഷണം വ്യാപിപ്പിക്കും, രാത്രിയാത്രകള്‍ നിയന്ത്രിക്കും

 തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്നൊരു ചിന്ത പലരിലും വന്നിട്ടുണ്ട്. അത് അപകടരമാണ്. 10 ശതമാനത്തിന് മുകളിലേക്ക് പല ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വരുന്നു. രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം കൂടുകയാണ്. തികഞ്ഞ ജാഗ്രതവേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കും. അതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും. അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി രൂപീകരിച്ച വാര്‍ഡ്തല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു. സമിതിയിലുള്ള ഒരാള്‍ ഓരോഘട്ടത്തിലും വീടുകളിലെത്തിയിരുന്നു. ജനമൈത്രി പൊലീസ്, ആശാ വര്‍ക്കര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണത്. ആ സമിതി വീണ്ടും പുനര്‍ജീവിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് അംഗമായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ പൊലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്നയിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ജനുവരി 29മുതല്‍ ഫെബ്രുവരി 10വരെ 25000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കലാണ് പ്രധാനം.

രോഗവ്യാപനത്തിന് ഇടയാകുന്ന തരത്തിലുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ ഹാളുകളില്‍ വലിയ ആള്‍ക്കൂട്ടം അനുവദിക്കില്ല. നിയന്ത്രണങ്ങളില്‍ അയവ് നല്‍കിയപ്പോള്‍ അതില്‍ പങ്കാളിത്തം പലയിടത്തും പരിമിതപ്പെടുത്തിയില്ല.

നേരത്തേ രാത്രിയാത്ര നിരോധിച്ചിരുന്നു. ഇപ്പോള്‍ നിരോധനത്തിന് സര്‍ക്കാര്‍ മുതിരുന്നില്ല. എന്നാല്‍ 10 മണിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ രാത്രി യാത്ര പാടുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്കകത്ത് നിന്നാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ നടത്തിയ പഠനം പറയുന്നു. എവിടെയും ശ്രദ്ധ കുറയാന്‍ പാടില്ല എന്നാണ് വ്യക്തമാകുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ രോഗം കണ്ടെത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മാസ്‌ക് ഉപയോഗം വര്‍ധിച്ചിരുന്നതാണെങ്കിലും അടുത്ത നാളുകളില്‍ കുറഞ്ഞു.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്. അതേസമയം ടെസ്റ്റ് പെര്‍മില്യണും കേരളത്തില്‍ കൂടുതലാണ്. എന്നാല്‍ അതിനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മരണനിരക്ക് താരതമ്യേന കുറവാണ്. 10 ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. ഈ മാസം ഒരാഴ്ച്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായി. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ എങ്ങനെ കൂടി എന്ന് പലരും ചോദിക്കുന്നു. പൊതുആരോഗ്യത്തില്‍ മികച്ച നിലയിലുള്ള സ്‌കാന്‍ഡിനേവിയവന്‍ രാജ്യങ്ങളില്‍ പോലും ഇപ്പോഴും കോവിഡ് വ്യാപനം വിട്ടുപോയില്ല. ജനസംഖ്യയുടെ 3ല്‍ താഴെ ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. കൈകാര്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് രോഗം പടര്‍ന്നില്ല എന്നത് നമ്മുടെ ജാഗ്രതയുടെ നേട്ടം തന്നെയാണിത്. ഏത് വിമര്‍ശനം ഉണ്ടായാലും കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. യഥാര്‍ത്ഥ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ വെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment