കോൺഗ്രസിലെ കുടുംബവാഴ്‌ചയ്‌ക്ക് ഒരുകാരണവശാലും മാറ്റമുണ്ടാകില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായി പ്രവർത്തകസമിതി യോഗം. ബിജെപിയെ ചെറുക്കാനാകും വിധം പാർടിയിൽ അടിമുടി മാറ്റം ആവശ്യപ്പെടുന്നവരെ വർത്തകസമിതിയിലെ കുടുംബവാഴ്‌ച വാദികൾ വീണ്ടും അടിച്ചിരുത്തി. സോണിയ അല്ലെങ്കിൽ രാഹുൽ എന്ന തരത്തിൽ കോൺഗ്രസിലെ കുടുംബവാഴ്‌ച അരയ്‌ക്കിട്ടുറപ്പിക്കുന്നത് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ്. കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിലുള്ള ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമെല്ലാം ഈ സംഘത്തിന്റെ ഭാഗമാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുലിന്റെ മനസ്സ് മാറ്റാനുള്ള ശ്രമത്തിലാണ് കുടുംബവാഴ്‌ച വാദികൾ. എന്നാൽ, അധ്യക്ഷപദവി ഏറ്റെടുക്കാനുള്ള ധൈര്യത്തിലേക്ക് രാഹുൽ എത്തിയിട്ടില്ല. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വന്നാലും മതിയെന്ന വാദത്തോട്സോണിയ യോജിക്കുന്നില്ല. അനാരോഗ്യം അലട്ടുന്ന സോണിയ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ താൽപ്പര്യപ്പെടുകയുമാണ്.
രാഹുലിന് മനംമാറ്റമുണ്ടാകുംവരെ അധ്യക്ഷതെരഞ്ഞെടുപ്പ് നീട്ടുകയെന്ന തന്ത്രമാണ് ആന്റണിയടക്കമുള്ളവർ പയറ്റുന്നത്. കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ ആഗസ്‌തിൽ കത്തയച്ചപ്പോൾ കുടുംബവാഴ്‌ച വാദികൾ ഞെട്ടി. കത്ത് മാധ്യമങ്ങൾക്ക് ചോർത്തി ഇവർ തന്നെ ഇത് വിവാദമാക്കുകയും അച്ചടക്കലംഘനമെന്ന ഭീഷണി കത്തയച്ചവർക്കെതിരായി ഉയർത്തുകയും ചെയ്‌തു. ഏത് നടപടിയും നേരിടാൻ ഒരുക്കമെന്ന് ഗുലാംനബി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ അച്ചടക്കനടപടി എന്ന ഉമ്മാക്കി കുടുംബവാഴ്‌ച വാദികൾ മടക്കി. സ്വതവേ ദുർബലമായ ഘട്ടത്തിൽ ഇരുപതിലേറെ മുതിർന്ന നേതാക്കൾക്കെതിരായി നടപടിയെടുത്താലുണ്ടാകുന്ന പ്രത്യാഘാതം ആന്റണിക്കും സംഘത്തിനും ബോധ്യമുണ്ട്.
ഒടുവിൽ സോണിയ തന്നെ കത്തയച്ചവരുമായി ചർച്ച നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താമെന്ന ഉറപ്പ് നൽകി. വെള്ളിയാഴ്‌ച ചേർന്ന പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് പൊതുവിലുണ്ടായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് അതോറിറ്റി തലവനായ മധുസൂദൻ മിസ്‌ത്രിയെ സ്വാധീനിച്ച കുടുംബവാഴ്‌ച വാദികൾ തെരഞ്ഞെടുപ്പ് മെയ് അവസാനത്തിലേക്ക് മാറ്റി. കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമായി പറഞ്ഞത്.
സംഘടനാമാറ്റം അനന്തമായി നീട്ടുകയാണ് കുടുംബവാഴ്‌ച വാദികളെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രവർത്തകസമിതിയിൽ ഗുലാംനബി അടക്കമുള്ളവർ പൊട്ടിത്തെറിച്ചതും വാക്‌പോരിലേക്ക് നീങ്ങിയതും.
തമ്മിലടിച്ച് ‘ഭക്തരും' വിമതരും ; അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കണമെന്ന് കത്തയച്ച നേതാക്കൾ
അധ്യക്ഷനെ ചൊല്ലി തമ്മിലടി തുടരവെ സംഘടനാതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാന്‍ വിളിച്ച ഓൺലൈന്‍ പ്രവർത്തകസമിതി യോഗത്തിലും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാക്‌പോര്. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ ഉടൻ കണ്ടെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ കേരളത്തിലടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുമതി അധ്യക്ഷതെരഞ്ഞെടുപ്പെന്ന് എ കെ ആന്റണി അടക്കമുള്ള കുടുംബവാഴ്‌ചാവാദികൾ ആവശ്യപ്പെട്ടു.
ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, മുകുൾ വാസ്‌നിക്ക്, പി ചിദംബരം എന്നിവരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി വാദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം നാഥനില്ലാത്ത നിലയിലാണ് കോൺഗ്രസ്. രണ്ടുവർഷത്തോളം അധ്യക്ഷനില്ലാത്ത അവസ്ഥ പരിതാപകരമാണെന്നും ഗുലാംനബി അടക്കമുള്ള നേതാക്കൾ തുറന്നടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞുമതി സംഘടനാ തെരഞ്ഞെടുപ്പെന്ന ആന്റണിയുടെ നിലപാടിനെ ഉമ്മൻ ചാണ്ടി, അശോക് ഗെലോട്ട്, അമരീന്ദർ സിങ്, താരിഖ് അൻവർ തുടങ്ങിയവർ പിന്തുണച്ചു. തർക്കം നീണ്ടപ്പോൾ എത്രയും വേഗം ഇത് അവസാനിപ്പിക്കാനും കർഷകസമരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും രാഹുൽ ആവശ്യപ്പെട്ടു. തുടര്‍ന്ന്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന തീരുമാനത്തിലേക്ക് പ്രവർത്തകസമിതി എത്തി. ജൂണോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കോൺഗ്രസിനുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മെയ് 29ന് എഐസിസി സമ്മേളനവും പ്രസിഡന്റ് തെരഞ്ഞെടുപ്പുമെന്ന നിർദേശമാണ് മധുസൂദൻ മിസ്‌ത്രിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പ്രവർത്തകസമിതി മുമ്പാകെ വച്ചത്.
അർണബിനെതിരെ ജെപിസി അന്വേഷണം വേണം
ബാർക്ക് മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയുമായുള്ള വാട്‌സാപ് ചാറ്റുകളിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രഹസ്യങ്ങൾ പങ്കുവച്ചതിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ജെപിസി സമയബന്ധിതമായി വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും പ്രവർത്തകസമിതി പ്രമേയത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതായും മറ്റുള്ളവർക്ക് രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റ് നൽകുന്നവർ ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കയാണെന്നും സോണിയ ഗാന്ധി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് മറ്റൊരു പ്രമേയത്തിൽ പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
എം പ്രശാന്ത്
No comments:
Post a Comment