Sunday, January 24, 2021

വിതരണം മുതല്‍ പാര്‍ട്ടി ചുമതല വരെ: ദേശാഭിമാനി ഓര്‍മ്മകള്‍ പങ്കുവെച്ച് എം എം ലോറന്‍സ്

ദേശാഭിമാനി ദിനപ്പത്രത്തിന്റെ ആദ്യകാലം മുതല്‍ പത്രവുമായി  പുലര്‍ത്തുന്ന വൈകാരിക ബന്ധം പങ്കുവെച്ച് മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സ്.  ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് താഴെ: (ദേശാഭിമാനി ലേഖകൻ ആയി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ എറണാകുളം ജില്ലാ മോട്ടർ ട്രാൻസ്‌പോർട്ട് ഓണേഴ്‌സ് അസോസിയേഷൻ അനുവദിച്ച സൗജന്യ യാത്രപാസിന്റെ ചിത്രവും പോസ്റ്റിനൊപ്പം ഉണ്ട്.

എഴുപത്തിയഞ്ചാം വയസ്സിൽ പ്രസരിപ്പോടെ ദേശാഭിമാനി ദിനപ്പത്രം.!


ദേശാഭിമാനി ഒരു വാരിക ആയാണ് ആദ്യം തുടങ്ങിയത്. അക്കാലത്തെ പാർട്ടി മെംബെർമാർ പത്രത്തിന്റെ പ്രചാരണവും, കഴിയുന്നത്ര ആളുകളെ പത്രത്തിന്റെ വരിക്കാ


ർ ആക്കി തീർക്കുകയും ചെയ്യുക എന്നതും പ്രാമുഖ്യം നൽകിയ കടമകളായി കണക്കാക്കിയിരുന്നു. അന്ന് വിദ്യാർത്ഥി ആയിരുന്ന ഞാൻ, കൂടെ പഠിച്ചിരുന്ന വാസുവിനൊപ്പം ദേശാഭിമാനി വിൽപ്പന നടത്തിയിരുന്നു.

 കോഴിക്കോട് നിന്നും മാത്രമാണ് ആദ്യക്കാലത്ത് പത്രം അച്ചടിച്ചു വന്നിരുന്നത്. കോഴിക്കോട് നിന്നും എറണാകുളം ക്ളോത് ബസാർ റോഡിൽ ഉണ്ടായിരുന്ന 'പീപ്പിൾസ് ബുക് ഹൗസി'ലാണ് പത്രം എത്തിയിരുന്നത്. ഏതാണ്ട് പാർട്ടി ഓഫിസ് പോലെയാണ് അത് പ്രവർത്തിച്ചിരുന്നത്. പാർട്ടി പ്രവർത്തകനായ മാറായിൽ നാരായണൻ കുട്ടി മേനോൻ ആയിരുന്നു ബുക്ക് ഹൗസ് മാനേജർ. വാസുവും ഞാനും പത്രം പ്രചരിപ്പിച്ചിരുന്നതും വിൽപ്പന നടത്തിയിരുന്നതും ഞങ്ങളുടെ നാടായ മുളവുകാട് കരയിലായിരുന്നു.

മുളവുകാട് കര ഏതാണ്ട് ആറേമുക്കാൽ കിലോമീറ്റർ നീളമുള്ള ഒരു ദ്വീപാണ്.

എറണാകുളത്തു പാർട്ടി ഓഫീസിൽ നിന്നും കടത്തു ബോട്ടിന് പോഞ്ഞിക്കരയിൽ പത്രം എത്തിച്ച ശേഷം ഞങ്ങൾ ഇരുവരും പത്ര കെട്ടുകളുമായി വടക്കോട്ട് ഓടും. കുടുംബപരമായി നാട്ടിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ പത്ര പ്രചാരണത്തിന് നന്നായി ഉപയോഗിക്കാൻ ഞാൻ ശ്രമിച്ചു. കയ്യിൽ കാശുള്ള പരിചയക്കാരെ കൊണ്ട് പത്രം വാങ്ങിപ്പിക്കും. ചിലരെ വരിക്കാരുമാക്കും. പത്രം വിറ്റു കിട്ടുന്ന കമ്മീഷൻ കൊണ്ട് പാർട്ടി സാഹിത്യങ്ങളും വാങ്ങും.

സെൽ (ഇന്ന് 'സെൽ' അല്ല 'ബ്രാഞ്ച്' ആണ് അടിസ്ഥാന ഘടകം; അംഗസംഖ്യ കൂടുതലുമാണ്) മെമ്പർ ആയിരുന്ന കാലം മുതൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ കൈയിൽ കരുതുന്ന ബാഗിൽ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും കരുതും. പരിപാടിയിൽ ഞാൻ പ്രസംഗിക്കാൻ കയറുംവരെ ഇവ വിൽപ്പന നടത്തും. ഞാൻ പ്രസംഗിക്കുമ്പോൾ മറ്റാരെങ്കിലും അതുമായി വിൽപ്പന നടത്തും.

 കമ്മ്യൂണിസ്റ്റ് ആശയഗതി പ്രചരിപ്പിക്കുക, പാർട്ടിയെ വളർത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനാൽ എല്ലാ പ്രവർത്തനങ്ങളും പാർട്ടിയെ കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്. അതിൽ പാർട്ടിയുടെ മുഖപത്രത്തിന് ഉള്ള പ്രാധാന്യം ചെറുതായിരുന്നില്ല.

 കോഴിക്കോട് നിന്നും മാത്രം ഇറങ്ങിയിരുന്ന ദേശാഭിമാനി പത്രത്തിന്റെ ഒരു എഡിഷൻ (1969) എറണാകുളത്തു നിന്ന് കൂടി ആരംഭിക്കാൻ തീരുമാനിച്ചു. അന്ന്, സഖാവ് ഇ.എം.എസ് ആയിരുന്നു പത്രാധിപർ. ഞാൻ അന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. എഡിഷൻ തുടങ്ങാൻ ആവശ്യമായ പണം കണ്ടെത്താൻ പാർട്ടി ജില്ല കമ്മിറ്റി എന്നെ ചുമതലപെടുത്തി. (ഓരോ ജില്ലയിലും പത്രം തുടങ്ങാൻ വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ അതത് ജില്ലാ കമ്മിറ്റികൾ സ്വരൂപികണം എന്ന തീരുമാനം ഉണ്ടായിരുന്നു. അങ്ങനെ തയ്യാറാകുന്ന ജില്ലയിൽ മാത്രമേ പുതിയ എഡിഷൻ തുടങ്ങുകയുള്ളൂ എന്നും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.).

 ചുമതല എന്നെ ഏൽപിച്ചപ്പോൾ " ഇ.എം. കൂടി ഉണ്ടാകണം", എന്ന് ഞാൻ ആവശ്യപ്പെട്ടു. "ഞാൻ കൂടെ വരാം!", എന്ന് ഇ.എം.എസ് അപ്പോൾ തന്നെ സമ്മതിക്കുകയും ചെയ്തു. അങ്ങനെ എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ആളുകളെ കണ്ട് പത്രത്തിന്റെ എഡിഷൻ തുടങ്ങാൻ ഉള്ള സാമ്പത്തിക സഹായം സ്വരൂപിക്കാൻ തീരുമാനിച്ചു. പാർട്ടി ജില്ലാ കമ്മിറ്റിയുടെ കാറായ 'KLE 8588' അംബാസിഡറുമായി ഞങ്ങൾ യാത്ര തുടങ്ങി. സംഭാവനയായോ കടമായോ പണം സ്വരൂപിക്കാൻ ആണ് ഉദ്ദേശിച്ചത്.

 ഞങ്ങൾ ആദ്യം പോയത്, തൃപ്പൂണിത്തുറ വഴി പിറവത്തേക്ക് ആയിരുന്നു. പിറവത്തെ മത്തായി ചേട്ടനെ ആദ്യം കാണാൻ തീരുമാനിച്ചു (മട്ടാഞ്ചേരിയിൽ മലഞ്ചരക്ക് കച്ചവടം നടത്തുന്നതിന് ഇടനിലക്കാരനായി പ്രവർത്തനം നടത്തിയിരുന്ന ആളാണ് മത്തായി ചേട്ടൻ. ഉശിരൻ കമ്മ്യൂണിസ്റ്റ്കാരനായിരുന്ന അദ്ദേഹത്തെ 'സ്റ്റാലിൻ മത്തായി" എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്). എന്നാൽ പോകുന്ന വഴി സ. ഇ.എം.എസ്ന് അടുപ്പമുള്ള ഒരു നമ്പൂതിരിയുടെ വീട്ടിൽ കയറി അദ്ദേഹം തന്നെ സംഭാവന ചോദിച്ചു. അപ്പോൾ കൈയിൽ ഇല്ലെന്നും പണം എത്തിച്ചേക്കാമെന്നും അവർ ഉറപ്പ് നൽകി. അവിടെ നിന്ന് നേരെ മത്തായി ചേട്ടന്റെ വീട്ടിലേക്ക് പോയി. മത്തായി ചേട്ടൻ സാമ്പത്തിക കഴിവുള്ള ചില ആളുകളെ കാണാൻ ഞങ്ങളെ കൂട്ടികൊണ്ട് പോയി.

 അവിടെ, ഒരു കുന്നിന്റെ മുകളിൽ ആ സമയത്ത് പാടത്തു നിന്നും കൊയ്തു കൊണ്ടുവന്ന കറ്റകൾ കുറച്ചു സ്ത്രീകൾ ചേർന്ന് മെതിക്കുന്ന സമയമായിരുന്നു അത്. വണ്ണമുള്ള വൃദ്ധനായ ഒരാൾ ഇതിന്റെയെല്ലാം മേൽനോട്ടം വഹിച്ചുകൊണ്ട് അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. മുട്ട് വരെ എത്തുന്ന തോർത്തു മാത്രം ധരിച്ച് കൊണ്ട്, അരയിൽ ഒരു നൂലിൽ വലിയ താക്കോൽ കൂട്ടവും കെട്ടിത്തൂക്കി നിന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് മത്തായി ചേട്ടൻ ഞങ്ങളെ എത്തിച്ചു. "എന്താ മത്തായി വന്നത്..?" കാർന്നോര്, മത്തായി ചേട്ടനോട് ചോദിച്ചു. ആ പ്രദേശത്തെ ഏറ്റവും ധനാഢ്യനായിരുന്നു അദ്ദേഹം. വളരെ ഭവ്യതയോടെയാണ് മത്തായി അദ്ദേഹത്തിന്റെ മുന്നിൽ നിന്നത്.

മത്തായി ഞങ്ങളെ ഇരുവരെയും പരിചയപ്പെടുത്താൻ തുടങ്ങി: "ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്,.. ഇത് ജില്ലയിലെ നേതാവ് എം എം ലോറൻസ്... ".

അവിടെ ഒരു അരമതിൽ ഉണ്ടായിരുന്നു. അതിന് മുകളിൽ ഒരു കാലെടുത്തു കയറ്റിവെച്ചു നിന്നുകൊണ്ട് കാർന്നോർ "..എന്താ വന്നത്?" എന്ന് ഗൗരവം വിടാതെ വീണ്ടും ചോദിച്ചു.

"എറണാകുളത്തു നിന്ന് ഞങ്ങളുടെ പാർട്ടിയുടെ മുഖപത്രം ഒരു എഡിഷൻ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ധാരാളം പണം ആവശ്യമുണ്ട്. ചേട്ടനെ പോലുള്ള ആളുകളെ കണ്ടു സഹായം ചോദിക്കാൻ ആണ് ഞങ്ങൾ വന്നത്. കഴിയുന്നത്ര സംഭാവന നൽകി സഹായിക്കണം.. സംഭാവന നൽകാൻ കഴിയില്ലെങ്കിൽ കടമായി തന്നാലും മതി... ഞങ്ങൾ അത് വീട്ടികോളാം..!" മത്തായി പറഞ്ഞു.

"അതേയ് .. എന്റെ കൈയിൽ ഒന്നുമില്ല. ഞാൻ മക്കളുടെ മേൽനോട്ടക്കാരൻ മാത്രമാണ്. പണം കൊടുക്കാൻ ഉള്ള അധികാരമൊന്നും എനിക്കില്ല..", കാർന്നോർ പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന്റെ ഒരു കാല് അരമതിലിൽ തന്നെയാണ് !. മുൻമുഖ്യമന്ത്രിയും ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ് നെ കുറിച്ച് കാർന്നോർക്ക് അറിയില്ലായിരുന്നു. കർന്നോരേക്കാൾ എത്രെയോ വലിയ സമ്പത്തിന് ഉടമയായിരുന്നു ഇ.എം.എസ് എന്നും അറിയില്ലായിരുന്നു. ഏതായാലും അവിടെ നിന്നും മടങ്ങി കൂത്താട്ടുകുളത്തേക്ക് ഞങ്ങൾ പോയി. പിരിവ് തുടർന്നു കൊണ്ടിരുന്നു. രണ്ടു ദിവസം കൊണ്ട് നിർമ്മാണം ആരംഭിക്കാൻ ഉള്ള പണം കണ്ടെത്താൻ കഴിഞ്ഞു. പിന്നീട് നിർമ്മാണത്തിനിടെയാണ് ദേശാഭിമാനി എറണാകുളം എഡിഷൻ പൂർത്തീകരിക്കാൻ ആവശ്യമായ പണം കണ്ടെത്താനായത്.

പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ദേശാഭിമാനിയുടെ ചാർജ് കുറേക്കാലം എനിക്കുണ്ടായിരുന്നു. 1960കളിൽ ദേശാഭിമാനി ലേഖകൻ ആയി ഞാൻ പ്രവർത്തിച്ചിരുന്നു. അതിനിടെ പാർട്ടിയുടെ മറ്റൊരു പത്രമായ ജനയുഗം തുടങ്ങിയിരുന്നു. എൻ. ഗോപിനാഥൻ നായരായിരുന്നു അതിന്റെ പ്രഥമ പത്രാധിപർ. 1953 മുതൽ ദിനപത്രമായി ജനയുഗം പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.

എറണാകുളം എഡിഷൻ മാതൃകയിൽ 8 എഡിഷനുകൾ പിന്നീട് ഉണ്ടാക്കി. ഇപ്പോൾ കേരളത്തിൽ 10 എഡിഷനുകൾ ദേശാഭിമാനിക്ക് ഉണ്ട്. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട്, കണ്ണൂർ, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ എഡിഷനുകൾ ഇപ്പോഴുണ്ട്.

1946ൽ ദേശാഭിമാനി വാരിക, ദിന പത്രമായത് പാർട്ടി പ്രവർത്തകരെ ഏറെ ആഹ്ലാദപ്പിച്ചു. തങ്ങളുടെ ശക്തി അതോടെ വർദ്ധിച്ചു എന്ന് പാർട്ടി പ്രവർത്തകർ കണക്കാക്കി. മനോരമ, മാതൃഭൂമി തുടങ്ങിയ പ്രധാന മലയാള പത്രങ്ങൾ പാർട്ടിയെ സംബന്ധിച്ചോ, തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങൾ സംബന്ധിച്ചോ, പാർട്ടിയോ ട്രേഡ് യൂണിയനോ ഏറ്റെടുത്തു നടത്തുന്ന സമരങ്ങളെ കുറിച്ചോ, കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ചോ, പാർട്ടിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചോ ഒന്നും തന്നെ റിപ്പോർട്ടുകൾ നൽകുമായിരുന്നില്ല. ഇത്തരം വിഷയങ്ങളിൽ കൊടുക്കുന്ന റിപ്പോർട്ടുകളും അപ്രധാന്യത്തോടെ ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. 25000 പേര് പങ്കെടുത്ത പരിപാടി ആണെകിൽ 250 പേര് പങ്കെടുത്തു എന്ന നിലയിൽ മാത്രമേ റിപ്പോർട്ട് നല്കുമായിരുന്നുള്ളൂ. അത് ലേഖകന്മാരുടെ കുറ്റമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തമായി എതിർക്കുന്ന പത്ര മുതലാളിമാർ ആയിരുന്നു അതിന് കാരണം. പാർട്ടിക്ക് ജനങ്ങൾക്ക് ഇടയിൽ സ്വാധീനം വർധിക്കുന്നത് പത്ര മുതലാളിമാരോ, മറ്റ് സ്ഥാപന മുതലാളിമാരോ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ പത്രം നടത്തിയിരുന്നത് തൊഴിലാളി വർഗത്തെ ദുർബലപ്പെടുത്താനും തോൽപ്പിക്കാനും ആയിരുന്നു. പാർട്ടിയെ സംബന്ധിച്ച യഥാർത്ഥ വസ്തുതകളും വാർത്തകളും വന്നു തുടങ്ങിയത് 'ദേശാഭിമാനി' ദിനപ്പത്രമായി മാറിയതിനെ തുടർന്നാണ്.

ജനങ്ങളിൽ നിന്നും പണം പിരിച്ചാണ് പത്രം തുടങ്ങിയതും അതിനെ വളർത്തി കൊണ്ടുവന്നതും. പാർട്ടിക്ക് വേണ്ടി പണം പിരിക്കുന്ന മാതൃകയിൽ ദേശാഭിമാനിക്ക് വേണ്ടിയും ജനങ്ങളിൽ നിന്ന് പ്രത്യേകമായ ഫണ്ട് പ്രവർത്തകർ സ്വരൂപിച്ചു. അതിനാൽ എല്ലാ നിലയ്ക്കും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തന്നെ രൂപീകരിച്ച മാധ്യമ സ്ഥാപനം തന്നെയാണ് ദേശാഭിമാനി. ആദ്യ ഘട്ടത്തിൽ കുറെ കാലം ദേശാഭിമാനിയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കില്ലായിരുന്നു. പരസ്യം കൊടുക്കാത്ത വരുമാനം കൊണ്ടുമാത്രം പത്രം നിലനിർത്താൻ കഴിയുമായിരുന്നില്ല. പത്രത്തിന്റെ സാമ്പത്തിക പ്രയാസം സംബന്ധിച്ച് ചർച്ചകൾ പാർട്ടിയിൽ ഉയരുന്ന ഘട്ടത്തിൽ ഈ വിഷയം ഞാൻ ഉന്നയിച്ചിട്ടുണ്ട്. പിന്നീട്, ദേശാഭിമാനിയിൽ പരസ്യം കൊടുക്കാൻ തീരുമാനിച്ചു.

അടിയന്തരാവസ്ഥ വന്നപ്പോൾ ദേശാഭിമാനി പത്രത്തെ സർക്കാർ കഴിയുന്നത്ര കൂച്ചുവിലങ്ങിലാക്കുകയുണ്ടായി. കേവലം വാർത്തകൾ അറിയാൻ ഉള്ള ഒരു ഉപകരണം മാത്രമല്ല ദേശാഭിമാനി പത്രം. വായിക്കുന്നവരെ പഠിപ്പിക്കുകയും അവർക്ക് രാഷ്ട്രീയ പ്രബുദ്ധതയും ഐക്യബോധവും സംഘടനാ ബോധവും നൽകുന്ന പത്രമാണ് ദേശാഭിമാനി. അധ്വാനിക്കുന്ന വർഗത്തിന്റെ പടവാൾ ആണ് ദേശാഭിമാനി പത്രം.

വർഗ സമരത്തിന് പത്രമാദ്ധ്യമം കൂടിയേ തീരൂ. അതിന്റ പ്രചാരണവും ഉള്ളടക്കവും കാലോചിതമായി മെച്ചപ്പെടുത്തുക എന്നത് ഒഴിച്ചുകൂടാൻ വയ്യാത്തതുമാണ്. ഇതെല്ലാം മനസിലാക്കിയത് കൊണ്ടാണ് മാർക്സും ഏഗല്സും ചേർന്ന് അക്കാലത്ത് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ മറുഭാഗത്ത് പാർട്ടിയെ എതിർക്കുന്നവരുടെ ആശയഗതിയും നിലപാടും ഒക്കെ നല്ലവണ്ണം മനസ്സിലാക്കിയാൽ മാത്രമേ ശരിയായ രാഷ്ട്രീയത്തിലേക്ക് എത്താനും അതിലേക്ക് നയിക്കാനും സാധിക്കുകയുള്ളു. അതിനാൽ 'പാർട്ടിക്കാർ ദേശാഭിമാനി പത്രമല്ലാതെ മറ്റൊരു പത്രവും വായിക്കരുത്' എന്ന് പറയുന്നതിനോട് യോജിപ്പില്ല. എന്നാൽ അതിന്റെ പ്രചാരകരാകേണ്ട ആവശ്യവുമില്ല.

ദേശാഭിമാനിയുടെ ആരംഭം മുതൽ അതുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിച്ചു. പന്തളം പി. ആർ. മാധവൻപിള്ള ചീഫ് എഡിറ്റർ ആയി എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പാർട്ടിയുടെ 'നവലോകം' പത്രം ഉണ്ടായിരുന്നപ്പോൾ അതിന്റെ മാനേജരായും ഞാൻ കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. വലിയ സമ്പന്നനായിരുന്ന സ. ജോസഫ്‌ തെള്ളി (തെള്ളി സർ) അതിനായി പണം മുടക്കി.

ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും ഇപ്പോൾ ഇല്ലെങ്കിലും ഇപ്പോഴും ദേശാഭിമാനിയുമായി ബന്ധം തുടരുന്നു. ആ ബന്ധം ഒരു വികാരമായി ഞാൻ കണക്കാക്കുന്നു.

(ദേശാഭിമാനി ലേഖകൻ ആയി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ എറണാകുളം ജില്ലാ മോട്ടർ ട്രാൻസ്‌പോർട്ട് ഔനേഴ്‌സ് അസോസിയേഷൻ അനുവദിച്ച സൗജന്യ യാത്ര പാസ്സ് ആണ് ചിത്രത്തിൽ) 

No comments:

Post a Comment