അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ 25,000 കോടി രൂപയുടെ നിർമാണങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂർ- തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലം നിർമിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷനാണ് 251.48 കോടി മുതൽമുടക്കുള്ള പ്രവൃത്തികളുടെ നിർമാണ ചുമതല. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിർമാണം. എല്ലായിടത്തും രണ്ടുവരി നടപ്പാതയും ഉണ്ടാകും. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റിലും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലിലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ് നിർമിക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ നിർമാണമാണ്. കിഫ്ബി, റീബിൽഡ് കേരള, കെഎസ്ടിപി, വാർഷിക പദ്ധതികൾ എന്നിവ വഴി 25,000 കോടി രൂപയുടെ നിർമാണങ്ങളാണ് പുരോഗമിക്കുന്നത്. 2021–-22 ൽ 10,000 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കും. ഈ വർഷം 8383 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ജില്ലകളിൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനത്തിന് അര്‍ഹമായ വിഹിതം അനുവദിക്കണം: ജി സുധാകരന്‍
തിരുവനന്തപുരം > കേരളത്തിന്റെ അടിസ്ഥാന റെയില്‍വേ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് 2021-2022 കേന്ദ്രബജറ്റില്‍ അര്‍ഹമായ വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് റെയില്‍വേയുടെ ചുമതലയുളള പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി ജി സുധാകരന്‍ കത്തയച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തത്വത്തിലുളള അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. അറുപത്തി ആറായിരം കോടി രൂപ ചെലവില്‍ റെയില്‍വേയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭക കമ്പനിയായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളള ഈ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിക്കുന്നതിനും 2021-2022 റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി വിഹിതം അനുവദിക്കുന്നതിനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് റെയില്‍വേയെ അറിയിച്ചിട്ടുളള സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്. 2013-ല്‍ തറക്കല്ലിട്ട റെയില്‍വേ കോച്ച് ഫാക്ടറിയുടെ പൂര്‍ത്തീകരണത്തിനും വിഹിതം അനുവദിക്കണം. എറണാകുളം-പൊന്നുരുന്നിയിലെ മാര്‍ഷലിംഗ് യാര്‍ഡ് കോച്ചിംഗ് ടെര്‍മിനലായും സ്റ്റേഷന്‍ സമുച്ചയമായും പുനര്‍നിര്‍മ്മിക്കണം. നേമം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിനും അര്‍ഹമായ വിഹിതം അനുവദിക്കണം. കൊച്ചുവേളി ഉള്‍പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നിന് അര്‍ഹമായ പരിഗണന നല്‍കണം. എറണാകുളം-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കി കേരളത്തിന്റെ റെയില്‍വേ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്സ് ഉള്‍പ്പെടെ അധിക ട്രെയിനുകള്‍ അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യവും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറ്റവും സഹായകരമാകുന്ന മെമു ട്രെയിനുകള്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ കൂടുതലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2021-22 കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കി ആവശ്യമായ വിഹിതം അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
No comments:
Post a Comment