മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തട്ടിക്കൂടി ഉണ്ടാക്കിയതാണ്. ഫെമ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള അവകാശം റിസര്‍വ്വ് ബാങ്കിനാണ്. മസാല ബോണ്ട് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗൈഡ്‌ലൈന്‍സ് ഉണ്ട്. അതുപ്രകാരം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിഫ്ബിക്ക് തന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
കിഫ്ബി സംസ്ഥാന സര്‍ക്കാരല്ല, ബോഡി കോര്‍പറേറ്റാണ്. അങ്ങനെയാണ് കേരള നിയമസഭ നിയമം പാസാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുത്തു. എന്നിട്ട് വിഡ്ഢിത്തം വിളമ്പുകയാണ്. ഏഴാം ഷെഡ്യുളിന്റെ ലംഘനമാണെന്നാണ് പറയുന്നത്. സുപ്രീംകോടതിയല്ലല്ലോ സിഎജി. ഇവിടെ വച്ച് അവസാനിപ്പിച്ചാല്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ഒരുപടി കൂടി കടന്ന് കിഫ്ബി വഴി വായ്പയെടുക്കുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും കാരണം സംസ്ഥാനം വായ്പയെടുക്കുന്നതിന് തുല്യമാണെന്നുമാണ് പറയുന്നത്. വായ്പ പണം തിരിച്ചടക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നാണ് പറയുന്നതിന്റെ ചുരുക്കം.
കൊച്ചി മെട്രോ , സിയാല്‍, പൊതുമേഖല സ്ഥാപനങ്ങള്‍, എന്നിവയെല്ലാം വായ്പ എടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നതിന് തുല്യമാണ്. വായ്പ അടച്ചില്ലെങ്കില്‍ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സിഎജി പറയുന്നു. ഏത് പൊതുമേഖല സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് ഏത് വായ്പ എടുത്താലും അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത വായ്പയായി മാറുന്നില്ല. അതിനാലാണ് ഗ്യാരണ്ടി നല്‍കുന്നതിന് പ്രത്യേക നിയമം ഉണ്ടാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനികളുണ്ട്. ഇവിടെയെല്ലാം സിഎജി ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിയില്‍ 1999 മുതല്‍ എട്ട് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പോര് നടത്തുകയാണിവിടെ ഉണ്ടായിട്ടുള്ളത്. അതും നടപടി ക്രമം തെറ്റിച്ചുകൊണ്ടാണ്. നിയമസഭയില്‍ പ്രിവിലേജ് കമ്മറ്റി റിപ്പോര്‍ട്ട് വരുന്നുണ്ടല്ലോ, അപ്പോള്‍ നോക്കാമെന്നും -ഐസക്ക് വ്യക്തമാക്കി
No comments:
Post a Comment