സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. ചര്‍ച്ചയില്‍ സംസാരിച്ച മുഖ്യമന്ത്രിയടക്കമുള്ളവര്‍ ശക്തമായ വാദങ്ങള്‍ നിരത്തി പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നല്‍കി.
അന്വേഷണ ഏജന്‍സി വഴിവിട്ട് പ്രവര്‍ത്തിക്കുകയും അതിന് കൂട്ടുനില്‍ക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.അന്വേഷണ ഏജന്‍സികള്‍ തീര്‍ക്കുന്ന തെറ്റായ കാര്യത്തെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രമേയത്തിന് മറുപടി പറഞ്ഞ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന്‌റെ ഗൂഢാലോചന ഒന്നൊന്നായി പൊളിച്ചു.
അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു
സര്‍ക്കാരിനെ അടിക്കാനാവാത്തതിനാല്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിയുകയാണെന്നും പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ആരോപിച്ചു.
ഇങ്ങനെയൊരു പ്രമേയം ചര്‍ച്ചചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വസ്തുതകള്‍ ഇല്ലാതെ കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്.യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തവയാണെന്നു് സ്പീക്കര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ഓരോ ആരോപണങ്ങള്‍ക്കും സ്പീക്കര്‍ അക്കമിട്ട് മറുപടി പറഞ്ഞു.
സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പ്രമേയം അവതരിപ്പിച്ച ഉമ്മര്‍ അടിച്ച അടി ബൂമറാങ് ആകും. ഏതെങ്കിലും പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി മറുപടി നല്‍കാന്‍ തനിക്ക് സമയമില്ല. അതുകൊണ്ടാണ് തനിക്കെതിരായ അരോപണങ്ങളോട് പ്രതികരിക്കാതിരുന്നത്. കേട്ടുകേള്‍വികളുടെ പേരില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം എന്നായിരിക്കും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമസഭയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതികളെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു. ലോഞ്ച് നവീകരണത്തില്‍ കുറ്റം കണ്ടെത്താന്‍ മാത്രമാണ് ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ വിളിക്കാതെ നല്‍കിയ നിര്‍മാണ പ്രവൃത്തികളുടെ പട്ടികയും അദ്ദേഹം വായിച്ചു. ടെണ്ടര്‍ ഒഴിവാക്കി നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കലിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന് വിവിധ എംഎല്‍എമാര്‍ നല്‍കിയ കത്തുകളും അദ്ദേഹം സഭയില്‍ വായിച്ചു.
ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഞാന്‍ സാമാന്യം അന്തസ്സുള്ള കുടുംബത്തില്‍ പിറന്ന ആളാണ്. വള്ളുവനാട്ടിലെ കുടിയാന്‍ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ച പിതാമഹനായ മാഞ്ചേരി രാമന്‍നായരുടെ ആ സംസ്‌കാരത്തിന്റെ ബലത്തില്‍ പറയുന്നു, നിങ്ങള്‍ പറയുന്നത് കാലം വിലയിരുത്തും. ചരിത്രം ഒരുദിവസം അവസാനിക്കാന്‍ പോകുന്നില്ല. അപവാദപ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ ഈ അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments:
Post a Comment