സംസ്ഥാനത്തെ ബ്ലോക്ക്‌തല സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചു. ആർദ്രം മിഷന്റെ ഭാഗമായി പിഎച്ച്‌സികൾ എഫ്‌എച്ച്‌സികളാകുകയും -ജനറൽ–ജില്ലാ–-താലൂക്ക് ആശുപത്രികളിൽ ഹൈടെക് സേവനങ്ങൾ ലഭ്യമാക്കുകയുംചെയ്‌ത പശ്‌ചാത്തലത്തിലാണ് സിഎച്ച്‌സികളിലെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നത്.
ഡോക്ടർമാർ കൂടും
സിവിൽസർജൻ സ്ഥാപന മേധാവിയാകും. കൂടാതെ അസി. സർജൻ–- 4, ജൂനിയർ കൺസൾട്ടന്റ്- പീഡിയാട്രീഷൻ–-1, ഫിസിഷ്യൻ–- 1, അസിസ്‌റ്റന്റ് ഡെന്റൽ സർജൻ–- 1 എന്നിങ്ങനെ ഡോക്ടർമാരുണ്ടാകണം. കൂടാതെ 10 സ്‌റ്റാഫ് നേഴ്‌സുണ്ടാകും. ഫാർമസിസ്‌റ്റ്–- 2, ലബോറട്ടറി ടെക്‌നീഷ്യൻ–- 2, ലബോറട്ടറി അറ്റൻഡന്റ്–- 1, ഒപ്‌റ്റോമെറ്റിസ്‌റ്റ്–- 1, റേഡിയോഗ്രാഫർ–-1, നേഴ്‌സിങ് അസിസ്‌റ്റൻഡ്–- 4, ഹോസ്‌പിറ്റൽ അറ്റൻഡർ–- 6, ക്ലർക്ക്–- 2, ഡ്രൈവർ–- 1, ഓഫീസ് അറ്റൻഡന്റ്–- 1 എന്നിങ്ങനെ തസ്‌തികകൾ വർധിക്കും.
പാർടൈം സ്വീപ്പർ, പബ്ലിക് ഹെൽത്ത് നേഴ്‌സ് സൂപ്പർവൈസർ, ബ്ലോക്ക് കോ ഓർഡിനേറ്റർ, ഹെൽത്ത് സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്‌തികകളും ഉണ്ടാകും.
കിടത്തി ചികിത്സ കൂട്ടും
ഒപി സമയത്തിനുശേഷം ‘കോൾ ഡ്യൂട്ടി’ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയാകും ഒപി സമയം. ഞായറാഴ്‌ച ഒപി പകൽ 1.30 വരെയും. ലബോറട്ടറി സേവനം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ലഭ്യമാകും. ഫാർമസി സേവനങ്ങൾ ഒപി സമയം മുഴുവൻ ലഭ്യമാക്കും.
ഗാർഹിക പീഡനം തടയൽ, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോക്‌സോ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കോ ലീഗൽ സേവനങ്ങളും മദ്യലഹരിയുടെ അളവ് നിർണയിച്ചുള്ള സർട്ടിഫിക്കറ്റും നൽകണം.
മറ്റു പ്രധാന സേവനങ്ങൾ
● പാലിയേറ്റീവ് കെയർ
● പുനരധിവാസം
● -കൂടുതൽ രോഗനിർണയ ഉപകരണങ്ങൾ
● പൊതുജനാരോഗ്യ പരിപാടികളുടെ ഏകോപനം
● മാനസിക രോഗികൾക്ക് ഡേ കെയർ
● തിരക്ക് കുറയ്‌ക്കാൻ ടോക്കൺ സംവിധാനം
● അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക പരിചരണം
● ജീവിത ശൈലീ രോഗചികിത്സ
എം വി പ്രദീപ്
No comments:
Post a Comment