സോളാർ ലൈംഗിക പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം യുഡിഎഫിന് ഊരാക്കുടുക്കാകുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസാണ് സിബിഐക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതികളായ കേസിൽ എല്ലാ ഘട്ടത്തിലും സൂക്ഷ്‌മതയോടെയാണ് സർക്കാർ ഇടപെട്ടത്. രാഷ്‌ട്രീയ പ്രതികാരം എന്ന ആരോപണത്തിന് ഇടകൊടുക്കരുതെന്ന നിർബന്ധം സർക്കാർ പുലർത്തി. എന്നാൽ, കേസിനെ രാഷ്‌ട്രീയമായി വഴിതിരിച്ചുവിടുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റെന്ത് പോംവഴി. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഇതിനായി കിണഞ്ഞു ശ്രമിക്കുകയാണ് യുഡിഎഫ്.
സോളാർ വൈദ്യുത സംരംഭവുമായി ബന്ധപ്പെട്ട് നിരവധിപേരിൽനിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിലൂടെയാണ് ലൈംഗിക പീഡനം പുറത്തറിഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും യുഡിഎഫ് മന്ത്രിമാരും നേതാക്കളും പണമിടപാടിൽ ഇടപെട്ടിരുന്നതായി പരാതിക്കാരി വെളിപ്പെടുത്തി. ഉമ്മൻചാണ്ടിയെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സോളാർ പ്രോജക്‌ടിൽ പണം മുടക്കിയതെന്ന് കോൺഗ്രസ് നേതാവ് മല്ലേലിൽ ശ്രീധരൻനായർ വ്യക്തമാക്കി. പ്രോജക്‌ടിന് യുഡിഎഫ് നേതാക്കളുടെ സഹായം തേടിയപ്പോഴാണ് പലവട്ടം ലൈംഗിക ചൂഷണത്തിന് ഇരയായതെന്നാണ് യുവതിയുടെ പരാതി. കസ്റ്റഡിയിലായിരുന്ന ഇരയുടെ മൊഴികളിൽ മാറ്റംവരുത്തി കേസുകൾ ഇല്ലാതാക്കാൻ യുഡിഎഫ് ഭരണത്തിൽ നടന്ന ശ്രമങ്ങൾ പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. പണമിടപാട് സംബന്ധിച്ച പരാതികൾ പലതും ഒത്തുതീർപ്പായെങ്കിലും അവശേഷിക്കുന്നവ സിവിൽ കോടതി വ്യവഹാരമായി തുടരുന്നുണ്ട്.
സോളാർ തട്ടിപ്പും ലൈംഗിക വിവാദവും കത്തിപ്പടർന്നതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയും ആരോപണ വിധേയരിലൊരാളുമായ ഉമ്മൻചാണ്ടിതന്നെയാണ് ജസ്‌റ്റിസ് ജി ശിവരാജനെ അന്വേഷണ കമീഷനായി നിയമിച്ചത്. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടുത്തിയതാകട്ടെ ഹൈക്കോടതി ഇടപെടലിലൂടെയും. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത് 2017 സെപ്‌തംബർ 26ന്. ഉമ്മൻചാണ്ടിക്കും സഹമന്ത്രിമാർക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ സുവ്യക്തമായ തെളിവുകളും നിഗമനങ്ങളുമാണ് ജുഡീഷ്യൽ കമീഷൻ നിരത്തിയത്. അഴിമതി വിജിലൻസും ലൈംഗിക പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പൊലീസും വിശദമായി അന്വേഷിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. കമീഷൻ റിപ്പോർട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്.
യുഡിഎഫ് സർക്കാരിനെ മുൾമുനയിൽ നിർത്തിയ സോളാർ കേസിൽ രാഷ്‌ട്രീയം കലരാതിരിക്കാനും പൊലീസിന്റെ സ്വതന്ത്രമായ അന്വേഷണത്തിൽ ഇടപെടാതിരിക്കാനും പിണറായി സർക്കാർ പുലർത്തിയ ജാഗ്രത ദൗർബല്യമായാണ് യുഡിഎഫ് കണ്ടത്. സോളാർ കേസിൽ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന് യുഡിഎഫ് നേതാക്കൾ വെല്ലുവിളിച്ചു. അപ്പോഴെല്ലാം കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് ശാന്തമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ലൈംഗികപീഡനം നടത്തിയവർ കൂടുതൽപേരുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ കണ്ടെത്തിയ ആറുപേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്. പീഡനം നടന്ന സ്ഥലവും ആ ദിവസങ്ങളിൽ പ്രതികളുടെയും ഇരയുടെയും സാന്നിധ്യവുമടക്കം സുപ്രധാനവും ശാസ്ത്രീയവുമായ തെളിവുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മുൻമന്ത്രി എ പി അനിൽകുമാർ, ബിജെപിയിലേക്ക് കൂടുമാറിയ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ ഇരയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ച് ഇര മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ലൈംഗിക പീഡനക്കേസുകളിൽ ഇരയുടെ താൽപ്പര്യം സംരക്ഷിക്കുക എന്ന നിലപാട് ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരിന് മറിച്ചൊന്നും ചെയ്യാനാകില്ല. ക്രൈംബ്രാഞ്ച് നിഷ്‌പക്ഷമായ രീതിയിൽ അന്വേഷണം തുടരുമ്പോൾ കേസിന് അടിസ്ഥാനമില്ലെന്നും രാഷ്‌ട്രീയപ്രേരിതമെന്നും പറഞ്ഞവർ, കേസ് സംസ്ഥാന പൊലീസിന്റെ ചുമതലയിൽനിന്ന് മാറുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. തികച്ചും നിയമപരമായ തീരുമാനത്തെ രാഷ്ട്രീയ വിവാദമാക്കി മാറ്റാനാണ് യുഡിഎഫിന്റെ ശ്രമം. കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഭരണവുമായി ബന്ധപ്പെട്ട വിഷയമല്ല;
ലൈംഗികാതിക്രമമാണ്. ഖജനാവിന് നയാപൈസ നഷ്‌ടം വന്നിട്ടില്ലെന്ന് വാദിച്ചവർ, ഇപ്പോൾ ലൈംഗിക പീഡനക്കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറയുന്നതിലെ ഇരട്ടത്താപ്പ് തിരിച്ചറിയണം. രാഷ്‌ട്രീയം പറഞ്ഞ് രക്ഷപ്പെടാമെന്ന ചിന്ത അവരുടെ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. കോടതിയെ സമീപിക്കില്ലെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്‌താവനതന്നെ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ തികച്ചും നിയമപരമാണെന്നതിന് തെളിവാണ്.
ഇതിനെല്ലാമപ്പുറം, പ്രതിക്കൂട്ടിൽ നിൽക്കുന്നവരുടെ രാഷ്‌ട്രീയ ഔന്നിത്യം വലിയ ധാർമിക പ്രതിസന്ധിയാണ് യുഡിഎഫിന് സൃഷ്‌ടിക്കുന്നത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽവച്ച് ലൈംഗിക പീഡനം നടത്തിയതിനാണ് ഇര കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. മറ്റൊരാൾ കേന്ദ്രമന്ത്രിയായിരിക്കെ ചെയ്‌ത ലൈംഗികാതിക്രമത്തിനാണ് അന്വേഷണം നേരിടുന്നത്. ഇദ്ദേഹത്തിനിപ്പോൾ എഐസിസിയുടെ സംഘടനാ ചുമതലയാണ്. ബലാത്സംഗത്തിന് കുറ്റാരോപിതനായ മറ്റൊരാൾ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. കേസന്വേഷണത്തിന്റെ സ്വാഭാവിക പരിണതി മാത്രമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ എടുത്ത തീരുമാനം. സിബിഐയെ രാഷ്‌ട്രീയമായി ദുരുപയോഗിക്കുന്ന പ്രശ്‌നം എൽഡിഎഫ് ഉയർത്താറുണ്ട്. എന്നാൽ, എല്ലായ്‌പ്പോഴും സിബിഐ അന്വേഷണത്തിന് മുറവിളി കൂട്ടുന്ന പ്രതിപക്ഷത്തിന്റെ ചുവടുമാറ്റം പരിഹാസ്യമാണ്.
ദേശാഭിമാനി മുഖപ്രസംഗം 260121
No comments:
Post a Comment