Monday, January 4, 2021

ജനവികാരം സര്‍ക്കാരിന് അനുകൂലം; യുഡിഎഫ് പ്രചരണത്തിന്റെ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മാധ്യമങ്ങള്‍ക്ക്‌ -അതിരൂപത മുഖമാസിക

 കൊച്ചി > എല്‍ഡിഎഫിനെ അഭിനന്ദിച്ചും യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചും എറണാകുളം-അങ്കമാലി അതിരൂപത. സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വികാരവും അപ്രതീക്ഷിതമായ രാഷ്ട്രീയ അടിയൊഴുക്കുകളുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്ന് അതിരൂപതയുടെ മുഖമാസികയായ സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കോവിഡ് പ്രതിരോധ നടപടികളിലൂടെയും ഭക്ഷ്യകിറ്റ്-ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലൂടെയും ജനങ്ങളുടെ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന പ്രതീതി ജനമദ്ധ്യേ നിരന്തരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നും 'സത്യദീപം' പറയുന്നു.

ക്ഷേമ പെന്‍ഷന്‍ വിതരണ വിജയം വലിയ നേട്ടമായി അവതരിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു കടന്നുപോയത്. കോവിഡ്, കേരളത്തെ മാസങ്ങളോളം അകത്തിരുത്തിയ വേളയില്‍ സര്‍ക്കാരിന്റെ അത്തരം നടപടികള്‍ ആശ്വാസകരമായി. ഇഡി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചോളം ഏജന്‍സികള്‍ ആറുമാസത്തിലധികമായി അന്വേഷണത്തിന്റെ പേരില്‍ ചുറ്റിത്തിരിയുന്നതല്ലാതെ, കാര്യമായ പുരോഗതിയുണ്ടാകുന്നില്ലെന്ന് കോടതികള്‍ വരെ നിരീക്ഷിച്ചു.

എന്നാല്‍ യുഡിഎഫ്, തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ പ്രചാരണ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൈമാറി ഒഴിഞ്ഞൊതുങ്ങുകയാണ് ചെയ്തത്. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കി.

കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകും. ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയെ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ, കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

No comments:

Post a Comment