Sunday, October 10, 2010

ജനകീയ ചൈനയിലെ ആരോഗ്യ അനുഭവങ്ങള്‍

ജനകീയചൈന സാമ്പത്തികസാമൂഹികആരോഗ്യമേഖലകളില്‍ അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ലോകജനസംഖ്യയുടെ 22% ജനങ്ങള്‍ (132.8 കോടി, 2008 ലെ കണക്ക്) അധിവസിക്കുന്ന പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജ്ജന ആരോഗ്യപരിപാലന സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലോകരാജ്യങ്ങള്‍ക്ക്തന്നെ മാതൃകയാക്കാവുന്നതാണ്. കൃത്യമായ ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ പ്രവര്‍ത്തനവും രാഷ്ട്രീയഇച്ഛാശക്തിയുമാണ് ജനകീയ ചൈനയ്ക്ക് ഈ നേട്ടങ്ങള്‍ നേടിക്കൊടുത്തത്. ചൈനയുടെ സാമൂഹിക ആരോഗ്യമേഖലകളെക്കുറിച്ച് പഠിക്കുന്നതിന് അടുത്തിടെ ചൈന സന്ദര്‍ശിച്ച ഒരു സംഘത്തില്‍ അംഗമാകുവാന്‍ കഴിഞ്ഞതിന്റെ അനുഭവത്തിലാണീ കുറിപ്പ് എഴുതുന്നത്.

    ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന രംഗത്ത് നേരിട്ടുള്ള ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ക്കൊപ്പം ഗ്രാമീണരുടെ ഉല്‍പ്പാദനക്ഷമത (കാര്‍ഷിക/കാര്‍ഷികേതര) വര്‍ദ്ധിപ്പിച്ചു കൊണ്ട് സ്ഥായിയായ ഗ്രാമീണപുരോഗതിയും ആര്‍ജ്ജിക്കുന്നതിന് ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണനടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ (1978) ദാരിദ്ര്യമനുഭവിച്ചിരുന്നത് 25 കോടി ഗ്രാമീണരായിരുന്നുവെങ്കില്‍ (30.7%) അത് 2000ല്‍ 3 കോടിയായി (3%) കുറച്ച്കൊണ്ട് വരുന്നതിന് ജനകീയചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

    ആരോഗ്യ സാമൂഹികക്ഷേമരംഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിദാനമായ അടിസ്ഥാന സാമൂഹികദര്‍ശനം ജനകീയചൈന അതിന്റെ ഭരണ ഘടനയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. "ചൈനയിലെ പൌരന്മാര്‍ക്ക്, അവര്‍ വയസാകുമ്പോഴും രോഗം പിടിപെടുമ്പോഴും തൊഴിലെടുത്ത് ഉപജീവനം നടത്തുന്നതിന് ഏതെങ്കിലും തരത്തില്‍ കഴിയാതെ വരുമ്പോഴും രാജ്യത്ത് നിന്നും സമൂഹത്തില്‍ നിന്നും ഭൌതികസഹായം ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും'' വിവിധങ്ങളായ സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടാണ് ചൈന സോഷ്യലിസ്റ്റ് മാര്‍ക്കറ്റ്ഇക്കോണമിയുടെ പാതയില്‍ മുന്നേറുന്നത്.

    ചൈനയില്‍ നിലനില്‍ക്കുന്ന സമഗ്രമായ സാമൂഹികസുരക്ഷാസമ്പ്രദായത്തിന് സോഷ്യല്‍ ഇന്‍ഷുറന്‍സ്, സോഷ്യല്‍ വെല്‍ഫെയര്‍, പ്രത്യേകപരിചരണവും പുനരധിവാസവും, സാമൂഹികആശ്വാസവും ഭവനസഹായവും എന്നീ നാല് ഘടകങ്ങളുണ്ട്. സോഷ്യല്‍ ഇന്‍ഷുറന്‍സാണ് ഇതില്‍ ഏറ്റവും മുഖ്യം. വാര്‍ദ്ധക്യകാല ഇന്‍ഷുറന്‍സ്, തൊഴിലില്ലായ്മഇന്‍ഷുറന്‍സ്, മെഡിക്കല്‍ഇന്‍ഷുറന്‍സ്, തൊഴിലിടങ്ങളിലുണ്ടാകുന്ന അപകട ഇന്‍ ഷുറന്‍സ്, ഗര്‍ഭകാലഇന്‍ഷുറന്‍സ് എന്നീ ഘടകങ്ങളാണ് സോഷ്യല്‍ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമഗ്രമായ സാമൂഹികല്ലസുരക്ഷാ സമ്പ്രദായം 2020 ഓടു കൂടി നഗര - ഗ്രാമീണ മേഖലകളിലെ അര്‍ഹരായ എല്ലാവര്‍ക്കും ഒരേപോലെ എത്തിച്ചുകൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പതിനാറാമത് കേന്ദ്രക്കമ്മിറ്റി, ആറാമത് പ്ളീനറിസെഷന്‍, 2006). പെണ്‍ഭ്രൂണഹത്യ തടയുന്നതിന് നിയമം നടപ്പില്‍ വരുത്തിയിട്ടുണ്ട്. കൂടാതെ അത് നിരു ത്സാഹപ്പെടുത്തുന്നതിന് ഒരു കുട്ടിമാത്രമോ അല്ലെങ്കില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമോ ഉള്ള ഗ്രാമീണദമ്പതികള്‍ക്ക് 60 വയസാകുമ്പോള്‍ മുതല്‍ തുടര്‍ന്ന് അവര്‍ ജീവിച്ചിരിക്കുന്നതുവരെ കുറഞ്ഞത് 600യുവാന്‍ എന്ന തോതില്‍ വര്‍ഷം തോറും വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

    ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍


    വികസിതരാജ്യങ്ങളുമായി തുലനം ചെയ്യാവുന്ന നിലയിലുള്ള നേട്ടങ്ങളാണ് ചൈന പൊതുജനാരോഗ്യരംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിലെ മൊത്തം ചിലവിന്റെ 10% ആരോഗ്യമേഖലയ്ക്കായി മാറ്റി വെച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇത് കേവലം 3% മാത്രമാണ്. വിവിധരാജ്യങ്ങളിലെ ആരോഗ്യസൂചികകള്‍ (ഇന്ത്യ, കേരളം, ബ്രിട്ടന്‍, ചൈന) താരതമ്യം ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. ചൈനയുടെ ആരോഗ്യ സൂചികകള്‍ ഇന്ത്യയടക്കമുള്ള ഇതര വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്‍പന്തിയിലാണെന്ന് പറയേണ്ടതില്ലല്ലോ. മാതൃമരണനിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ ചൈന കേരളത്തേയും കടത്തിവെട്ടിയിരിക്കുന്നു. (പട്ടിക പോസ്റ്റ് ചെയ്തിട്ടില്ല. കിട്ടുന്ന മുറയ്ക്ക് പോസ്റ്റാം. ക്ഷമിക്കുമല്ലോ)

    രോഗപ്രതിരോധ പ്രവര്‍ത്തന രംഗത്തെ നേട്ടങ്ങള്‍പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. വാക്സിനേഷന്‍ വഴി മൊത്തം 12 രോഗങ്ങള്‍ക്ക് പ്രാഥമിക പ്രതിരോധം നല്‍കുന്നു. ഇന്ത്യയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനം അടുത്തകാലത്ത് വരെ കേവലം 6 രോഗങ്ങള്‍ക്ക് മാത്രമായിരുന്നു നല്‍കിയിരുന്നതെന്ന് ഓര്‍ക്കുക. ചൈനയിലെ വാക്സിനേഷന്‍ കവറേജ് നിരക്ക് 90% നും മേലെയാണ്. ഇന്ത്യയില്‍ 44% വും കേരളത്തില്‍ 75% വും ആണ് വാക്സിനേഷന്‍ കവറേജ്.

    വികസിത സമൂഹ സമാനമായ രോഗാതുരതയാണ് ചൈനയില്‍ ഗ്രാമീണ നഗരമേഖലകളില്‍ നിലനില്‍ക്കുന്നത്. സ്ഥലപരിമിതിമൂലം വിശദംശങ്ങളിലേക്കു കടക്കുന്നില്ല.

    എങ്ങിനെയാണ് പൊതുജനാരോഗ്യരംഗത്ത് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ചൈനയ്ക്ക് കഴിഞ്ഞത്? പൂര്‍ണ്ണമായും പൊതുമേഖലയിലധിഷ്ഠിതമായ ത്രിതല ആരോഗ്യപരിപാലന സംവിധാനമാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. ചൈനയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരില്‍ ഏകദേശം 95% പേരും പൊതുമേഖലയില്‍ ജോലി ചെയ്യുന്നു. കേവലം ചില സ്വകാര്യക്ളിനിക്കുകള്‍ മാത്രമാണ് സ്വകാര്യ മേഖലയിലുള്ളത്.

    നഗര - ഗ്രാമീണ മേഖലകളില്‍ ത്രിതല ആരോഗ്യപരിപാലന സംവിധാനം വെവ്വേറെയായി സംഘടിപ്പിച്ചിരിക്കുന്നു.

    ഗ്രാമീണ മേഖല (റൂറല്‍)യിലെ ത്രിതല സംവിധാനത്തിന് വില്ലേജ് ക്ളിനിക് (പ്രാഥമികാരോഗ്യ സംവിധാനം), ഠൌണ്‍ഷിപ് ഹോസ്പിറ്റല്‍ (ദ്വിതീയ സംവിധാനം), കണ്‍ട്രി ഹോസ്പിറ്റല്‍ (ത്രിതീയ സംവിധാനം) എന്നിങ്ങനെ ശ്രേണീബന്ധിതമായ മൂന്ന് തരം കേന്ദ്രങ്ങളാണുള്ളത്. പരമാവധി സേവനങ്ങളും വില്ലേജ് ക്ളിനിക്കില്‍ തന്നെ ലഭ്യമാക്കുകയും അതുവഴി ഉയര്‍ന്ന കേന്ദ്രങ്ങളിലെ തിരക്ക് കുറച്ച് കൊണ്ടുവരുന്ന രീതിയാണ് പ്രാബല്യത്തിലുള്ളത്. എന്നാല്‍ കൃത്യമായ റഫറല്‍ സംവിധാനവും നിലനില്‍ക്കുന്നു. വില്ലേജ് ക്ളിനിക്കില്‍ മറ്റ് പ്രാഥമികാരോഗ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനവും സമഗ്രമായി നടന്നുവരുന്നു.

    നഗരമേഖല (അര്‍ബന്‍) യിലെ ത്രിതലസംവിധാനത്തിന് സ്ട്രീറ്റ് ക്ളിനിക് (പ്രാഥമികാരോഗ്യ സംവിധാനം), ഡിസ്ട്രിക്റ്റ് ഹോസ്പിറ്റല്‍ (ദ്വിതീയ സംവിധാനം), സിറ്റിഹോസ്പിറ്റല്‍ (ത്രിദീയ സംവിധാനം) എന്നിങ്ങനെ ശ്രേണീ ബന്ധിതമായ മൂന്ന് തരം കേന്ദ്രങ്ങളാണുള്ളത്.

    പൂര്‍ണ്ണമായും പൊതുമേഖലയിലധിഷ്ഠിതമായ ഇന്‍ഷുറന്‍സ് സംവിധാനം വഴിയാണ് ആരോഗ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. നഗര - ഗ്രാമീണ മേഖലകളില്‍ വെവ്വേറെയായി സംഘടിപ്പിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് സംവിധാനമാണ് നിലനില്‍ക്കുന്നത്.

    ഗ്രാമീണമേഖലയില്‍ നിലനില്‍ക്കുന്ന പുതിയ ഇന്‍ഷുറന്‍സ് സംവിധാനത്തെ ന്യൂ റൂറല്‍ കോ ഓപ്പറേറ്റീവ് മെഡിക്കല്‍ സിസ്റ്റം (2003) എന്ന് വിളിക്കുന്നു. നഗരമേഖലയില്‍ പുതിയ ബേസിക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സിസ്റ്റം (1998) ആണ് നിലനില്‍ക്കുന്നത്.

    ആരോഗ്യ ചെലവ് പരമാവധി ഇന്‍ഷുറന്‍സ്തുകയും കവിഞ്ഞ് വരുന്നവരെ സഹായിക്കു ന്നതിന് മള്‍ട്ടി ലെവല്‍ മെഡിക്കല്‍ സെക്യൂരിറ്റി സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സബ്സിഡിയും നിലവിലുണ്ട്. തീരെ ദരിദ്രരായവരെ സഹായിക്കുന്നതിന് സോഷ്യല്‍ എയിഡ് ഫണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് അവരുടെ പ്രീമിയം സര്‍ക്കാര്‍തന്നെ അടയ്ക്കുന്നതാണ്. ഇത് കൂടാതെ നഗരങ്ങളിലെ തൊഴിലില്ലാത്തവര്‍ക്ക് പ്രത്യേകമായ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    നഗര/ഗ്രാമീണ മേഖലകളിലെ ഇന്‍ഷുറന്‍സ് സംവിധാനം 90% ലേറെ ജനങ്ങളിലും എത്തിയിട്ടുണ്ട്. 2020 ഓടുകൂടി ഇത് 100% ആക്കുന്നതാണ്. ഇന്‍ഷുറന്‍സ് സംവിധാനം ഫലപ്രദമായി നടത്തുന്നതിന് 14 വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പ്രത്യേകമായ മാനേജ്മെന്റ് ഏജന്‍സിയെ സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഡോ. ആര്‍. ജയപ്രകാശ് ചിന്ത വാരിക 08102010

1 comment:

  1. ജനകീയചൈന സാമ്പത്തികസാമൂഹികആരോഗ്യമേഖലകളില്‍ അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ലോകജനസംഖ്യയുടെ 22% ജനങ്ങള്‍ (132.8 കോടി, 2008 ലെ കണക്ക്) അധിവസിക്കുന്ന പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജ്ജന ആരോഗ്യപരിപാലന സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലോകരാജ്യങ്ങള്‍ക്ക്തന്നെ മാതൃകയാക്കാവുന്നതാണ്. കൃത്യമായ ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ പ്രവര്‍ത്തനവും രാഷ്ട്രീയഇച്ഛാശക്തിയുമാണ് ജനകീയ ചൈനയ്ക്ക് ഈ നേട്ടങ്ങള്‍ നേടിക്കൊടുത്തത്. ചൈനയുടെ സാമൂഹിക ആരോഗ്യമേഖലകളെക്കുറിച്ച് പഠിക്കുന്നതിന് അടുത്തിടെ ചൈന സന്ദര്‍ശിച്ച ഒരു സംഘത്തില്‍ അംഗമാകുവാന്‍ കഴിഞ്ഞതിന്റെ അനുഭവത്തിലാണീ കുറിപ്പ് എഴുതുന്നത്.

    ReplyDelete