Sunday, October 10, 2010

ചില പുരോഹിതര്‍ യുഡിഎഫ് അജന്‍ഡയുടെ ഇരകള്‍: പിണറായി

എല്‍ഡിഎഫിനെതിരായ നീക്കത്തില്‍ ഇടയലേഖനം വഴി ചില പുരോഹിതര്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ രാഷ്ട്രീയ അജന്‍ഡയുടെ ഇരകളായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് സഭയുടെ പൊതു നിലപാടായി കണക്കാക്കാനാവില്ല. പൊതുവെ മതമേലധ്യക്ഷന്മാര്‍ മതനിരപേക്ഷ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സിപിഐ എമ്മോ എല്‍ഡിഎഫോ ക്രൈസ്തവസഭയുമായി ഒരു ശത്രുതയും വച്ചുപുലര്‍ത്തുന്നില്ല. യോജിക്കാവുന്ന കാര്യങ്ങളിലെല്ലാം സഭയുമായി സഹകരിച്ചുപോകണം എന്നാണ് നിലപാടെന്നും പിണറായി വ്യക്തമാക്കി. തൃശൂര്‍ പ്രസ് ക്ളബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈയില്‍ ഇറക്കിയ ഇടയലേഖനത്തില്‍ ഞങ്ങളെ പേരെടുത്തു പറയാതെ ആക്ഷേപിക്കുന്നു. വോട്ടു ചെയ്യരുതെന്നും സ്വതന്ത്രരുടെ കെണിയില്‍ വീഴരുതെന്നും പറയുന്നു. ഈ ആഹ്വാനം ഭരണഘടനാതത്വങ്ങള്‍ക്ക് എതിരായതിനാല്‍ തെരഞ്ഞെടുപ്പു കമീഷനുപോലും ഇടയലേഖനത്തിനെതിരെ നിലപാടെടുക്കേണ്ടി വന്നു. ചില പുരോഹിതന്മാര്‍ ഇത്തരം നിലപാടെടുക്കുമ്പോള്‍ പുരോഹിതസ്ഥാനം ഉപയോഗപ്പെടുത്തി മതത്തിന്റെ സ്വാധീനമാണ് പ്രയോഗിക്കുന്നത്. ആ നിലയ്ക്ക് ഇത് മതത്തിന്റെ ഇടപെടലാണ്. മാണി-ജോസഫ് ലയനത്തിലും ഇത്തരത്തിലുള്ള ഇടപെടല്‍ കാണാം. മതനിരപേക്ഷതക്കെതിരായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുവെ രൂക്ഷ വിമര്‍ശമാണ് സഭയ്ക്കകത്തും പുറത്തും ഉയര്‍ന്നത്. പല മതമേലധ്യക്ഷന്മാരും ഇടയലേഖനത്തെ വിമര്‍ശിച്ച് മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറഞ്ഞു. എന്നാല്‍ ചില മതാധ്യക്ഷന്മാര്‍ പലരേയും സമീപിച്ച് സ്ഥാനാര്‍ഥികളാവരുതെന്നും വിശ്വാസികളോട് പാര്‍ടി വിടണമെന്നും ഉപദേശിച്ചു. ഇത് കോണ്‍ഗ്രസിന്റെ അജന്‍ഡയായിരുന്നു. അതിന് ചില പുരോഹിതര്‍ ഇരകളായി. തെറ്റായ നിലപാടെടുക്കുന്ന ഏതാനും പുരോഹിതര്‍ വിചാരിച്ചാല്‍ ഞങ്ങള്‍ തളരില്ല. ചിലര്‍ വിചാരിച്ചാല്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ക്രൈസ്തവര്‍ പാര്‍ടി വിട്ടു പോകില്ല. സ്വന്തം ജീവിതാനുഭവങ്ങളാണ് അവരെ കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിച്ചത്.

സമൂഹനന്മയുടെ കാര്യത്തില്‍ സഭയ്ക്കും ഞങ്ങള്‍ക്കും യോജിക്കാനാവും. ഭൂരിഭാഗം മതമേലധ്യക്ഷന്മാരും ഈ നിലപാട് അംഗീകരിക്കുന്നു. സാധാരണ നിലയില്‍ എല്‍ഡിഎഫിനെ നേരിടാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ യുഡിഎഫ് വളഞ്ഞ വഴികള്‍ പ്രയോഗിക്കുകയാണ്. എല്ലാ വര്‍ഗീയ ശക്തികളേയും കൂടെ നിര്‍ത്താനാണ് ശ്രമം. വര്‍ഗീയ വികാരം ഇളക്കിവിട്ട് എല്‍ഡിഎഫിനെ നേരിടാനുള്ള ശ്രമം വിജയിക്കില്ല. മതവികാരം ശക്തമായി നിലനില്‍ക്കുന്ന ചില വിഭാഗങ്ങളില്‍ മതത്തിന്റെ സ്വാധീനം പ്രയോഗിക്കാനാവുമോ എന്ന ചിന്തയാണ് യുഡിഎഫിന്. മതന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള തിരുവമ്പാടിയിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍തോതില്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചിട്ടും ഏശിയില്ലെന്ന കാര്യവും ഇക്കൂട്ടര്‍ ഓര്‍ക്കണം. എന്നാല്‍ മതനിരപേക്ഷ കാഴ്ചപ്പാട് അംഗീകരിച്ച കേരളത്തില്‍ ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ലെന്നും പിണറായി പറഞ്ഞു.

ജാതി-മത ശക്തികളുടെ ഇടപെടല്‍ മുമ്പില്ലാത്തവിധം: കോടിയേരി


ജാതി-മത ശക്തികള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുമ്പൊരിക്കലുമില്ലാത്തവിധം നേരിട്ട് ഇടപെടുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരും ഒരുവിഭാഗം പുരോഹിതരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നതില്‍നിന്നും ക്രിസ്ത്യാനികളെ വിലക്കി. ചങ്ങനാശേരി ബിഷപ് ഹൌസില്‍ നിന്നും പുരോഹിതന്മാരെ അയച്ച് സ്ഥാനാര്‍ഥികളെ നേരില്‍ക്കണ്ട് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നു പറഞ്ഞ് മതമേലധ്യക്ഷന്മാരില്‍ ഒരുവിഭാഗം രംഗത്തുവന്നിരിക്കുകയാണ്. ഇത് മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിനെ നേരിട്ടാണ് കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി-എസ്ഡിപിഐ സഖ്യം പരസ്യമായിരിക്കുകയാണ്. കാസര്‍കോട്ട് യുഡിഎഫ്-ബിജെപി പരസ്യമുന്നണിയാണ്. തൃശൂരിലും പാലക്കാട്ടും ഇതുണ്ട്. പല മണ്ഡലത്തിലും എസ്ഡിപിഐക്ക് യുഡിഎഫ് സീറ്റ് മാറ്റിവച്ചു. ഇടുക്കിയില്‍ മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് തന്നെ ഇക്കാര്യം തുറന്ന് പ്രസ്താവിച്ചു. ഒരു വര്‍ഗീയ സംഘടനയുടെയും സഹകരണം എല്‍ഡിഎഫിന് ആവശ്യമില്ല. മതേതരവിശ്വാസികളുടെ പിന്തുണയോടെ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

deshabhimani 101010

4 comments:

  1. എല്‍ഡിഎഫിനെതിരായ നീക്കത്തില്‍ ഇടയലേഖനം വഴി ചില പുരോഹിതര്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ രാഷ്ട്രീയ അജന്‍ഡയുടെ ഇരകളായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് സഭയുടെ പൊതു നിലപാടായി കണക്കാക്കാനാവില്ല. പൊതുവെ മതമേലധ്യക്ഷന്മാര്‍ മതനിരപേക്ഷ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സിപിഐ എമ്മോ എല്‍ഡിഎഫോ ക്രൈസ്തവസഭയുമായി ഒരു ശത്രുതയും വച്ചുപുലര്‍ത്തുന്നില്ല. യോജിക്കാവുന്ന കാര്യങ്ങളിലെല്ലാം സഭയുമായി സഹകരിച്ചുപോകണം എന്നാണ് നിലപാടെന്നും പിണറായി വ്യക്തമാക്കി. തൃശൂര്‍ പ്രസ് ക്ളബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. അധികാരത്തിലല്ല സേവനത്തിലാണ് കത്തോലിക്കാസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിവിധപ്രദേശങ്ങളില്‍ ചേര്‍ന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ നിലപാടു തന്നെയാണ് പാര്‍ട്ടിക്കും.സേവനത്തിലാണ് ഞങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതു ശരിയല്ലെന്നു തന്നെയാണ് ഇതിലൂടെ അവര്‍ വ്യക്തമാക്കുന്നത്. സഭയല്ല ഏതാനും പുരോഹിതരാണ് രാഷ്ട്രീയത്തില്‍ ഇടപെട്ടത്. ഈ ഇടപെടല്‍ ശരിയാണെന്നാണ് യുഡിഎഫ് വ്യാഖ്യാനിക്കുന്നത്. യുഡിഎഫിനോട് രാഷ്ട്രീയ ചായ്വുള്ള പുരോഹിതരെ കെണിയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. മതപരമായ ഒരു കാര്യത്തിലും ഞങ്ങള്‍ ഇടപെടാറില്ല. പക്ഷേ ഞങ്ങളുടെ കളത്തില്‍ കയറി അഭിപ്രായം പറഞ്ഞാല്‍ കൃത്യമായി മറുപടി പറയുമെന്നും പിണറായി പറഞ്ഞു.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എല്‍ഡിഎഫിനെതിരായ നീക്കത്തില്‍ ഇടയലേഖനം വഴി ചില പുരോഹിതര്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ രാഷ്ട്രീയ അജന്‍ഡയുടെ ഇരകളായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

    ചില പുരോഹിദര്‍ എല്‍ഡിഎഫ് അജന്‍ഡയുടെ ഇരകളാണ് ...

    യഥാര്‍ഥ വിശ്വാസികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു....ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോര്‍ മിലിത്തിയോസ്.

    http://jagrathablog.blogspot.com/2010/09/blog-post_9720.html

    ReplyDelete