ആദിവാസികളുടെ വിദ്യാഭ്യാസം: വെള്ളമുണ്ട രാജ്യത്തിന് മാതൃക
കല്‍പറ്റ: എത്ര ശ്രമിച്ചാലും ആദിവാസികള്‍ നന്നാവില്ലെന്ന ഫ്യൂഡല്‍ സങ്കല്‍പ്പത്തിന് വയനാട്ടിലെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വക തിരുത്ത്. ശ്രമിച്ചാല്‍ നന്നാവാത്തതായി ഒരു ജനവിഭാഗവവും ഈ ഭൂമുഖത്ത് ഉണ്ടാവില്ലെന്ന് എ എന്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ 2005 ഒക്‌ടോബര്‍ രണ്ടിന് അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണ സമിതി പ്രയോഗത്തിലൂടെ തെളിയിച്ചു. തലചായ്ക്കാന്‍ കിടപ്പാടവും അതിനായി ഭൂമിയും വിശപ്പടക്കാന്‍ ഭക്ഷണവും ഒപ്പം വിദ്യാഭ്യാസവും ഉറപ്പാക്കിയാല്‍ ആദിവാസികളെ പൊതുവിലും കുട്ടികളെ പ്രത്യേകിച്ചും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിയുമെന്ന പാഠമാണ് വെള്ളമുണ്ട കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവത്തിലൂടെ ലോകത്തിന് മുന്നില്‍ രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഗണ്യമായി കുറയുമ്പോഴും വെള്ളമുണ്ടയില്‍ ആദിവാസി കുട്ടികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 33 ശതമാനം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റും ഈ പഞ്ചായത്തിന് സ്വന്തം. സര്‍ക്കാര്‍ -എയ്ഡഡ് മേഖലയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലുള്ളത് 18 വിദ്യാലയങ്ങള്‍. 2005-2006 അധ്യയന വര്‍ഷം ആകെയുണ്ടായിരുന്നത് 1005 ആദിവാസി വിദ്യാര്‍ഥികള്‍. ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിന കണക്ക് പ്രകാരം ആദിവാസി കുട്ടികളുടെ എണ്ണം 1348 ആയി ഉയര്‍ന്നു. അതായത് നാല് വര്‍ഷം കൊണ്ട് ആദിവാസി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണമായും തടഞ്ഞതിന്റെ മികവും എല്‍ ഡി എഫ് ഭരണ സമിതിയുടെ തൊപ്പിയിലെ മറ്റൊരു തൂവലായി.
അഞ്ചും ആറും കിലോമീറ്റര്‍ കാല്‍നടയായി സ്‌കൂളില്‍ എത്തേണ്ടിയിരുന്ന അവസ്ഥയാണ് 2005 വരെ ഇവിടെ ഉണ്ടായത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുടെയും പാവപ്പെട്ട തൊഴിലാളികളുടെയും മക്കളായിരുന്നു. പഞ്ചായത്ത് ഭരണത്തില്‍ മുസ്ലീം ലീഗിന്റെ കുത്തക അവസാനിപ്പിച്ച് സി പി എം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ 2005ല്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ് ബോര്‍ഡ് മുഖ്യപരിഗണന നല്‍കിയത് വിദ്യാഭ്യാസത്തിനായിരുന്നു. വിവിധ വിദ്യാലയങ്ങളിലായി മൂന്നൂറില്‍പ്പരം കുട്ടികള്‍ നാല് മുതല്‍ ആറ് കിലോമീറ്റര്‍ വരെ പ്രൈമറി പഠനത്തിന് കാല്‍നട യാത്ര ചെയ്യേണ്ടിവരുന്നതാണ് കൊഴിഞ്ഞുപോക്കിനും ക്ലാസിലെ ഹാജര്‍ നില കുറയാനും ഇടയാക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. ഈ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്തിന്റെ ചെലവില്‍ വിവിധ റൂട്ടുകളിലേക്കായി ആറ് ജീപ്പുകള്‍ രാവിലെയും വൈകീട്ടും പ്രത്യേക ട്രിപ്പ് നടത്തി കുട്ടികളെ സ്‌കൂളിലും തിരികെ വീട്ടിലും എത്തിക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. സംസ്ഥാനത്ത് ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജീപ്പ് സര്‍വീസ് ആരംഭിച്ച പഞ്ചായത്തെന്ന ഖ്യാതി ഇതുവഴി വെള്ളമുണ്ടയ്ക്ക് ലഭിച്ചു. കൊല്ലത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ഇതിനായി ചെലവഴിച്ചത്.
ആദിവാസികളില്‍ തന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ രാവിലെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്ന പതിവില്ല. കുട്ടികള്‍ പോലും കട്ടന്‍ചായ കുടിച്ചാണ് ഉച്ചവരെ കഴിച്ചുകൂട്ടുന്നത്. ഉച്ചവരെ വിശപ്പ് സഹിച്ച് കുട്ടികള്‍ക്ക് ഇരിക്കാന്‍ കഴിയില്ലെന്ന് അറിയുന്ന പഞ്ചായത്ത് ഇത്തരം വിദ്യാര്‍ഥികള്‍ക്കായി എല്ലാ സ്‌കൂളുകളിലും പ്രഭാത ഭക്ഷണ പരിപാടിയും ആരംഭിച്ചു. രാവിലെ ഒന്‍പതിന് മുന്‍പ് പ്രത്യേക ജീപ്പില്‍ സ്‌കൂളിലെത്തുന്ന കുട്ടികള്‍ പ്രഭാത ഭക്ഷണവും കഴിച്ച് ക്ലാസില്‍ ഇരുന്നതോടെ ഏതാണ്ട് എല്ലാ ദിവസവും ഹാജര്‍ നിലയില്‍ വലിയ പുരോഗതി ഉണ്ടായി. വയനാട് ജില്ലയില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി എന്നതിന് പകരം ചോറും സാമ്പാറും എന്ന പദ്ധതി നടപ്പാക്കിയതും വെള്ളമുണ്ടയിലാണ്. ഉച്ചയ്ക്ക് ചോറും സാമ്പാറും വിദ്യാര്‍ഥികള്‍ക്കെല്ലാം വിതരണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ സഹകരണവും വെള്ളമുണ്ട തേടി. കൊല്ലത്തില്‍ 100 ദിവസത്തെ ചോറിന്റെയും സാമ്പാറിന്റെയും അധിക ചെലവ് വയനാട് ജില്ലാ പഞ്ചായത്തും ശേഷിക്കുന്ന നൂറ് ദിവസത്തെ ചെലവ് ഗ്രാമപഞ്ചായത്തും വഹിക്കുകയാണ്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന കുടയും ബാഗും യൂണിഫോമും അധ്യയന വര്‍ഷത്തില്‍ എപ്പോഴെങ്കിലും കൊടുക്കുകയെന്ന പതിവ് രീതി വെള്ളമുണ്ടയില്‍ അനുവദിച്ചില്ല. കഴിഞ്ഞ നാല് വര്‍ഷവും മുഴുവന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറന്ന ദിവസം തന്നെ യൂണിഫോമും കുടയും ബാഗും സമ്മാനിച്ചു.
ഇതെല്ലാം ആദിവാസി കുട്ടികളുടെ പഠനത്തില്‍ വരുത്തിയ മാറ്റം പഠന വിധേയമാക്കാന്‍ ലണ്ടനില്‍ നിന്ന് ഒരു സംഘം അടുത്ത ആഴ്ച വെള്ളമുണ്ട സന്ദര്‍ശിക്കും. പക്ഷെ അവര്‍ക്കൊപ്പം സഞ്ചരിച്ച് വിശദാംശങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രസിഡന്റിന് സമയക്കുറവാകും. കാരണം പ്രവൃത്തിയിലൂടെ ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും വിദ്യാര്‍ഥികളില്‍ പഠന താല്‍പര്യം വളര്‍ത്തുകയും ചെയ്ത് രാഷ്ട്രീയ ഭേദമില്ലാതെ സകലരുടെയും പ്രശംസ പിടിച്ചുപറ്റിയ ഭരണത്തിന് നേതൃത്വം കൊടുത്ത എ എന്‍ പ്രഭാകരന്‍ ഇത്തവണ വെള്ളമുണ്ട പഞ്ചായത്ത് ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ്. ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ രാജ്യത്ത് ആദ്യമായി ജനകീയമായ സാമൂഹിക ഓഡിറ്റ് നടത്തിയ പഞ്ചായത്തെന്ന ഖ്യാതിയും വെള്ളമുണ്ടക്ക് അവകാശപ്പെട്ടതാണ്. സാമൂഹിക വളര്‍ച്ചയില്‍ പഞ്ചായത്തിന് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിന്റെ മറ്റ് നിരവധി ദൃഷ്ടാന്തങ്ങള്‍ക്കും വയനാട്ടിലെ വെള്ളമുണ്ട തെളിവായുണ്ട്.
janayugom 01102010
എത്ര ശ്രമിച്ചാലും ആദിവാസികള്‍ നന്നാവില്ലെന്ന ഫ്യൂഡല്‍ സങ്കല്‍പ്പത്തിന് വയനാട്ടിലെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വക തിരുത്ത്.
ReplyDelete