Friday, October 1, 2010

വന്‍കിട ബിസിനസും ഇന്ത്യന്‍ രാഷ്ട്രീയവും

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്ന മുതലാളിത്ത വികസനവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി പ്രാവര്‍ത്തികമാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെമേല്‍ വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള സ്വാധീനശക്തി അപകടകരമാംവിധം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ വന്‍കിട ബിസിനസ് താല്‍പര്യമനുസരിച്ച് നിശ്ചയിക്കപ്പെടുന്നുവെന്ന് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടെ നേരിട്ടുള്ള സാന്നിദ്ധ്യവും വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പൌരാവകാശങ്ങളും കടുത്ത ഭീഷണിയെ നേരിടുന്നു.

        കേന്ദ്ര മന്ത്രിസഭയിലും പാര്‍ലമെണ്ടിലും കോടിപതികളായ വലിയ സമ്പന്നന്മാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര കാബിനറ്റിലും പാര്‍ലമെന്റിലും വന്‍കിട ബിസിനസുകാരുടെ സാന്നിദ്ധ്യവും വളര്‍ന്നുവന്നിരിക്കുന്നു. ലോകസഭയിലും രാജ്യസഭയിലും കടന്നുകൂടുന്നതിനുവേണ്ടി നൂറോ ഇരുന്നൂറോ കോടി രൂപ ചെലവഴിക്കുന്നതിനും അവര്‍ക്ക് മടിയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര മന്ത്രിസഭയിലും പാര്‍ലമെന്റിലും കോടിപതികളുടെയും വന്‍കിട ബിസിനസുകാരുടെയും എണ്ണം വര്‍ദ്ധിച്ചത് മഹാഭൂരിപക്ഷംവരുന്ന സാമാന്യ ജനങ്ങളുടെ താല്‍പര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതിന് ഇടയാക്കി. ഭരണ നടപടികളിലും നിയമങ്ങളുടെ ഉള്ളടക്കത്തിലും കടുത്ത ധനിക പക്ഷപാതിത്വം പ്രകടമാവുന്നു.

        കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങള്‍ വന്‍കിട വ്യവസായികളുടെയും കച്ചവടക്കാരുടെയും താല്‍പര്യമനുസരിച്ചാണ് നിശ്ചയിക്കുന്നത്. വന്‍കിട ബിസിനസ് താല്‍പര്യം അനുസരിച്ച് സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്താന്‍ പ്രത്യേക സംഘടനാ സംവിധാനങ്ങളും സമിതികളും കേന്ദ്ര ഭരണതലത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു.

        'ഇന്തോ-യുഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ഫോറം' ഇത്തരമൊരു സംഘടനാ സംവിധാനമാണ്. 2005 ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സംഘടനാ സംവിധാനം നിലവില്‍വന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും വന്‍കിട കോര്‍പ്പറേറ്റുകളുടെ തലവന്മാരാണ് ഈ സമിതിയിലെ അംഗങ്ങള്‍. ഇന്ത്യയിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥ പ്രമുഖന്മാരും ഭരണകര്‍ത്താക്കളും ഈ സമിതിയില്‍ സ്ഥിരമായി പങ്കെടുത്തുവരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക വികസന നയങ്ങള്‍ ഒരു വലിയ അളവുവരെ നിശ്ചയിക്കുന്നത് ഈ സംഘടനയാണ്. പ്ളാനിങ് കമ്മീഷന്‍ തയ്യാറാക്കുന്ന വികസന സമീപനവും കേന്ദ്ര ഗവണ്‍മെന്റിന്റെ ബജറ്റിന്റെ മുഖ്യ ഉള്ളടക്കവും കച്ചവട നയങ്ങളും സാമ്പത്തിക മേഖലയിലെ നിയമങ്ങളിലെ അടിസ്ഥാന സമീപനവുമെല്ലാം ഇന്തോ-യുഎസ് സിഇഒ ഫോറം നിശ്ചയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

        കാര്‍ഷികമേഖലയിലെ നയസമീപനങ്ങള്‍ 'ഇന്തോ-യുഎസ് നോളജ് ഇനീഷ്യേറ്റീവ്' എന്ന സംഘടനയാണ് നിശ്ചയിക്കുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും കോര്‍പ്പറേറ്റുകളുടെ തലവന്മാരും ഉദ്യോഗസ്ഥരുമാണ് ഈ സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയും 2005 ജൂലൈ മാസത്തില്‍ രൂപീകരിച്ചതാണ്. ഇന്തോ-യുഎസ് സിഇഒ ഫോറത്തിന്റെയും ഇന്തോ യുഎസ് നോളജ് ഇനീഷ്യേറ്റീവിന്റെയും പ്രവര്‍ത്തനഫലമായി നയങ്ങള്‍ ആവിഷ്ക്കരിക്കാനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യംതന്നെ ഒരു വലിയ അളവുവരെ അമേരിക്കയിലെ വന്‍കിട കമ്പനികള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്.

        വന്‍കിട ബിസിനസ് താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഔത്സുക്യം ഏതാണ്ട് എല്ലാ നടപടികളിലും പ്രകടമാണ്. രണ്ട് പ്രധാനപ്പെട്ട സംഭവങ്ങള്‍ മാത്രം ഇവിടെ പരാമര്‍ശിക്കുന്നു. ഭോപ്പാല്‍ ദുരന്തത്തോട് കേന്ദ്ര ഗവണ്‍മെന്റും മദ്ധ്യപ്രദേശ് സംസ്ഥാന ഗവണ്‍മെന്റും എടുത്ത സമീപനമാണ് ഒന്ന്. കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ ആണവ ബാദ്ധ്യതാ നിയമത്തിന്റെ ലക്ഷ്യമെന്താണെന്നുള്ളതാണ് മറ്റൊന്ന്.

        ഇന്ത്യ കണ്ട വ്യാവസായിക ദുരന്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു ഭോപ്പാലില്‍ ഉണ്ടായത്. 15,000 ത്തോളം ആളുകള്‍ വിഷവാതകം ശ്വസിച്ച് ദുരന്തം ഉണ്ടായതിന്റെ അടുത്ത നാളുകളില്‍ മരണമടഞ്ഞു. ദുരന്തമുണ്ടായതിനുശേഷം കഴിഞ്ഞ 26 കൊല്ലത്തിനിടയ്ക്ക് ഏതാണ്ട് 10,000ത്തോളം പേര്‍ കൂടി വിഷവാതകബാധയുടെ അനന്തരഫലമായി മരിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിഷവാതക ബാധയുടെ ഫലമായി അംഗഭംഗം വന്നവരും രോഗങ്ങള്‍ അനുഭവിക്കുന്നവരുമായി ആയിരക്കണക്കിനാളുകള്‍ ഇതിനും പുറമെയുണ്ട്. മനുഷ്യവാസവും കൃഷിയും അസാദ്ധ്യമാക്കുന്നതരത്തിലുള്ള വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ വിപുലമായ പ്രദേശത്ത് പരന്നിട്ടുമുണ്ട്. ഈ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ ഗൌരവതരമായ ഒരു ക്രിമിനല്‍ കേസ് എടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറായില്ല. മറിച്ച് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ തലവനായ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ അമേരിക്കയില്‍ സുരക്ഷിതമായി എത്തിക്കുന്നതിനായിരുന്നു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായ അര്‍ജുന്‍സിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയും ശ്രദ്ധിച്ചത്. കേന്ദ്രഗവണ്‍മെന്റും മദ്ധ്യപ്രദേശ് ഗവണ്‍മെന്റും ഇന്ത്യയിലെ കോടതികളും അപകടത്തിന് വിധേയരായ ജനങ്ങളെ രക്ഷിക്കുന്നതിന് പകരം യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിന് നീങ്ങുകയാണുണ്ടായത്.

        ഇന്തോ-യുഎസ് ആണവകരാര്‍ പ്രാബല്യത്തിലായതോടെ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് വന്നുതുടങ്ങുന്നു. അത്തരം റിയാക്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപക്ഷേ അപകടമുണ്ടായാല്‍ അത്തരം അപകടങ്ങള്‍വഴി സംഭവിക്കാന്‍ ഇടയാകുന്ന മരണങ്ങളും നാശനഷ്ടവും ഭോപ്പാല്‍ ദുരന്തഫലമായുണ്ടായതിന്റെ പല മടങ്ങ് വലുതായിരിക്കും. ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നവരെ രക്ഷിക്കുന്നതിന് വ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ലക്ഷ്യം മറിച്ചായിരുന്നു. ഇന്ത്യക്ക് ആണവ റിയാക്ടറുകള്‍ വില്‍ക്കുന്ന അമേരിക്കന്‍ കമ്പനികളെ നഷ്ടപരിഹാരം നല്‍കുന്ന ബാധ്യതയില്‍നിന്ന് ഒഴിവാക്കുകയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരത്തുക പരിമിതപ്പെടുത്തുകയുമായിരുന്നു നിയമത്തിന്റെ ലക്ഷ്യം. ഇത്തരം ഒരു നിയമം പാസാക്കി വിദേശ കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും യുപിഎ കക്ഷികളും സമാജ്വാദി പാര്‍ടിയും. ഇടതുപക്ഷകക്ഷികള്‍ മാത്രമാണ് ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. ഭരണവര്‍ഗകക്ഷികളുടെ ജനവിരുദ്ധ സ്വഭാവം ഈ സംഭവങ്ങള്‍ മറനീക്കികാണിക്കുന്നു.

        നാടിന്റെ സമ്പത്തായ ഖനികളും പെട്രോളിയം ഉല്‍പന്നങ്ങളും പ്രകൃതിവാതകവുമെല്ലാം വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കാന്‍ തുറന്നുകൊടുത്തിരിക്കുകയാണ്. ഖനികള്‍ കൊള്ളയടിക്കുന്ന ധനികന്മാര്‍ പല സംസ്ഥാന ഗവണ്‍മെന്റുകളെയും തങ്ങളുടെ കൈപ്പിടിടിയില്‍ ഒതുക്കിയിരിക്കുകയാണ്. കര്‍ണ്ണാടകവും ആന്ധ്രാപ്രദേശും ഝാര്‍ഖണ്ഡും മറ്റു ചില സംസ്ഥാനങ്ങളും ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

        കേന്ദ്ര ഗവണ്‍മെന്റിന്റെ നികുതിനയം സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ക്കെതിരും ധനികവിഭാഗത്തെ സഹായിക്കുന്നതുമാണ്. ഇക്കൊല്ലത്തെ ബജറ്റില്‍ 60,000 കോടി രൂപയുടെ അധിക നികുതി സാമാന്യ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചപ്പോള്‍ 26,000 കോടി രൂപയുടെ സൌജന്യമാണ് ധനിക വിഭാഗത്തിന് നല്‍കിയത്. 2012 മുതല്‍ നടപ്പിലാവുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 'ഡയറക്ട് ടാക്സസ് കോഡ്' വിദേശ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും ധനിക വിഭാഗങ്ങള്‍ക്കും വമ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുവേണ്ടിയുള്ളതാണ്.

        ഗവണ്‍മെന്റ് നയങ്ങളുടെയും ചൂഷണത്തിന്റെയും ഫലമായി രാജ്യത്തിന്റെ മുന്‍കാല ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്തമട്ടില്‍ ഇക്കാലത്ത് വന്‍കിട സമ്പന്നന്മാരുടെ എണ്ണവും സമ്പത്തും വര്‍ദ്ധിച്ചു. ഫോര്‍ബ്സ് മാസികയാണ് ലോകത്തിലെ ശതകോടീശ്വരന്മാരുടെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. 100 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി കണക്കാക്കുന്നത്. ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഒരു ശതകോടീശ്വരന്റെ ആസ്തി 4,600 കോടി രൂപ വരും. 2004ല്‍ ഒമ്പത് ശതകോടീശ്വരന്മാര്‍ ഇന്ത്യയിലുണ്ടായിരുന്നത് 2008ല്‍ 49 ആയി വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് ഫോര്‍ബ്സ് ചൂണ്ടിക്കാട്ടുന്നു. നാലു കൊല്ലത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ എണ്ണം അഞ്ചിരട്ടിയിലേറെയായി. തലപ്പത്തുള്ള പത്ത് ധനിക കുടുംബത്തിന്റെ ആസ്തി മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2004ല്‍ തലപ്പത്തുള്ള പത്ത് കോര്‍പ്പറേറ്റുകളുടെ ആസ്തി 3,54,000 കോടി രൂപയായിരുന്നത് 2008ല്‍ 10,34,000 കോടി രൂപയായി വര്‍ദ്ധിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ ആസ്തിയും മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്തവണ്ണം വര്‍ദ്ധിച്ചപ്പോള്‍, രണ്ടുലക്ഷം കര്‍ഷകത്തൊഴിലാളികളും കൃഷിക്കാരുമാണ് കാര്‍ഷിക പ്രതിസന്ധി മൂര്‍ച്ഛിച്ചതുകാരണം ഇന്ത്യയില്‍ ആത്മഹത്യചെയ്തത്. വിലക്കയറ്റം കാരണം സാമാന്യ ജനങ്ങളാകെ പ്രയാസവും ദുരിതവും അനുഭവിക്കുന്നു. അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ 43ശതമാനം പേരും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. തൊഴിലില്ലാത്തവരുടെ എണ്ണവും ഇക്കാലത്ത് വര്‍ദ്ധിച്ചു. ഭരണവര്‍ഗങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ നയത്തിന്റെ പരിണത ഫലമാണിവയെല്ലാം.

 എസ് രാമചന്ദ്രന്‍പിള്ള ചിന്ത വാരിക 01102010

1 comment:

  1. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്ന മുതലാളിത്ത വികസനവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി പ്രാവര്‍ത്തികമാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെമേല്‍ വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള സ്വാധീനശക്തി അപകടകരമാംവിധം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ വന്‍കിട ബിസിനസ് താല്‍പര്യമനുസരിച്ച് നിശ്ചയിക്കപ്പെടുന്നുവെന്ന് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടെ നേരിട്ടുള്ള സാന്നിദ്ധ്യവും വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പൌരാവകാശങ്ങളും കടുത്ത ഭീഷണിയെ നേരിടുന്നു.

    ReplyDelete