Saturday, October 2, 2010

ഉപവാസ നാടകം

മദ്യക്കച്ചവടക്കാരെ പുറത്താക്കണമെന്നു പറയാന്‍ ഹസ്സന് തന്റേടമുണ്ടോ: ഡിവൈഎഫ്ഐ

മദ്യവിപത്തിനും ലോട്ടറിമാഫിയക്കുമെതിരെ എം എം ഹസ്സന്‍ നടത്തുന്ന നിരാഹാരസമരത്തിന്റെ ഉദ്ഘാടനം ലോട്ടറിചൂതാട്ടക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്വിയും സമാപനം ചിറ്റൂര്‍ എംഎല്‍എ കെ അച്യുതനും നിര്‍വഹിക്കുന്നതാണ് ഉചിതമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ലോട്ടറിചൂതാട്ട മാഫിയകളുമായുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബന്ധം പുറത്തുവരികയാണ്. കള്ളുകച്ചവടത്തിന് എന്‍ഒസി നല്‍കിയത് കെപിസിസി പ്രസിഡന്റും ലോട്ടറിമാഫിയ തലവനെ എംപിയാക്കിയത് എഐസിസിയുമാണ്. ഉപവാസനാടകം നടത്തുന്ന എം എം ഹസ്സന്‍ മദ്യക്കച്ചവടക്കാരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന് പറയാന്‍ തന്റേടം കാണിക്കുമോയെന്നും രാജേഷ് ചോദിച്ചു.

ലോട്ടറിമാഫിയക്കുവേണ്ടി കോടതിയില്‍ ആദ്യം അവര്‍ക്കൊപ്പം നിന്നത് കേന്ദ്രമന്ത്രിയായ ചിദംബരമായിരുന്നു. മന്ത്രിയായശേഷവും ലോട്ടറിചൂതാട്ടക്കാരില്‍നിന്നുള്ള നോട്ടുകെട്ടുകളുടെ വരവ് നിലയ്ക്കരുതെന്ന നിര്‍ബന്ധബുദ്ധിയാണ് മന്ത്രിപത്നി നളിനി ചിദംബരം തുടര്‍ന്ന് ഹാജരായതിനുപിന്നിലെന്നും വ്യക്തം. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ ദേശീയവക്താവ് അഭിഷേക് മനു സിങ്വിയും ലോട്ടറിചൂതാട്ടക്കാര്‍ക്കൊപ്പം അണിനിരന്നു. ലോട്ടറിമാഫിയ തലവന്‍ മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന്റെ എംപിയായിരുന്നു.

ചിറ്റൂരില്‍നിന്നാണ് വിഷക്കള്ള് മലപ്പുറത്തേക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തിയതോടെയാണ് ചിറ്റൂര്‍ എംഎല്‍എയും 35 വര്‍ഷമായി കള്ളുകച്ചവടം നടത്തിവന്ന കെപിസിസി അംഗവുമായ കെ അച്യുതന്‍ കച്ചവടം നിര്‍ത്തുന്നതായി പൊടുന്നനെ പ്രഖ്യാപിച്ചത്. കൊല്ലത്തെ ഡിസിസി അംഗം വിജയന്‍പിള്ള കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ എന്നിവിടങ്ങളില്‍ ബാര്‍ നടത്തുന്നു. ഈ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്മാരായ രാജന്‍പിള്ളയും ചന്ദ്രന്‍പിള്ളയുമാണ് ചവറ ഭാഗത്തെ മദ്യമുതലാളിമാര്‍. മറ്റൊരു ഡിസിസി അംഗം കാഞ്ഞിരംപിള്ള അജയകുമാര്‍ കുന്നത്തൂര്‍ താലൂക്കിലെ മദ്യക്കച്ചവടക്കാരനാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കണ്ണന്റെ നേതൃത്വത്തിലാണ് കരുനാഗപ്പള്ളിയിലെ കള്ളുകച്ചവടം. പാലക്കാട്ട് കെ അച്യുതനുപുറമെ കെപിസിസി അംഗം പി ബാലചന്ദ്രന്‍ ചിറ്റൂര്‍ താലൂക്കിലെ കള്ളുകച്ചവടക്കാരനാണ്. എറണാകുളത്തെ കെ പി ധനപാലന്‍ എംപിയുടെ സഹോദരന്മാരായ കെ പി വേണു, കെ പി ജയറാം എന്നിവര്‍ ചേര്‍ന്നാണ് നോര്‍ത്ത് പറവൂരിലെ ഗോള്‍ഡന്‍ പാലസ് ബിയര്‍ പാര്‍ലര്‍, ബേവാച്ച് ബിയര്‍ പാര്‍ലര്‍ തുടങ്ങിയവ നടത്തുന്നത്. ഗാന്ധിശിഷ്യരെന്ന് സ്വയം പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മദ്യവ്യാപാരം ആകാമെന്ന് കെപിസിസി പ്രസിഡന്റുതന്നെ വിശദീകരിച്ചു.

മദ്യവ്യാപാരത്തിനും ലോട്ടറിമാഫിയകള്‍ക്കുമെതിരെ കപടസമരം നടത്തുന്നതിനുപകരം ഇതുമായി ബന്ധമുള്ളവരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന് പറയാനുള്ള ആര്‍ജവം എം എം ഹസ്സന്‍ കാണിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

ഹസന്റെ ഉപവാസ നാടകം തുടങ്ങി


ലോട്ടറിമാഫിയക്കും മദ്യവിപത്തിനുമെതിരായി കെപിസിസി വക്താവ് എം എം ഹസന്റെ ഉപവാസം ആരംഭിച്ചു. കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉദ്ഘാടനം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഹസന്റെ രാഷ്ട്രീയനാടകം തിരിച്ചറിഞ്ഞ് അദ്ദേഹം പിന്‍മാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയവക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി ലോട്ടറിമാഫിയക്കുവേണ്ടി അനുകൂലവിധി സമ്പാദിച്ച സാഹചര്യത്തിലാണ് സംസ്ഥാനവക്താവായ ഹസന്റെ ഉപവാസ നാടകം.

deshabhimani 02102010

1 comment:

  1. മദ്യവിപത്തിനും ലോട്ടറിമാഫിയക്കുമെതിരെ എം എം ഹസ്സന്‍ നടത്തുന്ന നിരാഹാരസമരത്തിന്റെ ഉദ്ഘാടനം ലോട്ടറിചൂതാട്ടക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്വിയും സമാപനം ചിറ്റൂര്‍ എംഎല്‍എ കെ അച്യുതനും നിര്‍വഹിക്കുന്നതാണ് ഉചിതമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ലോട്ടറിചൂതാട്ട മാഫിയകളുമായുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബന്ധം പുറത്തുവരികയാണ്. കള്ളുകച്ചവടത്തിന് എന്‍ഒസി നല്‍കിയത് കെപിസിസി പ്രസിഡന്റും ലോട്ടറിമാഫിയ തലവനെ എംപിയാക്കിയത് എഐസിസിയുമാണ്. ഉപവാസനാടകം നടത്തുന്ന എം എം ഹസ്സന്‍ മദ്യക്കച്ചവടക്കാരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന് പറയാന്‍ തന്റേടം കാണിക്കുമോയെന്നും രാജേഷ് ചോദിച്ചു.

    ReplyDelete