Monday, October 11, 2010

ഗെയിംസ്: രണ്ടാം ദിവസവും ഡല്‍ഹി നിശ്ചലമായി

കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ജീവിതം വഴിമുട്ടിയ തലസ്ഥാന നഗരിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ. ഞായറാഴ്ച സൈക്ളിങ്ങിനായി ഡല്‍ഹി നഗരത്തെ സുരക്ഷാസേനയും സംഘാടകരും സ്തംഭിപ്പിച്ചു. നഗരഹൃദയത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് ഉള്‍പ്പെടുന്ന പ്രധാനപാതയും അനുബന്ധപാതകളും 20 മണിക്കൂറോളം അടച്ചിട്ട പൊലീസ് ജനങ്ങളെ തെറിവിളിച്ചും ലാത്തിവീശിയും ഓടിച്ചു. കൊണാട്ട്പ്ളേസ് മുതല്‍ വിജയ് ചൌക്ക് വരെയുള്ള പാതയില്‍ സൈക്കിളുകളും ആഡംബര കാറുകളില്‍ സംഘാടകരും പറന്നുല്ലസിച്ചപ്പോള്‍ നഗരത്തിലെ ആബാലവൃദ്ധം ഒരിക്കല്‍ക്കൂടി കോമണ്‍‌വെല്‍ത്ത് ഗെയിംസിനെ ശപിച്ചു.

ശനിയാഴ്ച നടത്തമത്സരത്തിനായി അടച്ചിട്ട പാത അര്‍ധരാത്രിയോടെതന്നെ വീണ്ടും ബാരിക്കേഡുകളും ഇരുമ്പുവേലികളും നിരത്തി ഒരിക്കല്‍ക്കൂടി 'സുരക്ഷ' ഉറപ്പാക്കി. ഞായറാഴച രാവിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയവരെയെല്ലാം പൊലീസ് തുരത്തി. പത്രത്തിലൂടെ അറിയിച്ചിരുന്നില്ലേയെന്നും ഈ ദിവസം റോഡിലിറങ്ങാന്‍ പാടില്ലെന്നുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ താക്കീത്. രാവിലെ ഒമ്പതോടെയാണ് സൈക്ളിങ്ങിനായി വഴിയടയ്ക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, നേരം പുലരുംമുമ്പുതന്നെ റോഡുകളില്‍ ജനസഞ്ചാരം തടഞ്ഞു. പാതിവഴിയില്‍ കുടുങ്ങിപ്പോയവര്‍ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പെരുവഴിയില്‍ വെള്ളംപോലും കിട്ടാതെ വലഞ്ഞു. പാര്‍ലമെന്റ് സ്ട്രീറ്റിലേക്കുള്ള റോഡുകളെല്ലാം പൊലീസുകാരെത്തിയ ബസുകള്‍ കുറുകെയിട്ട് ഒരു കിലോമീറ്ററോളം അകലെനിന്ന് അടച്ചിരുന്നു. ആശുപത്രിയിലേക്ക് പോകാന്‍പോലും പൊലീസ് അനുവദിച്ചില്ല. ജനങ്ങള്‍ നിശബ്ദരായും രോഷമുയര്‍ത്തിയും നടുവഴിയില്‍ കുത്തിയിരുന്ന് പലരും നേരം ഇരുട്ടിച്ചു.

നഗരഹൃദയത്തില്‍തന്നെ മത്സരം സംഘടിപ്പിക്കുന്നത് ജനപങ്കാളിത്തം ഉറപ്പാക്കാനാണെന്ന സംഘാടകരുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും അതേറ്റുപാടിയ ചില മാധ്യമങ്ങളുടെയും പൊള്ളത്തരവും വെളിവായി. വന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ നടന്ന മത്സരം കാണാന്‍ പൊലീസുകാരല്ലാതെ മാറ്റാരും ഉണ്ടായില്ല. ചിലര്‍ കുട്ടികള്‍ക്കൊപ്പം മത്സരം കാണാനിറങ്ങിയെങ്കിലും പൊലീസ് ലാത്തിവീശി തുരത്തി. ഒരൊറ്റ മനുഷ്യക്കുഞ്ഞിനെയും പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന നിര്‍ബന്ധബുദ്ധിയോടെ പൊലീസും സംഘാടകരും പെരുമാറിയപ്പോള്‍ ഈ കാട്ടിക്കൂട്ടലൊക്കെ ആര്‍ക്കുവേണ്ടിയെന്ന ചോദ്യം ബാക്കിയായി.

കഴിഞ്ഞ ദിവസത്തെ കഥ താഴെ

ഡല്‍ഹിയില്‍ സഞ്ചാരസ്വാതന്ത്ര്യമില്ല: ഗെയിംസിന് ട്രാക്കൊരുക്കാന്‍ ജനങ്ങളെ അടിച്ചോടിക്കുന്നു

ഒമ്പതുലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നിട്ടും കളികാണാന്‍ കാണികളില്ലെന്നാണ് കോമണ്‍‌വെല്‍ത്ത് ഗെയിംസിനെതിരായ ഏറ്റവും പുതിയ ആക്ഷേപം. അതേസമയം, സ്റേഡിയത്തിന് പുറത്ത് റോഡില്‍ നടക്കുന്ന മത്സരം കാണാനെത്തുന്ന നഗരവാസികളെ ഭീകരരെയെന്നപോലെയാണ് അടിച്ചോടിക്കുന്നത്. സൈക്ളിങ്ങും മാരത്തണും മറ്റും നടക്കുമ്പോള്‍ റോഡരികില്‍ നിന്ന് ആര്‍ത്തുവിളിക്കുന്ന കാണികളാണ് ലോകമേളകളിലെല്ലാം കാണുന്ന കാഴ്ച. എന്നാല്‍, ഡല്‍ഹി ഇക്കാര്യത്തിലും 'പുതിയ മാതൃക' സൃഷ്ടിച്ചു. ശനിയാഴ്ചത്തെ നടത്തമത്സരത്തിന് കാഴ്ചക്കാരായത് പൊലീസുകാര്‍മാത്രം.

സുരക്ഷയ്ക്കെന്ന പേരില്‍ സ്വീകരിക്കുന്ന അശാസ്ത്രീയവും അനാവശ്യവുമായ നിയന്ത്രണങ്ങളാണ് ഗെയിംസില്‍നിന്ന് കാണികളെ അകറ്റുന്നതെന്ന ആക്ഷേപം കോമണ്‍‌വെല്‍ത്ത് ഫെഡറേഷന്‍തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. സ്റേഡിയത്തിലേക്ക് ആളെ എങ്ങനെ കടത്താതിരിക്കാമെന്ന ഒറ്റ ചിന്തയോടെയാണ് സുരക്ഷാ പരിശോധന. മത്സരങ്ങള്‍ റോഡിലേക്ക് എത്തിയപ്പോള്‍ ഇത് വര്‍ധിച്ചു. ശനിയാഴ്ച നടന്ന നടത്തമത്സരത്തിന് വഴിയൊരുക്കാനായി നഗരത്തിലാകെ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. മത്സരസമയത്ത് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത്യാവശ്യങ്ങള്‍ക്ക് റോഡിലിറങ്ങിയവരെ പൊലീസ് വട്ടംകറക്കി. പലയിടത്തും പൊലീസ് ജനങ്ങളെ ലാത്തിവീശി ഓടിച്ചു. സമയത്ത് ഭക്ഷണവും വെള്ളവുംപോലും ഇല്ലാതെ ദിവസങ്ങളോളം ജോലി ചെയ്ത പൊലീസുകാര്‍ ഗെയിംസിനോടുള്ള വിരോധം പ്രകടിപ്പിച്ചതും ജനങ്ങള്‍ക്കുമേലാണ്.

ഞായറാഴ്ചത്തെ സൈക്ളിങ് മത്സരത്തിനും 14ന് മാരത്തണിനും ഇതേവഴി ട്രാക്കാകുമ്പോള്‍ ഇതിലും വലിയ 'സുരക്ഷാനിയന്ത്രണ'ത്തിനാണ് സംഘാടകര്‍ തയ്യാറെടുക്കുന്നത്. ഡി ഡി ഉപാധ്യായ മാര്‍ഗിലെ സിഎജി ഓഫീസുമുതല്‍ വിജയ്ചൌക്കുവരെ നീളുന്ന ഭാഗത്താണ് ഗെയിംസിന്റെ റോഡുമത്സരങ്ങള്‍ നടക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പുതന്നെ ഈ റോഡില്‍ പലയിടത്തും ഗതാഗതനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റും കൊണാട്ട്പ്ളേസും അശോകറോഡും ഉള്‍പ്പെടുന്ന ഈ പ്രധാനപാതയിലേക്ക് എത്തുന്ന മറ്റ് റോഡുകളെല്ലാം വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍തന്നെ പൊലീസ് അടച്ചു. ഈ റോഡുകളിലേക്കുള്ള മെട്രോ റെയില്‍ സ്റേഷനുകള്‍പോലും അടച്ചിട്ടു. ജനങ്ങള്‍ക്ക് ഈ പ്രദേശത്തേക്ക് കാല്‍നടയായി സഞ്ചരിക്കാനും അനുമതിയില്ല. ഓഫീസുകളില്‍ എത്തിയ ഉദ്യോഗസ്ഥരെപ്പോലും കടത്തിവിട്ടില്ല. രാവിലെ ആറരമുതല്‍ ഉച്ചവരെ റോഡ് മുറിച്ചുകടക്കാനും പൊലീസ് വിലക്ക് കല്‍പ്പിച്ചു. നിസ്സഹായത പങ്കുവച്ച പലരെയും തിരിച്ചറിയല്‍കാര്‍ഡുകള്‍ പരിശോധിച്ചശേഷം നടന്നുനീങ്ങാന്‍ പൊലീസുകാര്‍ അനുവദിച്ചെങ്കിലും സംഘാടകരുടെ ബാഡ്ജണിഞ്ഞവര്‍ ശകാരവും തെറിവിളിയുമായെത്തി തുരത്തി.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന റോഡുകളുടെ ഇരുവശത്തും പത്തടിയോളം ഉയരത്തില്‍ കൂറ്റന്‍ കമ്പിവേലികള്‍ നിരത്തിയാണ് ഗെയിംസിനായി ജനങ്ങളെ ഓടിച്ചത്. വിദേശികള്‍ക്കുമുന്നില്‍ ഇന്ത്യയുടെ യഥാര്‍ഥചിത്രം വെളിപ്പെടാതിരിക്കാന്‍ ആയിരക്കണക്കിന് തൊഴിലാളികളെയും ഭിക്ഷക്കാരെയും പൊലീസ് നാടുകടത്തിയിരുന്നു. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.

വിജേഷ് ചൂടല്‍ ദേശാഭിമാനി 101010-111010

2 comments:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ജീവിതം വഴിമുട്ടിയ തലസ്ഥാന നഗരിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ. ഞായറാഴ്ച സൈക്ളിങ്ങിനായി ഡല്‍ഹി നഗരത്തെ സുരക്ഷാസേനയും സംഘാടകരും സ്തംഭിപ്പിച്ചു. നഗരഹൃദയത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് ഉള്‍പ്പെടുന്ന പ്രധാനപാതയും അനുബന്ധപാതകളും 20 മണിക്കൂറോളം അടച്ചിട്ട പൊലീസ് ജനങ്ങളെ തെറിവിളിച്ചും ലാത്തിവീശിയും ഓടിച്ചു. കൊണാട്ട്പ്ളേസ് മുതല്‍ വിജയ് ചൌക്ക് വരെയുള്ള പാതയില്‍ സൈക്കിളുകളും ആഡംബര കാറുകളില്‍ സംഘാടകരും പറന്നുല്ലസിച്ചപ്പോള്‍ നഗരത്തിലെ ആബാലവൃദ്ധം ഒരിക്കല്‍ക്കൂടി കോമണ്‍‌വെല്‍ത്ത് ഗെയിംസിനെ ശപിച്ചു.

    ReplyDelete
  2. അപ്പോള്‍ അതായിരുന്നു കാരണം അല്ലേ. സൈക്കിള്‍ ഓട്ടം കണ്ടപ്പോള്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ ഒക്കെ എങ്ങോട്ടു പോയി എന്നു സംശയിച്ചിരുന്നു.
    ഉം ഇപ്പോഴല്ലേ പിടി കിട്ടിയത്.


    you may be interested in the following post
    http://indiablooming.com/?p=921

    ReplyDelete