Monday, October 11, 2010

ലോട്ടറി മാഫിയയെ ഒഴിവാക്കിയാല്‍ സഹകരിക്കും: ഐസക്

സാന്റിയാഗോ മാര്‍ട്ടിനെപോലുള്ള ലോട്ടറി മാഫിയകളെ ഒഴിവാക്കി ലോട്ടറി നടത്താന്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സഹായിക്കാന്‍ കേരളം സന്നദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള ലോട്ടറി പോലെ ഇടനിലക്കാരെ ഒഴിവാക്കി ലോട്ടറി വില്‍പനക്ക് താല്‍പര്യമുണ്ടെന്ന് ഈ സര്‍ക്കാരുകള്‍ അറിയിച്ചാല്‍ മന്ത്രിസഭ നയപരമായ തീരുമാനമെടുക്കും. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മേഘയ്ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. മേഘ ഭൂട്ടാന്റെ ഔദ്യോഗിക പ്രമോട്ടറല്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിപ്രായം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നടപടി യെടുത്തതാണ്. എന്നാല്‍, കോടതിവിധിയുടെ അടിസ്ഥാനത്തില്‍പുനഃസ്ഥാപിക്കേണ്ടിവന്നു. കഴിഞ്ഞ മൂന്നു വര്‍ഷവും പുതുക്കിയത് കോടതി ഉത്തരവ് പ്രകാരമാണ്. മേഘക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണപരമായ നടപടി സ്വീകരിക്കുക മാത്രമല്ല ചെയ്തത്, കേസും നടത്തി.

എന്നാല്‍, മേഘയ്ക്ക് അനുകൂലമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ അധികാരമുള്ള കേന്ദ്രം, മാര്‍ട്ടിന്‍ ഭൂട്ടാന്റെ ഔദ്യോഗിക പ്രമോട്ടറാണെന്നുവാദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മുതല്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വരെയുള്ളവരുടെ വാദം ഇതു തന്നെയായിരുന്നു. കേരള ലോട്ടറി നിരോധിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കാനാകൂ എന്ന സാഹചര്യമാണുള്ളത്. കേരള ലോട്ടറി നിരോധിച്ച് സംസ്ഥാനത്തിന് വന്‍ തിരിച്ചടി ഉണ്ടാക്കാന്‍ എല്‍ഡിഎഫ് ഒരുക്കമല്ല. ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ അധികാരമുള്ള കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാവണമെന്നാണ് സംസ്ഥാനം നിരന്തരമായി ആവശ്യപ്പെടുന്നത്- ഐസക് പറഞ്ഞു.

ദേശാഭിമാനി 111010

2 comments:

  1. സാന്റിയാഗോ മാര്‍ട്ടിനെപോലുള്ള ലോട്ടറി മാഫിയകളെ ഒഴിവാക്കി ലോട്ടറി നടത്താന്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സഹായിക്കാന്‍ കേരളം സന്നദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള ലോട്ടറി പോലെ ഇടനിലക്കാരെ ഒഴിവാക്കി ലോട്ടറി വില്‍പനക്ക് താല്‍പര്യമുണ്ടെന്ന് ഈ സര്‍ക്കാരുകള്‍ അറിയിച്ചാല്‍ മന്ത്രിസഭ നയപരമായ തീരുമാനമെടുക്കും. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete
  2. അന്യ സംസ്ഥാന ലോട്ടറി കേസില്‍ മേഘക്കുവേണ്ടി തിങ്കളാഴ്ച തമിഴ്നാട് എജി പി എസ് രാമന്‍ ഹാജരായില്ല. തമിഴ്നാട്ടില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെയുള്ള കേസുകളുടെ വിശദാംശങ്ങള്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷിച്ച ഷിയാസ് കോടതിയില്‍ നല്‍കി. തമിഴ്നാട് എജി ഹാജരായതിന്റെ ഭരണഘടനാ പ്രശ്നം പരിശോധിക്കുന്ന ഹര്‍ജി കോടതി മാറ്റിവച്ചു.

    ReplyDelete