Monday, October 11, 2010

രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതികേന്ദ്രം: സുപ്രീംകോടതി

സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. ആദായനികുതി, വാണിജ്യനികുതി, എക്സൈസ് വകുപ്പുകളില്‍ അഴിമതി ആശങ്കാജനകമാംവിധം പ്രകടമാണെന്നും ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ടി എസ് താക്കൂറും ഉള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.

'ഈ രാജ്യത്ത് അഴിമതിയും ക്രമക്കേടും തടയാന്‍ ഒരു സംവിധാനവും ഇല്ലാത്തത് നിര്‍ഭാഗ്യമാണ്. പണം ഒഴുക്കാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. എന്തുകൊണ്ട് സര്‍ക്കാരിന് അഴിമതിയെ നിയമവിധേയമാക്കിക്കൂടാ. അപ്പോള്‍ ഓരോ ആവശ്യത്തിനും പ്രത്യേകം തുക കൈക്കൂലിയായി നിശ്ചയിക്കാമല്ലോ. ആവശ്യക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തുകയുടെ കാര്യത്തിലുള്ള വിലപേശല്‍ ഒഴിവാകുകയും ചെയ്യും'-സുപ്രീം കോടതി പരിഹസിച്ചു.

കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട ആദായനികുതി ഇന്‍സ്പെക്ടര്‍ മോഹന്‍ലാല്‍ ശര്‍മയെ കുറ്റവിമുക്തനാക്കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിചാരണക്കോടതി മോഹന്‍ലാല്‍ ശര്‍മയെ ഒരുവര്‍ഷത്തെ കഠിനതടവ് ശിക്ഷിച്ചു. എന്നാല്‍, ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി. സിബിഐക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര ഇക്കാര്യം ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കോടതി പരിഹാസരൂപേണ അഴിമതിക്കെതിരെ പ്രതികരിച്ചത്.

അഴിമതി നിയമവിരുദ്ധമാക്കുന്നതില്‍ സീനിയര്‍ കോണ്‍സലായ കെ കെ വേണുഗോപാലിന് നിര്‍ദേശങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നും ബെഞ്ച് ആരാഞ്ഞു. രാജ്യത്തെ എല്ലാ സ്കൂളിലും പാഠ്യപദ്ധതിയുടെ ഭാഗമായി മൂല്യബോധം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.

വണ്ടിച്ചെക്കുകേസിലെ പ്രതിക്കുവേണ്ടി കെ കെ വേണുഗോപാല്‍ ഹാജരായപ്പോഴും സുപ്രീം കോടതി വിമര്‍ശിച്ചു.

'നിങ്ങളെപ്പോലെ കോണ്‍സല്‍ പദവിയിലിരിക്കുന്നവരെങ്കിലും ഇത്തരം ആള്‍ക്കാര്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് ഞങ്ങള്‍ വിചാരിച്ചു. മഹാത്മ ഗാന്ധിയും അഭിഭാഷകനായിരുന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും ഇത്തരം ആള്‍ക്കാര്‍ക്കുവേണ്ടി ഹാജരായിട്ടില്ല'-ബെഞ്ച് പറഞ്ഞു.

ഭാവിയില്‍ കേസുകള്‍ ഏറ്റെടുക്കുമ്പോള്‍ കോടതിയുടെ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കാമെന്ന് കെ കെ വേണുഗോപാല്‍ പറഞ്ഞു.

ദേശാഭിമാനി 111010

4 comments:

  1. സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. ആദായനികുതി, വാണിജ്യനികുതി, എക്സൈസ് വകുപ്പുകളില്‍ അഴിമതി ആശങ്കാജനകമാംവിധം പ്രകടമാണെന്നും ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ടി എസ് താക്കൂറും ഉള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.

    'ഈ രാജ്യത്ത് അഴിമതിയും ക്രമക്കേടും തടയാന്‍ ഒരു സംവിധാനവും ഇല്ലാത്തത് നിര്‍ഭാഗ്യമാണ്. പണം ഒഴുക്കാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. എന്തുകൊണ്ട് സര്‍ക്കാരിന് അഴിമതിയെ നിയമവിധേയമാക്കിക്കൂടാ. അപ്പോള്‍ ഓരോ ആവശ്യത്തിനും പ്രത്യേകം തുക കൈക്കൂലിയായി നിശ്ചയിക്കാമല്ലോ. ആവശ്യക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തുകയുടെ കാര്യത്തിലുള്ള വിലപേശല്‍ ഒഴിവാകുകയും ചെയ്യും'-സുപ്രീം കോടതി പരിഹസിച്ചു.

    ReplyDelete
  2. ജുഡീഷ്യറിയില്‍ മാത്രം അഴിമതിയില്ല. അതുമാത്രമാണ് ഒരു അശ്വാസം...!! :)

    ReplyDelete
  3. കേരള സര്‍ക്കാരിനെപ്പറ്റി നാട്ടിലെ ഏതെങ്കിലും ജഡ്‌ജിയുടെ നാവില്‍ നിന്ന് ഒരു വാക്കെങ്കിലും വീണുകിട്ടിയാല്‍ ആറു കോളം തലക്കെട്ടില്‍ എടുത്തു വീശാനും ചാനലുകളില്‍ അറുപതു മിനിറ്റ് ‘ചര്‍ച്ചി’ക്കാനും ചാടിപ്പുറപ്പെടുന്ന മാധ്യമമഹാരഥന്മാരെയൊന്നും ആ പ്രദേശത്തേ കണ്ടില്ല...!!

    ReplyDelete
  4. അവര്‍ ‘പൊളിച്ചെഴുതപ്പെടാനുള്ള’ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.:)

    ReplyDelete