Thursday, November 25, 2010

എന്‍ഡോസള്‍ഫാന്‍: കേന്ദ്രസര്‍ക്കാരിന്റേത് കാപട്യം

എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വിതച്ച ജീവിതനാശം ചെറുതൊന്നുമായിരുന്നില്ല. കാസര്‍കോട് ജില്ലയിലെ ഒമ്പതോളം പഞ്ചായത്തുകളിലെ മനുഷ്യര്‍ മൃതാവസ്ഥയില്‍ എത്തിചേര്‍ന്നതും പലരും മരണപ്പെട്ടതും എന്‍ഡോസള്‍ഫാന്റെ പ്രയോഗത്തെ തുടര്‍ന്നായിരുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അംഗവൈകല്യമുള്ളവരും ജീവിതമെന്തന്നറിയാനാവാത്തവരുമായി മാറി തീര്‍ന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവരും ശാരീരിക വൈകല്യത്തിന്റെ അസ്വസ്ഥതകള്‍ വേട്ടയാടുന്നവരുമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ച പ്രദേശങ്ങളിലെ നൂറുകണക്കിന് മനുഷ്യര്‍ മാറിതീര്‍ന്നു. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെട്ട സ്ഥലങ്ങളിലെ നവജാത ശിശുക്കള്‍ ശാരീരിക വൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയും പ്രതീകങ്ങളായി നമുക്ക് മുന്നില്‍ വേദന സൃഷ്ടിച്ച് നിലകൊള്ളുന്നു.

അപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കണമെങ്കില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെകൂടി അഭിപ്രായം പരിഗണിക്കേണ്ടതുണ്ടെന്ന് പ്രഖ്യാപിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച കടുത്ത ദുരന്തങ്ങളുടെ ജീവിത സാക്ഷ്യപത്രങ്ങള്‍ കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭ്യമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തന്നെ ഇടുക്കിയിലും പാലക്കാടും വയനാട്ടിലും എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച ദുരന്തജീവിതങ്ങളുടെ കറുത്ത യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

എന്നിട്ടും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കേന്ദ്രഭരണകൂടം തയ്യാറാകാതിരിക്കുന്നത് അത്യന്തം ദുരൂഹമാണ്.
എന്‍ഡോസള്‍ഫാന്റെ ഇരകളായ മനുഷ്യരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് ആശ്വാസധനം നല്‍കാനും ചികിത്സ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ സമഗ്ര പാക്കേജ് നടപ്പാക്കാനും ഇടതുസര്‍ക്കാര്‍ മുന്‍കൈ എടുത്തു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ സൗജന്യ റേഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് സാധ്യമായ നിലയില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

പക്ഷേ കേന്ദ്ര ഗവണ്‍മെന്റിന്റെ നിഷേധാത്മക സമീപനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അവഹേളിക്കുന്നതാണ്. അശരണരും ആലംബഹീനരും അവശരുമായി കഴിയുന്ന ഒരു വലിയ ജനവിഭാഗത്തെ കീടനാശിനി കമ്പനിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പിന്തുണയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എന്‍ഡോസള്‍ഫാന്‍ വിതച്ച വിനാശത്തിന്റെ ഇരകളായി മരണപ്പെട്ടവരുടേയും മരിച്ചു ജീവിക്കുന്നവരുടേയും പ്രതീകങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും ഇതര സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കൂടി ആരാഞ്ഞെ എന്‍ഡോസള്‍ഫാനെതിരായ നടപടി സ്വീകരിക്കൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കീടനാശിനി നിര്‍മാണ കുത്തകകളോടുള്ള ഐക്യവും ബന്ധവും ഊട്ടി ഉറപ്പിക്കുന്നതിന്റെഭാഗമായുള്ള അടവുതന്ത്രമാണ്.

മനുഷ്യജീവനാണ് പ്രധാനം എന്ന പരമപ്രധാനമായ യാഥാര്‍ഥ്യം കുത്തകകാര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ കര്‍ത്താക്കളും തിരിച്ചറിയുന്നില്ലെന്നതാണ് ജനങ്ങളെ ഞെട്ടിപ്പിക്കുന്നത്.

ജനയുഗം മുഖപ്രസംഗം 251110

1 comment:

  1. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വിതച്ച ജീവിതനാശം ചെറുതൊന്നുമായിരുന്നില്ല. കാസര്‍കോട് ജില്ലയിലെ ഒമ്പതോളം പഞ്ചായത്തുകളിലെ മനുഷ്യര്‍ മൃതാവസ്ഥയില്‍ എത്തിചേര്‍ന്നതും പലരും മരണപ്പെട്ടതും എന്‍ഡോസള്‍ഫാന്റെ പ്രയോഗത്തെ തുടര്‍ന്നായിരുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അംഗവൈകല്യമുള്ളവരും ജീവിതമെന്തന്നറിയാനാവാത്തവരുമായി മാറി തീര്‍ന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവരും ശാരീരിക വൈകല്യത്തിന്റെ അസ്വസ്ഥതകള്‍ വേട്ടയാടുന്നവരുമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ച പ്രദേശങ്ങളിലെ നൂറുകണക്കിന് മനുഷ്യര്‍ മാറിതീര്‍ന്നു. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെട്ട സ്ഥലങ്ങളിലെ നവജാത ശിശുക്കള്‍ ശാരീരിക വൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയും പ്രതീകങ്ങളായി നമുക്ക് മുന്നില്‍ വേദന സൃഷ്ടിച്ച് നിലകൊള്ളുന്നു.

    ReplyDelete