Sunday, November 28, 2010

പാസ്സീവ് സ്‌മോക്കിംഗ്' കവര്‍ന്നത് ആറുലക്ഷം ജീവനെന്ന് ലോകാരോഗ്യസംഘടന

ജനീവ: ഓരോ വര്‍ഷവും പാസ്സീവ് സ്‌മോക്കിംഗിലൂടെ ആറുലക്ഷം പേര്‍ ലോകവ്യാപകമായി മരണമടയുന്നതായി ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വന്തമായി പുകവലിശീലം ഇല്ലാത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള വലിയൊരു ശതമാനം പേര്‍ പുകവലിക്കാര്‍ പുറത്തേയ്ക്ക് വിടുന്ന പുക ശ്വസിച്ച് വിവിധ തരം മാരക രോഗങ്ങള്‍ക്ക് അടിപ്പെടുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 192 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനസംഘം വിവരങ്ങള്‍ ശേഖരിച്ചത്.

നിക്കോട്ടിന്‍ അടങ്ങിയ വിഷപ്പുകയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മൂന്നിലൊന്നു ശതമാനം പേര്‍ കുട്ടികളാണ്. ശിശുമരണനിരക്കിലെ വര്‍ധനവിലും പുകവലി പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിമോണിയ, ആസ്ത്മ, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശസംബന്ധമായ തകരാറുകള്‍, ശ്വാസകോശ കാന്‍സര്‍ എന്നീ രോഗങ്ങള്‍ പടരാന്‍ പാസ്സീവ് സ്‌മോക്കിംഗ് കാരണമായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പുകയിലയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്നതാണ് പഠനറിപ്പോര്‍ട്ടെന്ന് ലോകാരോഗ്യസംഘടന പുകയിലവിരുദ്ധ സമിതിയുടെ തലവന്‍ അര്‍മാന്‍ഡോ പെറൂഗ അഭിപ്രായപ്പെട്ടു.

പുകയുമായി ബന്ധപ്പെട്ട ശ്വാസകോശരോഗങ്ങളെത്തുടര്‍ന്ന് മരണമടഞ്ഞ 165,000 കുട്ടികളില്‍ ഭൂരിഭാഗം പേരും ആഫ്രിക്കയിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലും നിന്നുളളവരായിരുന്നു. ഈ രാജ്യങ്ങളില്‍ വീടുകള്‍ക്കുളളില്‍ പുകവലി വ്യാപകമായതാണ് ഇത്തരത്തിലുളള അസുഖങ്ങള്‍ വ്യാപകമാകാന്‍ കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ലോകവ്യാപകമായി 40 ശതമാനം കുട്ടികള്‍, പുകവലിക്കാരല്ലാത്ത 33 ശതമാനം പുരുഷന്‍മാര്‍, പുകവലിക്കാത്ത 35 ശതമാനത്തോളം സ്ത്രീകള്‍ എന്നിവര്‍ പാസ്സീവ് സ്‌മോക്കിംഗിലൂടെയുളള അസുഖങ്ങള്‍ മുഖേന 2004ല്‍  മരണത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 379,000 മരണങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നും 165,000 ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നും 36,900 പേര്‍ ആസ്ത്മ രോഗത്തെത്തുടര്‍ന്നും 21,400 പേര്‍ ശ്വാസകോശ കാന്‍സറിനെത്തുടര്‍ന്നുമാണ് മരണമടഞ്ഞത്.

ലോകത്ത് പാസ്സീവ് സ്‌മോക്കിംഗിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ യൂറോപ്പിലും ഏഷ്യയിലുമാണെന്ന് പഠനത്തില്‍ പറയുന്നു. ഏറ്റവും കുറവ് അമേരിക്കയിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തും.

ജനയുഗം 271110

1 comment:

  1. ഓരോ വര്‍ഷവും പാസ്സീവ് സ്‌മോക്കിംഗിലൂടെ ആറുലക്ഷം പേര്‍ ലോകവ്യാപകമായി മരണമടയുന്നതായി ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വന്തമായി പുകവലിശീലം ഇല്ലാത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള വലിയൊരു ശതമാനം പേര്‍ പുകവലിക്കാര്‍ പുറത്തേയ്ക്ക് വിടുന്ന പുക ശ്വസിച്ച് വിവിധ തരം മാരക രോഗങ്ങള്‍ക്ക് അടിപ്പെടുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 192 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനസംഘം വിവരങ്ങള്‍ ശേഖരിച്ചത്.

    ReplyDelete