Wednesday, November 24, 2010

ഈ ദുര്‍വാശി എന്തിന്?

കഴിഞ്ഞ എട്ടു ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചുകൊണ്ടിരിക്കുന്നു. ടെലികോം കുംഭകോണത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പര്‍ലമെന്റ് നടപടിക്രമങ്ങളിലേയ്ക്ക് കടക്കാനാവാതെ പിരിയേണ്ടിവരുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായാണ് 2-ജി സ്‌പെക്ട്രം കുംഭകോണം വിശേഷിപ്പിക്കപ്പെടുന്നത്. ഈ കുംഭകോണത്തിന്റെ കാര്യത്തില്‍ യു പി എ സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിനും ആദ്യഘട്ടം മുതല്‍ തന്നെ നിഷേധാത്മക സമീപനമായിരുന്നു. അഴിമതിയുടെ പിന്നാമ്പുറക്കഥകള്‍ വസ്തുതകളുടെ പിന്‍ബലത്തോടെ മാധ്യമങ്ങളിലൂടെ വെളിച്ചത്തുവന്നപ്പോള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും നിസ്സംഗ സമീപനം സ്വീകരിച്ചു. ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കുവാന്‍ അവര്‍ തയ്യാറായതുമില്ല.

ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ 2-ജി സ്‌പെക്ട്രം ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന് സി എ ജി റിപ്പോര്‍ട്ടിലൂടെ വെളിവായിട്ടും കേന്ദ്ര സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും മൗനം അവലംബിക്കുകയായിരുന്നു. സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സുപ്രിം കോടതി തന്നെ നിശിതമായ പരാമര്‍ശം നടത്തിയപ്പോഴും നിസ്സംഗതയുടെയും നിഷ്‌ക്രിയത്വത്തിന്റെയും ലോകത്തിലായിരുന്നൂ ഭരണ നേതൃത്വം.

2-ജി സ്‌പെക്ട്രം അഴിമതിയിലെ മുഖ്യ കുറ്റവാളിയെന്ന് കരുതപ്പെടുന്ന ടെലികോം വകുപ്പ് മന്ത്രിയായിരുന്ന എ രാജയെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷയിന്‍മേല്‍ പോലും തീരുമാനമെടുക്കാതെ അടയിരിക്കുകയായിരുന്നൂ പ്രധാനമന്ത്രി. അതിന്റെ പേരിലും സുപ്രിം കോടതിയുടെ നിശിത വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരെയുണ്ടായി.

സ്‌പെക്ട്രം കുംഭകോണത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. മന്ത്രി രാജയെ രാജിവയ്പ്പിക്കുന്നതില്‍ കടുത്ത വൈമനസ്യം പ്രകടിപ്പിച്ച ഭരണ നേതൃത്വം ഒടുവില്‍ അതിനുവഴങ്ങേണ്ടിവന്നു. രാജിവെയ്ക്കില്ലെന്ന രാജയുടെയും ഡി എം കെ മേധാവി കരുണാനിധിയുടെയും ധാര്‍ഷ്ട്യ പ്രകടനം ഉണ്ടായപ്പോള്‍ പോലും മിണ്ടാതിരുന്ന കോണ്‍ഗ്രസിന് ജനങ്ങളുടെ പ്രതികരണം അങ്ങേയറ്റം തങ്ങള്‍ക്കെതിരാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ രാജയുടെ രാജി കൈപ്പറ്റേണ്ടിവന്നു.

പാര്‍ലമെന്റ് നിരന്തരം തടസ്സപ്പെട്ടിട്ടും ജെ പി സി അന്വേഷണത്തെ യു പി എ ഭരണനേതൃത്വവുംകോണ്‍ഗ്രസ് പാര്‍ട്ടിയും ഭയപ്പെടുന്നതെന്തുകൊണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ വിഷയം. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. യു പി എ ഘടകകക്ഷികള്‍ പോലും ജെ പി സി അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് കോണ്‍ഗ്രസ് മുഖംതിരിഞ്ഞുനില്‍ക്കുന്നത്.

1998 മുതലുള്ള ടെലികോം ഇടപാടുകള്‍ അന്വേഷിക്കുകയാണെങ്കില്‍ ജെ പി സി അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഡി എം കെ പ്രസ്താവിച്ചു. മറ്റൊരു ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പ് മുഖ്യ ഭരണകക്ഷിയുടെ ഉത്തരവാദിത്വമാണെന്നും അതുകൊണ്ടു തന്നെ ജെ പി സി അന്വേഷണത്തെ നിരാകരിക്കേണ്ടതില്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്.

എന്നിട്ടും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നതെന്തുകൊണ്ടാണ്? കോണ്‍ഗ്രസിന്റെ ഈ ഭയപ്പാട് ടെലികോം കുംഭകോണത്തിലെ ദുരൂഹതകള്‍ വളര്‍ത്തുകയാണ്. സ്‌പെക്ട്രം ഇടപാടിലെ ഓരോ ഘട്ടത്തിലും താന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി രാജ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നത് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആലോചനാമൃതമാണ്. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലെത്തിക്കുമെന്ന ഭയപ്പാടാണ് പാര്‍ലമെന്റ് സ്തംഭിച്ചാലും ജെ പി സി അന്വേഷണമില്ലെന്ന നിലപാടിനു അവരെ പ്രേരിപ്പിക്കുന്നത്.

janayugom editorial 241110

1 comment:

  1. കഴിഞ്ഞ എട്ടു ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചുകൊണ്ടിരിക്കുന്നു. ടെലികോം കുംഭകോണത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പര്‍ലമെന്റ് നടപടിക്രമങ്ങളിലേയ്ക്ക് കടക്കാനാവാതെ പിരിയേണ്ടിവരുന്നത്.

    ReplyDelete