Sunday, November 28, 2010

വ്യവസ്ഥകള്‍ നോക്കുകുത്തിയായി മന്‍മോഹന്‍ കണ്ണടച്ചു

തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 3

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ് 

2003 ഒക്ടോബര്‍ 31 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം സ്പെക്ട്രം വിതരണവിഷയത്തില്‍ നിര്‍ണായകമായ മൂന്ന് തീരുമാനമെടുത്തു. ഒന്ന്: ടെലികോം സേവനമേഖലയുടെ വളര്‍ച്ച കണക്കിലെടുത്ത് ആവശ്യത്തിന് സ്പെക്ട്രം ലഭ്യമാക്കണം. ഇതിനായി ടെലികോം മന്ത്രാലയവും പ്രതിരോധമന്ത്രാലയവും സഹകരിച്ചു പ്രവര്‍ത്തിക്കണം. രണ്ട്: പ്രതിരോധമന്ത്രാലയത്തിന് ആവശ്യത്തിന് ബജറ്റ് സഹായം ധനമന്ത്രാലയം ഉറപ്പുവരുത്തണം. മൂന്ന്: സ്പെക്ട്രം വിലനിര്‍ണയം ടെലികോം വകുപ്പും ധനമന്ത്രാലയവും ചര്‍ച്ച ചെയ്തുവേണം തീരുമാനിക്കാന്‍. സ്പെക്ട്രം ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്ക് ഇളവുകളും വേണ്ടവിധം ഉപയോഗിക്കാത്തവര്‍ക്ക് പിഴയും വേണം.
ധനമന്ത്രാലയവുമായി ആലോചിച്ചുവേണം വിലനിര്‍ണയമെന്ന മൂന്നാം തീരുമാനം സുപ്രധാനമാണ്. 2ജി ഇടപാടില്‍ ടെലികോം വകുപ്പ് ലംഘിച്ച പ്രധാന വ്യവസ്ഥയാണിത്. വ്യക്തമായും പ്രധാനമന്ത്രിക്ക് ഇടപെടാവുന്ന വിഷയം. ഇങ്ങനെയൊരു മന്ത്രിസഭാ തീരുമാനം നിലനില്‍ക്കെ പ്രധാനമന്ത്രി ഇടപെട്ടില്ല എന്നത് ഗൌരവമാണ്. സിഎജി ഈ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ തീരുമാനമെന്നുപറഞ്ഞ് ഈ വിഷയത്തില്‍ യുപിഎയ്ക്ക് കൈകഴുകാനാകില്ല. നിലവിലുള്ള മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും മന്ത്രാലയമോ വകുപ്പോ നീങ്ങിയാല്‍ മന്ത്രിസഭാ തലവനെന്ന നിലയില്‍ ഇടപെടേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. സ്പെക്ട്രം അഴിമതി തടയാന്‍ ഈ ഇടപെടലുണ്ടായില്ല.

പ്രധാനമന്ത്രിയുടെ വീഴ്ച ഈയൊരു കാര്യത്തില്‍ മാത്രമല്ല. ഏതെങ്കിലുമൊരു വിഷയത്തില്‍ രണ്ട് മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ സ്വാഭാവികമായും അത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടണം. അല്ലെങ്കില്‍ വിശദപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രിതല സമിതിയോട് ആവശ്യപ്പെടാം.

സ്പെക്ട്രത്തിനായി ഒട്ടേറെ അപേക്ഷ വന്നപ്പോള്‍ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന സംശയവുമായി ടെലികോം വകുപ്പ് 2007ല്‍ നിയമമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഏറെ സങ്കീര്‍ണമായ വിഷയമെന്ന നിലയില്‍ ടെലികോം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിതലസമിതിയുടെ പരിഗണനയ്ക്ക് വിടാമെന്ന ഉപദേശമാണ് നിയമമന്ത്രാലയം നല്‍കിയത്. എന്നാല്‍, ഉപദേശം അനവസരത്തിലുള്ളതെന്നായിരുന്നു ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. ഉപദേശം അവര്‍ തള്ളി.

2001 ലെ നിരക്കില്‍ 2008 ല്‍ സ്പെക്ട്രം അനുവദിക്കുന്നതിനെ ധനമന്ത്രാലയവും എതിര്‍ത്തിരുന്നു. 2003 ലെ ട്രായ് നിര്‍ദേശപ്രകാരം നിരക്ക് നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ധനമന്ത്രാലയത്തിന് ടെലികോം വകുപ്പിന്റെ മറുപടി. സ്പെക്ട്രം വിതരണം ലേലത്തിലൂടെ ആകുന്നതാകും ഉചിതമെന്ന് 2008 ജനുവരി പത്തിന് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. സ്പെക്ട്രം വിതരണത്തിനുശേഷം മുഖര്‍ജിയുടെ അഭിപ്രായം, 'നടന്നത് നടന്നു, ഭാവിയില്‍ ഇതുപാടില്ല' എന്നു മാറി.

രണ്ട് മന്ത്രാലയങ്ങള്‍ എതിര്‍ത്ത വിഷയം എന്തുകൊണ്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന ചോദ്യം പ്രസക്തമാണ്. 1961 ലെ കേന്ദ്രസര്‍ക്കാര്‍ നടപടിച്ചട്ടങ്ങള്‍ പ്രകാരം ഒന്നിലേറെ വകുപ്പുകള്‍ക്ക് ബാധകമാകുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതും ഉത്തരവ് പുറപ്പെടുവിക്കുന്നതും എല്ലാ വകുപ്പുകളുടെയും സമ്മതത്തോടെ വേണമെന്നുണ്ട്. വകുപ്പുകള്‍ തമ്മില്‍ ധാരണയില്ലെങ്കില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ നടപടിച്ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളില്‍ ഏതൊക്കെ വിഷയങ്ങളാണ് മന്ത്രിസഭയില്‍ വരേണ്ടതെന്ന് വ്യക്തമാക്കുന്നു. ഒന്ന്, ധനമന്ത്രി മന്ത്രിസഭയ്ക്ക് വിടണമെന്ന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സാമ്പത്തികവിഷയങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍. രണ്ട്, രണ്ടോ അതിലധികമോ മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള വിഷയങ്ങള്‍. ഏതുനിലയില്‍ പരിഗണിച്ചാലും സ്പെക്ട്രം ഇടപാട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടത്. 2007 നവംബറില്‍ പ്രധാനമന്ത്രി അയച്ച കത്തും അതിന് രാജ അയച്ച മറുപടികളും സ്പെക്ട്രം ഇടപാടിന്റെ ഓരോ ഘട്ടവും പ്രധാനമന്ത്രി അറിഞ്ഞുതന്നെയെന്ന് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ മൌനത്തിലും നിരുത്തരവാദിത്തത്തിലും രാജ്യത്തെ പരമോന്നതകോടതി സംശയം പ്രകടിപ്പിച്ചതിനും കാരണം മറ്റൊന്നല്ല.

എം പ്രശാന്ത് ദേശാഭിമാനി 281110

എന്താണ് സ്പെക്ട്രം

അന്തരീക്ഷത്തിലെ അദൃശ്യമായ വൈദ്യുതകാന്തിക തരംഗങ്ങളുടെ പൂര്‍ണ ശ്രേണിയാണ് റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രം. മൊബൈല്‍ ഫോണ്‍ സേവനത്തില്‍ ശബ്ദവും ദൃശ്യവുമൊക്കെ കൈമാറ്റം ചെയ്യപ്പെടുന്നത് സ്പെക്ട്രത്തിന്റെ സഹായത്താലാണ്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയനാണ് (ഐടിയു) വിവിധ ലോകരാജ്യങ്ങള്‍ക്ക് വ്യത്യസ്ത തരംഗശ്രേണികളില്‍ സ്പെക്ട്രം അനുവദിക്കുന്നത്. ഒമ്പത് കിലോഹേര്‍ട്ട്സ് മുതല്‍ 400 ജിഗാഹേര്‍ട്ട്സ് വരെ ശ്രേണിയിലാണ് ഇന്ത്യക്ക് സ്പെക്ട്രം അനുവദിച്ചിട്ടുള്ളത്.

വിപുലമായ മേഖലയില്‍ പരന്നുകിടക്കുന്ന റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രം ഭൂമിശാസ്ത്രപരമായ അന്താരാഷ്ട്ര അതിര്‍ത്തികളൊന്നും മാനിക്കാറില്ല. അതുകൊണ്ടുതന്നെ പരസ്പരം കെട്ടുപിണയാന്‍ ഏറെ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കെട്ടുപിണയല്‍ ഒഴിവാക്കി മൊബൈല്‍ സേവനത്തിനും മറ്റും സ്പെക്ട്രം ഉപയോഗിക്കുന്നതിന് സങ്കീര്‍ണമായ എന്‍ജിനിയറിങ് ഉപകരണങ്ങളുടെ പ്രയോഗം ആവശ്യമാണ്.

മൊബൈല്‍ സേവനം കൂടുതല്‍ ആധുനികമാകുന്നതനുസരിച്ച് ഒന്നാം തലമുറ, രണ്ടാം തലമുറ, മൂന്നാം തലമുറ എന്നിങ്ങനെ സ്പെക്ട്രത്തിലും തരംതിരിവുകളുണ്ട്. ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ക്ക് പുറമെ പ്രതിരോധവകുപ്പിനും സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്.

നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി

1 comment:

  1. 2003 ഒക്ടോബര്‍ 31 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം സ്പെക്ട്രം വിതരണവിഷയത്തില്‍ നിര്‍ണായകമായ മൂന്ന് തീരുമാനമെടുത്തു. ഒന്ന്: ടെലികോം സേവനമേഖലയുടെ വളര്‍ച്ച കണക്കിലെടുത്ത് ആവശ്യത്തിന് സ്പെക്ട്രം ലഭ്യമാക്കണം. ഇതിനായി ടെലികോം മന്ത്രാലയവും പ്രതിരോധമന്ത്രാലയവും സഹകരിച്ചു പ്രവര്‍ത്തിക്കണം. രണ്ട്: പ്രതിരോധമന്ത്രാലയത്തിന് ആവശ്യത്തിന് ബജറ്റ് സഹായം ധനമന്ത്രാലയം ഉറപ്പുവരുത്തണം. മൂന്ന്: സ്പെക്ട്രം വിലനിര്‍ണയം ടെലികോം വകുപ്പും ധനമന്ത്രാലയവും ചര്‍ച്ച ചെയ്തുവേണം തീരുമാനിക്കാന്‍. സ്പെക്ട്രം ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്ക് ഇളവുകളും വേണ്ടവിധം ഉപയോഗിക്കാത്തവര്‍ക്ക് പിഴയും വേണം.

    ReplyDelete