Monday, November 29, 2010

സ്‌പെക്ട്രം ഇടപാടില്‍ ബാങ്കുകള്‍ക്കും പങ്ക്

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ കമ്പനികള്‍ക്ക് ബാങ്കുകള്‍ വഴിവിട്ട് വായ്പ അനുവദിച്ചു. ഏകദേശം 11,500 കോടിരൂപയാണ് സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ ചില കമ്പിനികള്‍ക്ക് വായ്പയായി ലഭിച്ചത്. ഭവന വായ്പ അഴിമതിയുടെ മാതൃകയില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ്  സ്‌പെക്ട്രം സ്വന്തമാക്കിയ കമ്പിനികള്‍ക്കും വായ്പ ലഭിച്ചതെന്നാണ് വിലയിരുത്തല്‍.

സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് രണ്ട് പൊതുമേഖല ബാങ്കുകള്‍ ക്രമരഹിതമായി വായ്പ അനുവദിച്ചതാണ് ഇതുമായി ബന്ധപ്പെട്ട അഴിമതി ഇപ്പോള്‍ പുറത്തുവരാന്‍ ഇടയാക്കിയിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ബാങ്കുകള്‍ യുണിടെക്, എസ് ടെല്‍ എന്നീ കമ്പിനികള്‍ക്ക് ഏകദേശം 11,500 കോടി രൂപ വായ്പ അനുവദിക്കുകയായിരുന്നു.
ടെലികോം വകുപ്പ് നല്‍കിയ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു പൊതുമേഖല ബാങ്ക് യുണിടെക്കിന് 10,000 കോടിരൂപയും എസ്
ടെല്ലിന് 1,538 കോടിരൂപയുമാണ് അനുവദിച്ചതെന്നാണ് രേഖകളില്‍നിന്നും വ്യക്തമാകുന്നത്. ഈ രണ്ട് കമ്പനികള്‍ക്ക് പുറമെ മറ്റ് 85 കമ്പിനികള്‍ക്കും ലൈസന്‍സ് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌പെക്ട്രം അഴിമതിക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ 2009 മെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പൊതുമേഖല ബാങ്കുകള്‍ ലോണ്‍ അനുവദിച്ചത്. വന്‍തുകയുടെ വായ്പകള്‍ അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും അപകട സാധ്യതകളും അവഗണിച്ചാണ് ബാങ്കുള്‍ ലോണ്‍ നല്‍കിയതെന്നും വ്യക്തമാണ്.

സ്‌പെക്ട്രം അഴിമതിയില്‍ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പങ്കാളികളായ കമ്പിനികളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുമ്പോള്‍ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറായതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്.

യുണിടെക്കിന് 10,000 കോടി രൂപ അനുവദിച്ചതിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പയുടെ പ്രധാന ഭാഗമാണ് ലോണായി നല്‍കിയിരിക്കുന്നത്.
കമ്പനീസ് രജിസ്ട്രാറുടെ രേഖകള്‍പ്രകാരം കോര്‍പ്പറേഷന്‍ ബാങ്ക് 500 കോടി, അലഹാബാദ് ബാങ്ക് 500 കോടി, സൗത്ത് ഇന്ത്യന്‍ ബാങ്ക് 400 കോടി, കനറാ ബാങ്ക് 120 കോടി, ഓറിയന്റല്‍ ബാങ്ക് 70 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 70 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 120 കോടി, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 100 കോടി, യെസ് ബാങ്ക് 70 കോടി എന്ന കണക്കിലാണ് യുണിടെക്കിന് വായ്പ നല്‍കിയിട്ടുള്ളത്.

എസ് ബി ഐ ക്യാപ് ട്രസ്റ്റി കമ്പനിയുമായി 2009 നവംബറില്‍ യുണിടെക് വായ്പ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഈ ഇടപാടുകളിലെല്ലാം ടെലികോം വകുപ്പ് ഒരു കക്ഷിയായിരുന്നു. ടെലികോം വകുപ്പിലെ എ കെ ശ്രീവാസ്തവ, പി കെ മിത്തല്‍ എന്നിവര്‍ ഈ വായ്പ കരാറുകളിലെല്ലാം ഒപ്പിട്ടിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും സ്‌പെക്ട്രം അഴിമതിക്കേസില്‍ സി ബി ഐയുടെ നിരീക്ഷണത്തിലാണ്.

യുണിടെക്കിന് ലൈസന്‍സ് നല്‍കിയതും സ്‌പെക്ട്രം അനുവദിച്ചതും ടെലികോം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണെന്നും എത്രയും പെട്ടന്ന് ഇത് റദ്ദുചെയ്യണമെന്നും സി എ ജി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.

2009 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഐ ഡി ബി ഐ, ഐ ഡി ബി ഐ ട്രസ്റ്റിഷിപ്പ് സര്‍വീസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ എസ് ടെല്ലിന് 1538 കോടി രൂപ വായ്പനല്‍കിയിരുന്നു. യുണിടെക്കിനും എസ് ടെല്ലിനും വായ്പ അനുവദിച്ചത് ടെലികോം വകുപ്പ് നല്‍കിയ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തിലാണെന്നും മറ്റൊരു സെക്യൂരിറ്റിയും ഇവരില്‍നിന്നും വാങ്ങിയിട്ടില്ലെന്നും ഒരു ഉന്നത ബാങ്ക് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പൊതുമേഖല ബാങ്കുകള്‍ ഇങ്ങനെ വായ്പ അനുവദിക്കുന്നതിനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും അഴിമതി മാത്രമായിരിക്കും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ തുകയ്ക്കുള്ള ഈ വായ്പ ഇടപാടിനെക്കുറിച്ച് സി ബി ഐയ്ക്ക് അറിവുണ്ടെന്നാണ് അറിയുന്നത്.

ജനയുഗം 301110

1 comment:

  1. 2ജി സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ കമ്പനികള്‍ക്ക് ബാങ്കുകള്‍ വഴിവിട്ട് വായ്പ അനുവദിച്ചു. ഏകദേശം 11,500 കോടിരൂപയാണ് സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ ചില കമ്പിനികള്‍ക്ക് വായ്പയായി ലഭിച്ചത്. ഭവന വായ്പ അഴിമതിയുടെ മാതൃകയില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് സ്‌പെക്ട്രം സ്വന്തമാക്കിയ കമ്പിനികള്‍ക്കും വായ്പ ലഭിച്ചതെന്നാണ് വിലയിരുത്തല്‍

    ReplyDelete