Monday, November 22, 2010

വിദര്‍ഭ മോഡല്‍ പാക്കേജില്‍ വയനാട് ജില്ല നൂറ് ശതമാനം ലക്ഷ്യം നേടി

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയില്‍ അകപ്പെട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കുടുംബങ്ങളെയും ആത്മഹത്യയുടെ വക്കോളം എത്തിയവരെയും സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് ആവിഷ്‌ക്കരിച്ച വിദര്‍ഭ മോഡല്‍ പദ്ധതിയെന്ന വയനാട് പാക്കേജില്‍ ജില്ല നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചു. 2006-2007 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതിയില്‍ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായിരുന്ന വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളാണുണ്ടായത്.

ഒരു കുടുംബത്തിന് രണ്ട് വീതം കറവ പശുക്കളുള്ള ഡയറി യൂണിറ്റ് സ്ഥാപിക്കല്‍, കാലിത്തീറ്റ വിതരണം, പശുക്കളുടെ ആരോഗ്യ പരിപാലനം, കന്നുകുട്ടി പരിപാലന പദ്ധതി, പശുക്കള്‍ക്ക് ഗര്‍ഭകാലത്ത് അധിക പോഷണം നല്‍കല്‍, എന്നിവയായിരുന്നു വിദര്‍ഭ പാക്കേജിലെ ഘടകങ്ങള്‍. ഈ പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് ആകെ ലഭിച്ചത് 9,14,95,000 രൂപയാണ്. മൂന്ന് വര്‍ഷത്തിനിടെ ഈ തുകയില്‍ 9,13,62,428 രൂപ ചെലവഴിച്ചു. മൂന്ന് വര്‍ഷങ്ങളിലായി ഉല്‍പാദനക്ഷമതയുള്ള 3000 സങ്കരയിനം പശുക്കളെ വിതരണം ചെയ്യാനാണ് ലക്ഷ്യമാക്കിയത്. ഇതില്‍ 2976 പശുക്കളെ ഇതിനകം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. പാല്‍ ഉല്‍പാദനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നൂറ് ശതമാനത്തിലേറെ വര്‍ധനവുണ്ടായി.

2006-07ല്‍ ജില്ലയിലെ 55 ക്ഷീര സംഘങ്ങള്‍ സംഭരിച്ചത് 2,40,10814 ലിറ്റര്‍ പാലായിരുന്നു. ഇക്കൊല്ലം മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇത് 5,06,73,189 ലിറ്ററായി ഉയര്‍ന്നു. ലക്ഷ്യമാക്കിയത്ര പശുക്കുട്ടികളെ വിതരണം ചെയ്യാനും വിഭര്‍ഭ പദ്ധതിയിലൂടെ സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ബത്തേരി താലൂക്കില്‍ മാത്രം വിദര്‍ഭ മോഡല്‍ പാക്കേജില്‍ 992 കറവ പശുക്കളെയാണ് വിതരണം ചെയ്തത്. മൊത്തം ലഭിച്ച തുകയില്‍ 2,96,62,075 രൂപ ചെലവഴിച്ചതും ഈ താലൂക്കിലാണ്. ബത്തേരി താലൂക്കില്‍ 498 കര്‍ഷക കുടുംബങ്ങള്‍ക്കാണ് രണ്ട് വീതം കറവ പശുക്കളെ വിതരണം ചെയ്തത്. വിദര്‍ഭ മോഡല്‍ പാക്കേജില്‍ ജീവിതം കരുപ്പിടിപ്പിച്ച ഗുണഭോക്താക്കളുടെ സംഗമം മന്ത്രി സി ദിവാകരന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു. പി കൃഷ്ണപ്രസാദ് എം എല്‍ എ അധ്യക്ഷനായിരുന്നു.

ജനയുഗം 221110

1 comment:

  1. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയില്‍ അകപ്പെട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കുടുംബങ്ങളെയും ആത്മഹത്യയുടെ വക്കോളം എത്തിയവരെയും സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് ആവിഷ്‌ക്കരിച്ച വിദര്‍ഭ മോഡല്‍ പദ്ധതിയെന്ന വയനാട് പാക്കേജില്‍ ജില്ല നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചു. 2006-2007 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതിയില്‍ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായിരുന്ന വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളാണുണ്ടായത്.

    ReplyDelete