Saturday, November 27, 2010

ഇന്‍ഷുറന്‍സ്: വിദേശനിക്ഷേപം കൂട്ടരുത്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷന്‍ ദേശീയ സമ്മേളനം ആഹ്വാനംചെയ്തു. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അപകടകരമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ പ്രസിഡന്റായി അമാനുള്ള ഖാനെയും ജനറല്‍ സെക്രട്ടറിയായി കെ വേണുഗോപാലിനെയും ട്രഷററായി ബി എസ് രവിയെയും സമ്മേളനം തെരഞ്ഞെടുത്തു.

സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ മൂന്നുദിവസമായി നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 1700 പ്രതിനിധികള്‍ പങ്കെടുത്തു. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് ഓഹരി വിറ്റഴിക്കല്‍ വിരുദ്ധ ദിനമായി ആചരിക്കും. ജനുവരി 19ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് സംരക്ഷണദിനമായി ആചരിക്കും. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് കാരണം. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 23ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിചേരാന്‍ ഇന്‍ഷുറന്‍സ് ജീവനക്കാരോട് സമ്മേളനം അഭ്യര്‍ഥിച്ചു.

എല്‍ഐസിയിലും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലും ക്ളാസ് മൂന്ന്, നാല് തസ്തികകളില്‍ നിയമനം നടത്തുക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കുക, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ നിയമം ഭേദഗതിചെയ്യുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ദേശീയനിധി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ആഭ്യന്തര നിക്ഷേപം ജിഡിപിയുടെ 34 ശതമാനംവരെയുള്ള സാഹചര്യത്തിലും വിദേശ മൂലധനത്തെ അന്ധമായി ആശ്രയിക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ശ്രമം ശരിയല്ലെന്ന് അമാനുള്ള ഖാനും കെ വേണുഗോപാലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ദേശാഭിമാനി 261110

1 comment:

  1. എല്‍ഐസിയിലും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലും ക്ളാസ് മൂന്ന്, നാല് തസ്തികകളില്‍ നിയമനം നടത്തുക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കുക, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ നിയമം ഭേദഗതിചെയ്യുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ദേശീയനിധി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ആഭ്യന്തര നിക്ഷേപം ജിഡിപിയുടെ 34 ശതമാനംവരെയുള്ള സാഹചര്യത്തിലും വിദേശ മൂലധനത്തെ അന്ധമായി ആശ്രയിക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ശ്രമം ശരിയല്ലെന്ന് അമാനുള്ള ഖാനും കെ വേണുഗോപാലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete