Monday, November 22, 2010

കുടുംബശ്രീയും അന്‍പത് ശതമാനം സ്ത്രീ സംവരണവും

കുടുംബശ്രീ സംവിധാനവും അന്‍പത് ശതമാനം സ്ത്രീ സംവരണവും കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹിക വിപ്ലവമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ പ്രസ്താവിച്ചു. ഈ രണ്ട് നടപടികള്‍ക്കും കേരളീയ സമൂഹം വലിയ പിന്‍തുണയാണ് നല്‍കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ജില്ലാ കുടുംബശ്രീ മിഷന്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതു രംഗത്ത് സ്ത്രീകള്‍ക്ക് പരിമിതികള്‍ ഇല്ലാതായിരിക്കുന്നു. കേരളത്തിലെ സാമൂഹിക പാശ്ചാത്തലം യൂറോപ്പിലേത് പോലെയായി. കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ കരുത്തുമായി മല്‍സരിച്ച നിരവധി പേര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. ജയാപജയങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന് തടസമല്ല. പൊതുപ്രവര്‍ത്തനത്തിന് എം എല്‍ എയൊ മ്രന്തിയൊ ആവണമെന്നില്ല. സ്ഥാനമാനങ്ങളൊന്നുമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന ആയിരക്കണക്കില്‍ വ്യക്തികള്‍ സമൂഹത്തിലുണ്ട്. ജീവിതം തന്നെ പൊതുപ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവെച്ച ആയിരക്കണക്കില്‍ ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഒരര്‍ഥത്തില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്കാണ് കൂടുതല്‍ പ്രതിബദ്ധതയോടെ പൊതുപ്രവര്‍ത്തനം നടത്താനാവുക.

ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിലെ ദുര്‍ബല ശബ്ദത്തിന് വേണ്ടി കാത് കൂര്‍പ്പിക്കണം. സ്ത്രീപീഢനം പോലുള്ള സമൂഹിക തിന്മകള്‍ക്ക് പരിഹാരം കാണാന്‍ ത്രിതല പഞ്ചായത്തുകളിലെ സ്ത്രീ സംവരണവത്തിലൂടെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെയും കഴിയുമെന്നും മന്ത്രി പറഞ്ഞു.

കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ എം വി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, വൈസ് പ്രസിഡന്റ് എ ദേവകി, കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ എ പി ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വല്‍സാ ചാക്കോ, സി അബ്ദുള്‍ അഷ്‌റഫ്, എം എസ് വിജയ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ നൗഷാദ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളിലേക്ക് 182ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് 19 ഉം ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചും കല്‍പറ്റ നഗരസഭയിലേക്ക് എട്ടും വനിതകളാണ് കുടുംബശ്രീ അയല്‍ക്കൂട്ടത്തിലൂടെയുള്ള പ്രവര്‍ത്തന പരിചയവുമായി ജനപ്രതിനിധികളായത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും എന്ന വിഷയത്തില്‍ ഇവര്‍ക്കായി ക്ലാസും നടത്തി.

ജനയുഗം 221110

2 comments:

  1. കുടുംബശ്രീ സംവിധാനവും അന്‍പത് ശതമാനം സ്ത്രീ സംവരണവും കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹിക വിപ്ലവമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ പ്രസ്താവിച്ചു. ഈ രണ്ട് നടപടികള്‍ക്കും കേരളീയ സമൂഹം വലിയ പിന്‍തുണയാണ് നല്‍കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ജില്ലാ കുടുംബശ്രീ മിഷന്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    ReplyDelete
  2. എസ്എല്‍ പുരം: കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ലക്ഷദ്വീപ് പഠനസംഘത്തിന് പുതിയ അനുഭവവും ആവേശവുമായി. വിവിധ സ്വാശ്രയസംഘങ്ങളിലെ 58 വനിതകളാണ് ലക്ഷദ്വീപില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മാരാരിക്കുളത്തെത്തിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ മാരി തയ്യല്‍ യൂണിറ്റ്, കുടനിര്‍മാണം, 16-ാം വാര്‍ഡില്‍ മാടത്താനി ബാബുവിന്റെ ഇഞ്ചികൃഷിത്തോട്ടം, കഞ്ഞിക്കുഴി ബ്ളോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മാരി ഉല്‍പ്പന്ന യൂണിറ്റുകള്‍ തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു. ലക്ഷദ്വീപില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ വസ്ത്രനിര്‍മാണ യൂണിറ്റും വെളിച്ചെണ്ണ ഉല്‍പ്പാദന യൂണിറ്റും നടത്തുന്ന വനിതകള്‍ക്ക് മാരാരിക്കുളത്തെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പഠിച്ചതിനുശേഷമാണ് സംഘം മാരാരിക്കുളത്തെത്തിയത്. 15ന് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചുപോകും

    ReplyDelete