Tuesday, November 30, 2010

അഹമ്മദിന്റെ നുണപ്രചാരണം

പാലക്കാട് റയില്‍വേ കോച്ച് ഫാക്ടറി വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ കാരണമാണെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് ഇക്കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. സ്വന്തം കഴിവുകേട് മറച്ചുപിടിക്കുവാനുള്ള പാഴ്ശ്രമമാണ് ഇ അഹമ്മദ് നടത്തിയത്.

കോച്ച് ഫാക്ടറിക്കാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ട് എത്രയോ മാസങ്ങളായി. എന്നാല്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരു തുടര്‍നടപടിയും റയില്‍വേ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും കൈക്കൊണ്ടിട്ടില്ല. തങ്ങളുടെ വീഴ്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ് രക്ഷനേടാനാവുമെന്നാണ് അഹമ്മദ് തെറ്റിദ്ധരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെയും ഇ അഹമ്മദിന്റെയും വഞ്ചനാപരമായ നിലപാടും പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ തെളിഞ്ഞുകാണാം. പൊതുമേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കോച്ച് ഫാക്ടറി തുടങ്ങുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറിയതും. എന്നാല്‍ പൊതുമേഖലയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച കോച്ച് ഫാക്ടറി ഭൂമി കൈമാറിക്കഴിഞ്ഞ ശേഷം സ്വകാര്യ മേഖലയില്‍ ആരംഭിക്കുവാനുള്ള നയപരമായ വ്യതിയാനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത് വാസ്തവത്തില്‍ വഞ്ചനാപരമായ സമീപനമാണ്.

സ്വകാര്യ മേഖലയില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ ഫാക്ടറി ആരംഭിക്കുമെന്ന നിലയുണ്ടായപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഫാക്ടറി നഷ്ടമാകരുതെന്ന കാഴ്ചപ്പാടോടെ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചത്. സ്വകാര്യ മേഖലയില്‍ ഫാക്ടറി വേണ്ടെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. മറിച്ച് സംസ്ഥാനം സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സ്വകാര്യ മേഖലയിലാരംഭിക്കുന്ന കോച്ച് ഫാക്ടറിയില്‍ സംസ്ഥാനത്തിന്റെ ഓഹരികളായി കണക്കാക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്.

വസ്തുതകള്‍ ഇതായിരിക്കേ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണ് ഇ അഹമ്മദ് പുറത്തെടുത്തത്. വാഗ്ദാനങ്ങള്‍ ചൊരിയുന്നതില്‍ തെല്ലും ലോഭം കാട്ടാത്ത ഇ അഹമ്മദ് അതില്‍ ഒന്നെങ്കിലും ഫലപ്രാപ്തിയിലെത്തിക്കുന്നതില്‍ ലവലേശം താല്‍പര്യം പ്രകടിപ്പിക്കാത്ത വ്യക്തിയാണ്. കേന്ദ്ര റയില്‍വേ സഹമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടന്‍ ഇ അഹമ്മദ് സംസ്ഥാനം മുഴുവന്‍ തീവണ്ടിയില്‍ സഞ്ചരിച്ച് ജനസമ്പര്‍ക്ക യാത്ര നടത്തിയിരുന്നു. ഓരോ റയില്‍വേ സ്റ്റേഷനിലും വണ്ടി നിര്‍ത്തി ആയിരക്കണക്കിന് നിവേദനങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. തന്റെ ജനസമ്പര്‍ക്ക യാത്രയെക്കുറിച്ചും കൈപ്പറ്റിയ നിവേദനങ്ങളെക്കുറിച്ചും ഇ അഹമ്മദ് അമ്പേ മറന്നുകളഞ്ഞു.

കേരളം റയില്‍വേ രംഗത്ത് നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാലങ്ങള്‍, പാതകളിലെ വൈദ്യുതീകരണം, പുതിയ പാതകള്‍, നിലവാരമുള്ള ട്രെയിന്‍ ബോഗികള്‍, പുതിയ തീവണ്ടികള്‍ എന്നിവയെല്ലാം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളാണ്. ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങള്‍ പോലും പലതും യാഥാര്‍ഥ്യമായിട്ടില്ല. കേരളീയനായ റയില്‍ സഹമന്ത്രി ഇക്കാര്യങ്ങളിലൊന്നും ഒരു മുന്‍കൈ പ്രവര്‍ത്തനവും നടത്തുന്നുമില്ല.

വസ്തുതകള്‍ ഇതായിരിക്കേ ജനങ്ങളെ കബളിപ്പിക്കുവാനും സ്വന്തം ദൗര്‍ബല്യത്തെ മറച്ചുപിടിക്കുവാനും ഇ അഹമ്മദ് നടത്തുന്ന നുണ പ്രചാരണം അദ്ദേഹത്തെ അപഹാസ്യനാക്കുക മാത്രമേയുള്ളൂ.

ജനയുഗം മുഖപ്രസംഗം 301110

1 comment:

  1. പാലക്കാട് റയില്‍വേ കോച്ച് ഫാക്ടറി വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ കാരണമാണെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് ഇക്കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. സ്വന്തം കഴിവുകേട് മറച്ചുപിടിക്കുവാനുള്ള പാഴ്ശ്രമമാണ് ഇ അഹമ്മദ് നടത്തിയത്.

    കോച്ച് ഫാക്ടറിക്കാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ട് എത്രയോ മാസങ്ങളായി. എന്നാല്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരു തുടര്‍നടപടിയും റയില്‍വേ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും കൈക്കൊണ്ടിട്ടില്ല. തങ്ങളുടെ വീഴ്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ് രക്ഷനേടാനാവുമെന്നാണ് അഹമ്മദ് തെറ്റിദ്ധരിക്കുന്നത്.

    ReplyDelete