Sunday, November 28, 2010

ആദര്‍ശ് ഫ്ലാറ്റ് അഴിമതി: ഫയലുകള്‍ മുക്കി

മുംബൈ: അഴിമതി ആരോപണ വിധേയമായ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍കാണാതായി. രേഖകള്‍ നഗര വികസനകാര്യ മന്ത്രാലയത്തില്‍ കാണാനില്ലെന്നും രേഖകള്‍ നഷ്ടപ്പെട്ടതായി കാണിച്ച് വകുപ്പ് സെക്രട്ടറി ഗുരുദാസ് ബാജ്‌പേയ് മെറ്റൊന്‍ ഡ്രൈവ് പൊലീസിന് എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോണത്തിന് കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അജ്ഞാതരായവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

ആദര്‍ശ് ഹൗസിംഗ് അഴിമതി പുറത്തുവന്നതിന് ശേഷമാണ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പത്തോളം ഫയലുകളില്‍നിന്നും രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് നഗര വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുപ്രധാന രേഖകള്‍ അപ്രത്യക്ഷമായ വിവരം അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് ഡപ്യുട്ടി പൊലീസ് കമ്മിഷണര്‍ ചിറിങ്ങ് ദോര്‍ജെ പറഞ്ഞു.
ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് 10 ഫയലുകളാണ് നഗര വികസന മന്ത്രാലയം സമര്‍പ്പിച്ചിരുന്നത്. ഇവ പരിശോധിച്ചതില്‍ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്ന നാല് പേപ്പറുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് ഉത്തരവാദപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നെന്നും ഉന്നത സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പേപ്പറുകളില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുള്ളതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

രേഖകള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരുന്നതായും ദോര്‍ജെ പറഞ്ഞു.

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുടെ പശ്ചാത്തലത്തില്‍, വര്‍ധിച്ചുവരുന്ന ഭൂമിയിടപാട് അഴിമതി തടയുന്നതിന് ഉടമസ്ഥാവകാശം സംബന്ധിച്ച നിയമങ്ങളില്‍  ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആദര്‍ശ് അഴിമതി ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ആര്‍ക്കും അറിവില്ലെന്നും നഗര വികസനകാര്യ മന്ത്രി ജയ്പാല്‍ റെഡ്ഢി പറഞ്ഞു.

കാര്‍ഗിലില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്ക് ആറ് നിലകളുള്ള ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി മാറ്റിവച്ചിരുന്ന ഭൂമിയില്‍ അനധികൃതമായി 31 നിലകളുള്ള ഫ്‌ളാറ്റാണ് സര്‍ക്കാരിലെയും സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ ഉള്‍പ്പെട്ട സംഘം നിര്‍മിച്ചതും സ്വന്തമാക്കിയതും. ഈ അഴിമതി ആരോപണത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ നേരത്തെ രാജിവച്ചിരുന്നു.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലുള്ള 103 ഫ്‌ളാറ്റുകളില്‍ ഏകദേശം 30 എണ്ണത്തോളം ബിനാമി പേരുകളിലാണ് ചിലര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് സി ബി ഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തുടരുന്ന അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

തുടര്‍ച്ചയായ അഴിമതി ആരോപങ്ങളില്‍ കുഴങ്ങുന്ന കോണ്‍ഗ്രസിനെ രക്ഷിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുപ്രധാന രേഖകള്‍ നഗര വികസന മന്ത്രാലയത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ജനയുഗം 281110

2 comments:

  1. അഴിമതി ആരോപണ വിധേയമായ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍കാണാതായി. രേഖകള്‍ നഗര വികസനകാര്യ മന്ത്രാലയത്തില്‍ കാണാനില്ലെന്നും രേഖകള്‍ നഷ്ടപ്പെട്ടതായി കാണിച്ച് വകുപ്പ് സെക്രട്ടറി ഗുരുദാസ് ബാജ്‌പേയ് മെറ്റൊന്‍ ഡ്രൈവ് പൊലീസിന് എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോണത്തിന് കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അജ്ഞാതരായവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

    ReplyDelete
  2. ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ട കേസ് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ ഗൌരവം പരിഗണിച്ചാണിത്. സാധാരണയായി അധോലോകവുമായി ബന്ധപ്പെട്ടതും ഏറെ വിവാദമായ കേസുകളുമാണ് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഫ്ളാറ്റ് നിര്‍മാതാക്കളായ ആദര്‍ശ് ഹൌസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ഫയലിലെ നാലു പേജാണ് കാണാതായത്. അഴിമതി പുറത്തായതിനെ തുടര്‍ന്ന് രാജിവെച്ച മുന്‍ മുഖ്യമന്ത്രി അശോക് ചവാനും സംസ്ഥാന ഭരണത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയവയാണിവ. ഫയലുകള്‍ സിബിഐ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. അശോക് ചവാനെതിരായ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു. കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരില്‍ നടത്തിയ അഴിമതിയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള ഉന്നത കോഗ്രസ് നേതാക്കളും പങ്കാളികളാണ്.

    ReplyDelete