എട്ടാംദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു
സ്പെക്ട്രം അഴിമതിക്കേസില്‍ ജെപിസി അന്വേഷണത്തിന് തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയെ അറിയിച്ചത്. തിങ്കളാഴ്ച മുഖര്‍ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജെപിസി വേണമെന്ന പ്രതിപക്ഷ ആവശ്യം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തതിനുശേഷം പ്രതിപക്ഷത്തെ അറിയിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അതനുസരിച്ചാണ് മുഖര്‍ജി അന്വേഷണം നടത്താനാകില്ലെന്ന് വ്യക്തമാക്കിയത്. ജെപിസി അന്വേഷണത്തെ ചൊല്ലിയുള്ള ഭരണ- പ്രതിപക്ഷ തര്‍ക്കം തുടരവെ പാര്‍ലമെന്റിന്റെ ഇരുസഭയും തുടര്‍ച്ചയായ എട്ടാംദിവസമായ ചൊവ്വാഴ്ചയും തടസ്സപ്പെട്ടു. ഇരുസഭയും ഒരു നടപടിയിലും കടക്കാനാകാതെ പിരിയുകയായിരുന്നു. എന്നാല്‍, സഭാ സ്തംഭനത്തെക്കുറിച്ച് പ്രതിപക്ഷവുമായി ഇനിയും ചര്‍ച്ച നടത്തുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ബുധനാഴ്ച ബിഹാര്‍ തെരഞ്ഞെടുപ്പുഫലം വരുന്നതിനാല്‍ ചര്‍ച്ച നടത്താനിടയില്ല. വ്യാഴാഴ്ച വീണ്ടും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും. സഭാസ്തംഭനം തുടരുന്ന സാഹചര്യത്തില്‍ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുമെന്ന പ്രചാരണം ശരിയല്ലെന്ന് പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സലും പറഞ്ഞു. എന്നാല്‍, പൊതുബജറ്റിന്റെയും റെയില്‍വേയുടെയും ഉപധനാഭ്യര്‍ഥനകള്‍ ബഹളത്തിനിടയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് സൂചനയുണ്ട്. സര്‍ക്കാരിനെക്കൊണ്ട് എന്തുചെയ്യിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ധരിക്കേണ്ടെന്നും അതിനുള്ള ജനവിധി അവര്‍ക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ജെപിസി അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നയംതന്നെയാണ് പാര്‍ടിക്കുമുള്ളത്. പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അന്വേഷണമേ ഇതിന് ആവശ്യമുള്ളൂ- അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന്‍ ആവശ്യം നിയമപരമല്ലെന്ന് കേന്ദ്രം
കോടതിക്കുമുമ്പാകെ കേസ് ഫയല്‍ചെയ്യാത്ത സാഹചര്യത്തില്‍ സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ മന്ത്രി എ രാജയെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി നല്‍കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി അയച്ച കത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രികാര്യാലയം സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. കോടതിയില്‍ പരാതിപ്പെടുന്നതിനുമുമ്പാണ് സ്വാമി പ്രധാനമന്ത്രിയോട് പ്രോസിക്യൂഷന്‍ അനുമതി തേടിയതെന്നും ഇത് തെറ്റായ നടപടിയാണെന്നും പ്രധാനമന്ത്രികാര്യാലയത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു. എന്നാല്‍, സ്വാമി ഈ ആക്ഷേപം നിരാകരിച്ചു. കേസില്‍ ബുധനാഴ്ചയും കോടതിയില്‍ വാദം തുടരും.
പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമി അയച്ച കത്തുകള്‍ നിയമപ്രകാരം പരിഗണിക്കേണ്ടതല്ലെന്നു സ്ഥാപിക്കാനാണ് ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചുമുമ്പാകെ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഏതെങ്കിലും വിഷയത്തില്‍ കോടതി പരാതി സ്വീകരിച്ചശേഷം മാത്രമേ പ്രോസിക്യൂഷന്‍ അനുമതി എന്ന വിഷയംതന്നെ ഉദിക്കുന്നുള്ളൂവെന്ന് വഹന്‍വതി ചൂണ്ടിക്കാട്ടി. അധികാരപ്പെട്ട ഏതെങ്കിലുമൊരു കോടതിയില്‍ പരാതി സമര്‍പ്പിക്കാന്‍ സ്വാമി ഇതുവരെ തയ്യാറായിട്ടില്ല. 2008 നവംബര്‍ 29ന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് സ്വാമി അയച്ച കത്ത് അനവസരത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കേസെടുത്ത ശേഷം മാത്രമാണ് മജിസ്ട്രേട്ടോ ജഡ്ജിയോ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയെന്നും വഹന്‍വതി വാദിച്ചു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു പൌരനെന്ന നിലയില്‍ തനിക്ക് നേരിട്ട് പ്രധാനമന്ത്രിയെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഇതോടൊപ്പം കോടതിയെ സമീപിക്കാനുള്ള അവകാശവുമുണ്ട്. പ്രോസിക്യൂഷന് തുടക്കമിടാന്‍ അഴിമതി നിരോധനനിയമം പൌരന് അവകാശം നല്‍കുന്നുണ്ട്. താന്‍ വിഷയവുമായി ബന്ധപ്പെട്ട ആളല്ലെന്നും അതുകൊണ്ട് തന്റെ കത്ത് പരിഗണിക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാകില്ല- സ്വാമി പറഞ്ഞു. ജഡ്ജി പരാതി സ്വീകരിച്ചുകഴിഞ്ഞാല്‍, ബന്ധപ്പെട്ട അധികാരകേന്ദ്രത്തിനുമുമ്പാകെ അനുമതിക്കായി വിഷയം എത്തും. അങ്ങനെ വരുമ്പോള്‍ താന്‍ പ്രധാനമന്ത്രിയെത്തന്നെയാണ് സമീപിക്കേണ്ടത്. സമയം ലാഭിക്കുന്നതിനാണ് താന്‍ ആദ്യം പ്രധാനമന്ത്രിയെ നേരിട്ട് സമീപിച്ചത്. എന്നാല്‍, മന്ത്രിസഭയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി വിഷയം ഉദിക്കുന്നില്ലെന്നും സ്വാമി പറഞ്ഞു.
ദേശാഭിമാനി 241110
സ്പെക്ട്രം അഴിമതിക്കേസില്‍ ജെപിസി അന്വേഷണത്തിന് തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയെ അറിയിച്ചത്. തിങ്കളാഴ്ച മുഖര്‍ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജെപിസി വേണമെന്ന പ്രതിപക്ഷ ആവശ്യം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തതിനുശേഷം പ്രതിപക്ഷത്തെ അറിയിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അതനുസരിച്ചാണ് മുഖര്‍ജി അന്വേഷണം നടത്താനാകില്ലെന്ന് വ്യക്തമാക്കിയത്.
ReplyDelete