Monday, November 22, 2010

ഭൂമി വിവാദം കൂടുതല്‍ മന്ത്രിമാര്‍ പ്രതിപ്പട്ടികയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭൂമി കുംഭകോണത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നു. വ്യവസായമന്ത്രി മുരുകേഷ് നിരാനി, ടൂറിസം മന്ത്രി ജി ജനാര്‍ദനറെഡ്ഡി, ആരോഗ്യമന്ത്രി ബി ശ്രീരാമലു എന്നിവരടക്കം 11 പേര്‍ക്ക് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിയമം ലംഘിച്ച് ഭൂമി പതിച്ചുനല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യാജ സത്യവാങ്മൂലം നല്‍കിയാണ് ഇവര്‍ ഭൂമി കൈക്കലാക്കിയത്.

ബംഗളൂരുവില്‍ മറ്റെവിടെയും സ്ഥലമില്ലാത്തവര്‍ക്ക് മാത്രമേ ബിഡിഎ പരിധിയില്‍ ഭൂമി അനുവദിക്കാന്‍ പാടുള്ളൂ. എന്നാല്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ വ്യാജസത്യവാങ്മൂലം നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. വ്യാജസത്യവാങ്മൂലം നല്‍കി സ്ഥലം ഏറ്റെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര അടക്കമുള്ളവര്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ കേസ് രജിസ്റര്‍ ചെയ്യും.

191 പേര്‍ക്കാണ് യെദ്യൂരപ്പ അധികാരത്തില്‍ വന്നശേഷം ബിഡിഎ ഭൂമി പതിച്ചുനല്‍കിയത്. ഇതില്‍ മിക്ക പ്ളോട്ടിനും രണ്ടരക്കോടിയിലേറെ വിലയുണ്ട്. 18 മുതല്‍ 36 ലക്ഷംവരെ രൂപയ്ക്കാണ് ഈ സ്ഥലം പതിച്ചുനല്‍കിയത്. ആര്‍എംവി രണ്ടാം സ്റേജില്‍ 4000 ചതുരശ്രയടി സ്ഥലമാണ് മന്ത്രി ജനാര്‍ദനറെഡ്ഡിക്ക് അനുവദിച്ചത്. 5.8 കോടി വില മതിക്കുന്ന സ്ഥലം 36 ലക്ഷത്തിനാണ് അനുവദിച്ചത്. ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന് ഒഎംബിആര്‍ ലേഔട്ടില്‍ 4000 ചതുരശ്രയടി സ്ഥലവും ഹുബ്ബള്ളിയിലും പരിസരത്തുമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യവസായമന്ത്രി മുരുകേഷ് നിരാനി ഇടപെട്ട് 111.42 ഏക്കര്‍ സ്ഥലവും നല്‍കി. ചിത്രദുര്‍ഗ എംപിയും ബിജെപി നേതാവുമായ ജനാര്‍ദനസ്വാമി, മുന്‍ സിവില്‍ സപ്ളൈസ് മന്ത്രി ഹര്‍ത്താലു ഹാലപ്പ, എംഎല്‍എമാരായ എം ചന്ദ്രപ്പ, ഹേമചന്ദ്രസാഗര്‍, സതീഷ്റെഡ്ഡി, എസ് ആര്‍ വിശ്വനാഥ്, മുന്‍ വിദ്യാഭ്യാസമന്ത്രി അരവിന്ദ് ലിംബാവലി എന്നിവരും അനധികൃതമായി ഭൂമി ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര നേതാക്കളുടെ ആവശ്യം യെദ്യൂരപ്പ നിരാകരിച്ചു

കര്‍ണാടകത്തിലെ നേതൃമാറ്റം ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തണമെന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തള്ളി. തിങ്കളാഴ്ചയേ ഡല്‍ഹിക്ക് പോകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകത്തിലെ നേതൃമാറ്റം സംബന്ധിച്ച് കോര്‍കമ്മിറ്റിയോഗത്തിലും ഏകാഭിപ്രായം ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഞായറാഴ്ച യെദ്യൂരപ്പയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേന്ദ്രനേതൃത്വത്തിനെതിരായ യെദ്യൂരപ്പയുടെ പരസ്യമായ യുദ്ധപ്രഖ്യാപനമായി ഇത് മാറി. താന്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് യെദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 120 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഇക്കാര്യം കേന്ദ്രനേതൃത്വം മനസിലാക്കിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്ത് മുതല്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ടൂറിസംമന്ത്രി ജി ജനാര്‍ദനറെഡ്ഡിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത് സംബന്ധിച്ച ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താചാനല്‍ പുറത്തുവിട്ടു. ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയാണ് യെദ്യൂരപ്പയെ വിളിപ്പിച്ചത്. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഞായറാഴ്ച തന്നെ ഡല്‍ഹിയില്‍ എത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍, ഈ ആവശ്യമാണ് യെദ്യൂരപ്പ തള്ളിയത്. വെള്ളിയാഴ്ച യെദ്യൂരപ്പ നല്‍കിയ വിശദീകരണം കോര്‍കമ്മിറ്റിക്ക് തൃപ്തികരമായില്ല. ഭൂമി തിരിച്ചുനല്‍കിയതുകൊണ്ട് അഴിമതി ആരോപണം ഒഴിവാകില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയെന്നാണ് സൂചന. ഗഡ്കരി വിളിച്ചതിനെത്തുടര്‍ന്ന് തന്റെ അനുയായികളുമായി ഔദ്യോഗിക വസതിയില്‍ യെദ്യൂരപ്പ ചര്‍ച്ച നടത്തി. അഞ്ച് മന്ത്രിമാര്‍ അടക്കം 70 എംഎല്‍എമാരെയും 15 മുതിര്‍ന്ന നേതാക്കളെയും കൂട്ടി ഡല്‍ഹിയിലേക്ക് പോകാന്‍ യെദ്യൂരപ്പ തീരുമാനിച്ചിരുന്നു. ഇതിനായി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തു. എന്നാല്‍, യെദ്യൂരപ്പമാത്രം എത്തിയാല്‍ മതിയെന്ന് ഗഡ്കരി നിര്‍ദേശിച്ചതിനാലാണ് ഡല്‍ഹി സന്ദര്‍ശനംതന്നെ മാറ്റിയത്.

ഞായറാഴ്ച പകലാണ് ജനാര്‍ദനറെഡ്ഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ വിമതനീക്കം ആരംഭിച്ചതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താചാനല്‍ പുറത്തുവിട്ടത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 20 കോടിയോളം രൂപ ആകാശ് ചോപ്ര എന്നയാള്‍ക്ക് വാഗ്ദാനംചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. അതേസമയം, ഭൂമി കുംഭകോണത്തെപ്പറ്റി ലോകായുക്ത സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി 221110

1 comment:

  1. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭൂമി കുംഭകോണത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നു. വ്യവസായമന്ത്രി മുരുകേഷ് നിരാനി, ടൂറിസം മന്ത്രി ജി ജനാര്‍ദനറെഡ്ഡി, ആരോഗ്യമന്ത്രി ബി ശ്രീരാമലു എന്നിവരടക്കം 11 പേര്‍ക്ക് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിയമം ലംഘിച്ച് ഭൂമി പതിച്ചുനല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യാജ സത്യവാങ്മൂലം നല്‍കിയാണ് ഇവര്‍ ഭൂമി കൈക്കലാക്കിയത്.

    ReplyDelete