Thursday, November 25, 2010

ഭവന വായ്പ അനുവദിച്ചതില്‍ വന്‍ അഴിമതി

ഭവന വായ്പ അനുവദിച്ചതില്‍ വന്‍ അഴിമതി നടത്തിയ ബാങ്ക് മേധാവികളെ സി ബി ഐ അറസ്റ്റു ചെയ്തു. എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

വന്‍ തുകയ്ക്കുള്ള ലോണുകള്‍ അനുവദിക്കുന്നതിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റിലെ കണ്ണികളെയാണ് പിടികൂടിയതെന്ന് സി ബി ഐ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് ഐ ജി പി കുമാരസ്വാമി പറഞ്ഞു.

രാമചന്ദ്രന്‍ നായര്‍ക്കു പുറമേ എല്‍ ഐ സി ഇന്‍വെസ്റ്റ്‌മെന്റ് സെക്രട്ടറി നരേഷ് ചോപ്ര, ബാങ് ഓഫ് ഇന്ത്യ ഡല്‍ഹി ജനറല്‍ മാനേജര്‍ ആര്‍ എന്‍ തയാല്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍(ചാര്‍ട്ടേട് അക്കൗണ്ടന്റ്) മനീന്ദര്‍ സിംഗ് ജോഹര്‍, ഡല്‍ഹി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വെങ്കോബ ഗുജ്ജാള്‍ എന്നിവരെയും സി ബി ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. വായ്പകള്‍ അനുവദിക്കുന്നതിന് വന്‍ തുകയാണ് ഈ ഉദ്യോഗസ്ഥര്‍ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണിമാറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ രാജേഷ് ശര്‍മ, ഈ സ്ഥാപനത്തിലെ ജീവനക്കാരായ സുരേഷ് ഗട്ടാനി, സഞ്ജയ് ശര്‍മ എന്നിവരെയും അറസ്റ്റു ചെയ്തതായി സി ബി ഐ പറഞ്ഞു.

മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ തോതിതില്‍ കോര്‍പ്പറേറ്റ് ലോണുകള്‍ അനുവദിക്കുന്നതില്‍ ഇവര്‍ വ്യാപക ക്രമക്കേട് നടത്തി. ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയും ചേര്‍ന്നാണ് കോടികളുടെ ക്രമക്കേട് നടത്തിയതെന്ന് സി ബി ഐ വക്താവ് ആര്‍ കെ ഗൗര്‍ പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എല്‍ ഐ സി, എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയവയില്‍നിന്നും നിയമവിരുദ്ധമായി കേര്‍പ്പറേറ്റ് ലോണുകള്‍ ലഭ്യമാക്കുന്നതിനുള്ള ഇടനിലക്കാരനായാണ് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളുടെ വിശ്വസ്ത സ്ഥാപനങ്ങളെന്ന് ഖ്യാതിനേടിയ എല്‍ ഐ സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ വന്‍തോതില്‍ അഴിമതി നടന്നതായും പ്രതികളെ അറസ്റ്റു ചെയ്തതായുമുള്ള വാര്‍ത്ത ഓഹരി വിപണിയെ തളര്‍ത്തി. സെന്‍സെക്‌സ് 232 പോയിന്റാണ് ഇന്നലെ താഴേക്കുപോയത്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് 231.99 പോയിന്റ് താഴ്ന്ന് 19,459.85 ലാണ് ക്ലോസ് ചെയ്തത്. 69 പോയിന്റ് താഴ്ന്ന നിഫ്റ്റി 5,865.75ലാണ് ക്ലോസ് ചെയ്തത്.

എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സിന്റെ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത ഓഫീസുകളിലും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിലും സി ബി ഐ ഇന്നലെ റെയ്ഡ് നടത്തി. ഭവന വായ്പ കുംഭകോണ കേസില്‍ അഞ്ച് കേസുകള്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടികളുടെ വായ്പ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഭവന വായ്പയിലൂടെ നല്‍കിയതിനാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജനയുഗം 251110

1 comment:

  1. ഭവന വായ്പ അനുവദിച്ചതില്‍ വന്‍ അഴിമതി നടത്തിയ ബാങ്ക് മേധാവികളെ സി ബി ഐ അറസ്റ്റു ചെയ്തു. എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

    ReplyDelete