Friday, November 26, 2010

എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ പാഴ്‌‌ശ്രമം

സിപിഐക്ക് പുതിയ സംസ്ഥാന സെക്രട്ടറി വന്നതോടെ സിപിഐ എം, സിപിഐ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍പോകുന്നെന്ന മനോരമയടക്കമുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം വെളിപെടുത്തുന്നത് പക്വതയില്ലായ്മ. എല്‍ഡിഎഫ് എന്നാല്‍ നിങ്ങള്‍ മാത്രമല്ല എന്ന സന്ദേശമാണ് സിപിഐയുടെ പുതിയ സെക്രട്ടറി സിപിഐ എമ്മിന് നല്‍കിയിരിക്കുന്നതെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പി കെ വിക്കും വെളിയം ഭാര്‍ഗവനുംശേഷം ചന്ദ്രപ്പനിലേക്ക് സംസ്ഥാന സെക്രട്ടറിയുടെ കസേര വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയാന്‍പോകുമെന്ന് മാനോരമ കിനാവ് കാണുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ട്രീയപാതയിലേക്ക് സിപിഐയും യോജിച്ചത് അനുഭവങ്ങളുടെയും ആശയപരമായ പോരാട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും യോജിച്ച പ്രവര്‍ത്തനത്തിന്റെ ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം തമസ്കരിച്ചാണ് ചില മാധ്യമങ്ങള്‍ രാഷ്ട്രീയവ്യാഖ്യാനം ചമയ്ക്കുന്നത്.

സിപിഐയുടെ സംസ്ഥാനത്തെ രണ്ടാംനിര നേതൃത്വം സിപിഐ എമ്മിന്റെ സൌഹൃദവലയത്തിലാണെന്ന് കാണുന്ന മാനോരമ ചന്ദ്രപ്പനെ സിപിഐ എമ്മുമായി ശത്രുതയുള്ള നേതാവായി ദുര്‍വ്യാഖ്യാനിക്കുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണ്. കമ്യൂണിസ്റ്റ്- കോണ്‍ഗ്രസ് രാഷ്ട്രീയഐക്യം എന്ന നിലപാട് സിപിഐ ഉപേക്ഷിച്ചത് രാഷ്ട്രീയ സംഭവവികാസങ്ങളെയും അതിനെ ആസ്പദമാക്കി ആഭ്യന്തരമായി ഒരു പതിറ്റാണ്ടോളം ആ പാര്‍ടിയില്‍ നടന്ന വാശിയേറിയ വാദ-വിവാദങ്ങളെയും തുടര്‍ന്നാണ്. അതിന്റെ കരുത്തുറ്റ കാല്‍വയ്പ്പായിരുന്നു 1978ലെ സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ്. ഇടതുപക്ഷ ഐക്യത്തിനും കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനും ആഹ്വാനംചെയ്ത ഭട്ടിന്‍ഡ കോണ്‍ഗ്രസിന്റെ തീരുമാനത്തോട് യോജിക്കാതെ പിന്നീട് ആ പാര്‍ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന എസ് എ ഡാങ്കേ കുറേപ്പേരെക്കൂട്ടി പാര്‍ടി വിടുകയും സ്വതന്ത്രമായ ഒരു ഗ്രൂപ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് 1979 അവസാനത്തോടെ അതുവരെ നിലനിന്നിരുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി സര്‍ക്കാരില്‍നിന്ന് രാജിവച്ച്, സിപിഐ അടക്കമുള്ള ഘടകങ്ങള്‍ സിപിഐ എമ്മിനോടും ഘടകകക്ഷികളോടും ചേര്‍ന്ന് എല്‍ഡിഎഫിന് രൂപംനല്‍കിയത്.

ലാവ്ലിന്‍ കേസിനോടുള്ള സമീപനത്തില്‍ ചന്ദ്രപ്പന്‍ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ പ്രതിയാക്കിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന നിലപാടാണ് സിപിഐ എമ്മും എല്‍ഡിഎഫും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഐ എമ്മും പിണറായി വിജയനും വ്യക്തമാക്കുകയും ആ വഴിയിലൂടെ സഞ്ചരിക്കുകയുമാണ്. അതുകൊണ്ട് നിയമപരമായ പരിശോധനകളിലൂടെ ലാവ്ലിന്‍ കേസ് പോകട്ടെയെന്ന ചന്ദ്രപ്പന്റെ പരാമര്‍ശത്തില്‍ സ്വരവ്യത്യാസം മനോരമ കാണേണ്ടതില്ല.

വരുന്ന നിയമാസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനാകുമെന്ന ചന്ദ്രപ്പന്റെ ശുഭപ്രതീക്ഷയ്ക്കുമുന്നില്‍ വലതുപക്ഷമാധ്യമങ്ങള്‍ കണ്ണടച്ചു. 2ജി സ്പെക്ട്രം അഴിമതി, കോമവെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി ഇങ്ങനെ കോണ്‍ഗ്രസ് അഴിമതിയുടെ സുനാമിയില്‍ ഉലയുകയാണ്. യുഡിഎഫും ഇതിന് കണക്കുപറയേണ്ടിവരും. ചില കക്ഷികളുടെ പ്രധാനഭാഗങ്ങള്‍ വിട്ടുപോയതുകൊണ്ട് എല്‍ഡിഎഫ് പൊതുവില്‍ ദുര്‍ബലമായെന്ന വിലയിരുത്തലും തീര്‍ത്തും അബദ്ധമാണെന്ന് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ കാണാവുന്നതാണ്.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 261110

1 comment:

  1. സിപിഐക്ക് പുതിയ സംസ്ഥാന സെക്രട്ടറി വന്നതോടെ സിപിഐ എം, സിപിഐ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍പോകുന്നെന്ന മനോരമയടക്കമുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം വെളിപെടുത്തുന്നത് പക്വതയില്ലായ്മ. എല്‍ഡിഎഫ് എന്നാല്‍ നിങ്ങള്‍ മാത്രമല്ല എന്ന സന്ദേശമാണ് സിപിഐയുടെ പുതിയ സെക്രട്ടറി സിപിഐ എമ്മിന് നല്‍കിയിരിക്കുന്നതെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പി കെ വിക്കും വെളിയം ഭാര്‍ഗവനുംശേഷം ചന്ദ്രപ്പനിലേക്ക് സംസ്ഥാന സെക്രട്ടറിയുടെ കസേര വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയാന്‍പോകുമെന്ന് മാനോരമ കിനാവ് കാണുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ട്രീയപാതയിലേക്ക് സിപിഐയും യോജിച്ചത് അനുഭവങ്ങളുടെയും ആശയപരമായ പോരാട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും യോജിച്ച പ്രവര്‍ത്തനത്തിന്റെ ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം തമസ്കരിച്ചാണ് ചില മാധ്യമങ്ങള്‍ രാഷ്ട്രീയവ്യാഖ്യാനം ചമയ്ക്കുന്നത്.

    ReplyDelete