Monday, November 29, 2010

ബാങ്കുകളിലെ നിയമനരീതി അശാസ്ത്രീയം

ബാങ്കുകളിലെ നിയമനരീതി അശാസ്ത്രീയം; ബി എസ് ആര്‍ ബി തിരിച്ചുവരണമെന്ന് ആവശ്യം

ആലപ്പുഴ: രാജ്യത്തെ ബാങ്കുകള്‍ തുടരുന്ന നിയമനരീതി അശാസ്ത്രീയമാണെന്ന് അഭിപ്രായമുയരുന്നു. ജീവനക്കാരെ തിരഞ്ഞെടുക്കുവാന്‍ വാണിജ്യ ബാങ്കുകള്‍ പിന്തുടരുന്ന രീതി ചൂഷണവും തട്ടിപ്പും ലക്ഷ്യംവച്ചുള്ളതാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ തന്നെ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ബാങ്കിംഗ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡെന്ന ബിഎസ്ആര്‍ബിയെ തിരികെ കൊണ്ടുവരണമെന്നും ആവശ്യം ശക്തമാണ്.

ഒഴിവുവരുന്ന ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്ക് ബാങ്കുകള്‍ നേരിട്ട് അപേക്ഷ ക്ഷണിച്ച് ടെസറ്റും ഇന്റര്‍വ്യൂവും നടത്തുകയാണ് നിലവിലുള്ള രീതി. താരതമ്യേന കടുപ്പമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കാറുള്ളത്. പ്രൊബേഷണറി ഓഫീസര്‍, ക്ലര്‍ക്ക് തസ്തികകള്‍ക്ക് യഥാക്രമം 500 മുതല്‍ 800 രൂപ വരെ, 300 മുതല്‍ 500 രൂപ വരെ എന്ന നിലയിലാണ് അപേക്ഷ ഫീസ് ഈടാക്കുന്നത്. ഒരേ സമയത്താണ് മിക്ക ബാങ്കുകളും അപേക്ഷ ക്ഷണിക്കുന്നത്. വിവിധ ബാങ്കുകളിലെ തസ്തികകളിലേക്ക് ഒരേസമയം അപേക്ഷിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ പരീക്ഷയില്‍ പങ്കെടുക്കുന്നതും  തിരഞ്ഞെടുക്കപ്പെടുന്നതും ഇവരില്‍ ചിലര്‍ തന്നെയാകും.

2008ലും 2009ലും ബാങ്കുകള്‍ നടത്തിയ പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ നേടിയവരില്‍ ഭൂരിപക്ഷവും ഒരേ ഉദ്യോഗാര്‍ഥികള്‍ തന്നെയായിരുന്നു. ഇവരില്‍ മുന്‍ നിരക്കാരായ ഒരേ ആളുകള്‍ക്ക് വിവിധ ബാങ്കുകളില്‍ നിന്നും നിയമനോത്തരവ് ലഭിക്കുകയും ചെയ്യും. ഒരു ബാങ്കില്‍ ആദ്യം നിയമനം ലഭിച്ച ഉദ്യോഗാര്‍ഥി പിന്നീട് രാജിവെച്ച് കൂടുതല്‍ ശമ്പളം ലഭിക്കുന്ന ബാങ്കിലേക്ക് പോകും എന്നതാണ് കണ്ടുവരാറുള്ള പ്രവണത. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും പലതവണ നിയമനോത്തരവുകള്‍ അയച്ചിട്ടും ഒരു ബാങ്കിനും ഒഴിവുകള്‍ നികത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതും അടുത്ത കാലത്ത് പതിവായിട്ടുണ്ട്.

2008-2009 വര്‍ഷങ്ങളില്‍ ഓരോ ബാങ്കും പ്രഖ്യാപിച്ച ഒഴിവുകളും ജോലി സ്വീകരിച്ചവരുടെ എണ്ണവും സൂചിപ്പിക്കുന്ന കണക്കുകള്‍ ഈ വസ്തുത ശരിവെക്കുന്നു. ബാങ്ക് ഓഫ് ബറോഡ ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തത് 2000 ഉദ്യോഗസ്ഥരെയാണ്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചത് 1021 പേര്‍ മാത്രം. കാനറാ ബാങ്ക് 800 പേരെ തിരഞ്ഞെടുത്തപ്പോള്‍ ജോലി ഏറ്റെടുത്തത് 343 പേര്‍ മാത്രം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ 26000 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരില്‍ 24500 പേര്‍ മാത്രം ജോലിക്കെത്തി. റിക്രൂട്ട് ചെയ്തവരുടെയും ജോലി സ്വീകരിച്ചവരുടെയും എണ്ണത്തിലെ അനുപാതത്തിലുള്ള ഈ അന്തരം നിയമനരീതിയിലെ അശാസ്ത്രീയതയാണ് വെളിവാക്കുന്നത്.

ഒഴിവുകള്‍ നികത്താനോ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനോ സാധിക്കുന്നില്ലെങ്കിലും നിലവിലുള്ള നിയമനരീതി ബാങ്കുകളെ സംബന്ധിച്ചിടത്തോളം ചാകര തന്നെയാണ്. ഓരോ പ്രാവശ്യവും അപേക്ഷ ക്ഷണിക്കുമ്പോള്‍ ഫീ ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. 2008ല്‍ 34.9 കോടിയും 2009ല്‍ 65.27 കോടി രൂപയുമാണ് അപേക്ഷ ക്ഷണിച്ചതിലൂടെ മാത്രം എസ്ബിഐയ്ക്ക് ലഭിച്ചത്. രണ്ട് വര്‍ഷങ്ങളിലും കൂടി തൊഴിലന്വേഷകര്‍ ഈ ബാങ്കിന് നല്‍കിയത് 100.17 കോടി. ബാങ്ക് ഓഫ് ബറോഡയ്ക്ക് 2009ല്‍ ലഭിച്ചത് 20 കോടി. യൂണിയന്‍ ബാങ്ക്, കാനറാബാങ്ക് എന്നിവയ്ക്ക് യഥാക്രമം 9, 10.01 കോടി രൂപ ലഭിച്ചു. 

വന്‍ തുക നല്‍കി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി കോച്ചിംഗ് സെന്ററുകളിലും പണം മുടക്കുന്നു. എന്നാല്‍ ബാങ്കുകളും കോച്ചിംഗ് സെന്ററുമടങ്ങുന്ന ശൃംഖലയില്‍ അകപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ കഴിവ് പ്രധാനമാണെങ്കിലും ഭാഗ്യത്തിനും നിര്‍ണായക സ്ഥാനമുെണ്ടന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ ബി ഐയെ 1998ലെ നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2001ലാണ് പിരിച്ചുവിട്ടത്. ബിഎസ്ആര്‍ ബി ഉണ്ടായിരുന്നപ്പോള്‍ ഒരു ഉദ്യോഗാര്‍ഥി ഒരു തവണ ഫീസടച്ചാല്‍ മതിയായിരുന്നു. പൊതു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റുണ്ടാക്കി ഓരോ ബാങ്കിനും ആവശ്യാനുസരണം ഉദ്യോഗാര്‍ഥികളെ ലഭ്യമാക്കുകയാണ് ചെയ്തിരുന്നത്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്റേതിന് സമാനമായിരുന്ന ഈ രീതിക്ക് വിശ്വാസ്യതയും ഏറെയായിരുന്നു. ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചും ബിഎസ്ആര്‍ബി അഭികാമ്യമായിരുന്നു. ധനനഷ്ടമുണ്ടാകില്ലെന്നതും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നതാണ് അവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത്.
(ആര്‍ ശ്രീനിവാസ്)

ജനയുഗം 291110

1 comment:

  1. രാജ്യത്തെ ബാങ്കുകള്‍ തുടരുന്ന നിയമനരീതി അശാസ്ത്രീയമാണെന്ന് അഭിപ്രായമുയരുന്നു. ജീവനക്കാരെ തിരഞ്ഞെടുക്കുവാന്‍ വാണിജ്യ ബാങ്കുകള്‍ പിന്തുടരുന്ന രീതി ചൂഷണവും തട്ടിപ്പും ലക്ഷ്യംവച്ചുള്ളതാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ തന്നെ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ബാങ്കിംഗ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡെന്ന ബിഎസ്ആര്‍ബിയെ തിരികെ കൊണ്ടുവരണമെന്നും ആവശ്യം ശക്തമാണ്.

    ReplyDelete