Tuesday, November 23, 2010

വ്യാജമെമ്പര്‍ഷിപ്പും ചാക്കിട്ടുപിടിത്തവും വ്യാപകം

പതിനാലില്‍ 10 ജില്ല പിടിക്കുമെന്ന് എ ഗ്രൂപ്പ്, 20 പാര്‍ലമെന്റ് മണ്ഡലത്തില്‍ 15ഉം പിടിക്കുമെന്ന് വിശാല ഐ ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളില്‍ ബൂത്ത്, മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ഇരുഗ്രൂപ്പുകളും പരസ്പരം കൊമ്പുകോര്‍ക്കുന്നു. കള്ളവോട്ട് ചേര്‍ക്കല്‍, കാലുമാറ്റം, പണം കൊടുത്ത് വശത്താക്കല്‍ തുടങ്ങി കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പതിവുപരിപാടികളും സജീവമായി. തെരഞ്ഞെടുപ്പിനുമുന്നോടിയായി നടന്ന മെമ്പര്‍ഷിപ്പ് മഹോത്സവത്തില്‍ ഇരുഗ്രൂപ്പുകളും മത്സരിച്ച് അംഗങ്ങളെ ചേര്‍ത്തു. ഇതനുസരിച്ച് നാലരലക്ഷംപേരാണ് വോട്ടവകാശമുള്ള അംഗങ്ങള്‍. ഇതില്‍ യഥാര്‍ഥ അംഗങ്ങള്‍ രണ്ടരലക്ഷംപോലും വരില്ലെന്ന് ഗ്രൂപ്പിനതീതമായി സമ്മതിക്കുന്നു. എന്നാല്‍, വ്യാജരെ ചേര്‍ത്തത് എതിര്‍വിഭാഗമാണെന്ന് പരസ്പരം ആക്ഷേപിക്കുന്നു.

മത്സരം യൂത്ത് കോണ്‍ഗ്രസിലാണെങ്കിലും ചുക്കാന്‍ പിടിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍തന്നെയാണ്. പ്രതിപക്ഷനേതാവ്

ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെ ബെന്നി ബെഹന്നാന്‍, സതീശന്‍ പാച്ചേനി, വി വി പ്രകാശന്‍ എന്നിവരാണ് എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെങ്കില്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി കെ സുധാകരന്‍, കെ സി വേണുഗോപാല്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ വിശാല ഐ ഗ്രൂപ്പിനുവേണ്ടി പൊരുതുന്നു. പ്രസിഡന്റുസ്ഥാനത്തേക്ക് പി സി വിഷ്ണുനാഥും എം ലിജുവും മത്സരിക്കുമ്പോള്‍ മുന്‍ പ്രസിഡന്റ് എം സിദ്ധിക്കും ഇബ്രാഹിംകുട്ടി കല്ലാറും എ ഗ്രൂപ്പിനുവേണ്ടി രംഗത്തുണ്ട്. കെ.എസ്.യു തെരഞ്ഞെടുപ്പിലെ വിജയമാണ് എ ഗ്രൂപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അന്നു കിട്ടിയ 10 ജില്ലയും തൂത്തുവാരുമെന്ന് അവര്‍ പറയുന്നു. കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളുടെ കാര്യത്തില്‍മാത്രമേ എ ഗ്രൂപ്പിന് സംശയമുള്ളൂ. ഇതനുസരിച്ച് 140 അസംബ്ളിമണ്ഡലത്തില്‍ 100ലും 20 ലോക്സഭാ മണ്ഡലത്തില്‍ 14ലും തങ്ങള്‍ ആധിപത്യം സ്ഥാപിക്കുമെന്ന് എ ഗ്രൂപ്പ് വക്താവ് പറഞ്ഞു.

അതേസമയം, കെ.എസ്.യു തെരഞ്ഞെടുപ്പിനെ തങ്ങള്‍ കാര്യമായി കാണാത്തതുകൊണ്ടാണ് വിജയിക്കാനാകാതെ പോയതെന്ന് ഐ ഗ്രൂപ്പ് വക്താക്കള്‍ പറഞ്ഞു. ഇത്തവണ 20 പാര്‍ലമെന്റ് മണ്ഡലത്തില്‍ 15ഉം പിടിക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍മാത്രമേ എതിരാളികള്‍ കാര്യമായി മത്സരരംഗത്തുള്ളൂ എന്നും ഐ ഗ്രൂപ്പ് അവകാശപ്പെട്ടു. രണ്ടു ഗ്രൂപ്പിനും പുറമെ പത്മജയുടെ നേതൃത്വത്തില്‍ കരുണാകരഗ്രൂപ്പും മുരളിയെ അനുകൂലിക്കുന്നവരും വെവ്വേറെ പുറത്തുണ്ട്. ഇതില്‍ പത്മജ ഗ്രൂപ്പ് ഏതാണ്ട് എ ഗ്രൂപ്പിനൊപ്പമായിട്ടുണ്ട്. ഇതിന്റെ ചര്‍ച്ച നടക്കുകയാണ്. മുരളി നയം വ്യക്തമാക്കിയിട്ടില്ല.


ബൂത്ത്- പഞ്ചായത്തുതല തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപ്പത്രിക 25, 26 തീയതികളില്‍ സ്വീകരിക്കും. ഇതിനായി ഇരുഗ്രൂപ്പുകളും ബ്ളോക്ക്- മണ്ഡലംതല പ്രചാരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

ദേശാഭിമാനി 231110

1 comment:

  1. അഴിമതി മാത്രമല്ല ഇങ്ങനെ ചില തമാശകളും ഉണ്ട് കോണ്‍ഗ്രസില്‍.

    ReplyDelete