Tuesday, November 23, 2010

ലക്ഷ്യം കീടനാശിനി രഹിത കേരളം

കൂടുതല്‍ സഹായം ഉടന്‍: മന്ത്രി ശ്രീമതി

എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്വീകരിച്ച ക്ഷേമപ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുമെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് നാലുദിവസമായി ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2007ല്‍ രൂപീകരിച്ച പ്രത്യേക സെല്ലിന്റെ നേതൃത്വത്തില്‍ പുനരധിവാസ-ക്ഷേമ പ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുന്നുന്നുണ്ട്. ഇതിനു പുറമെ സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് വിവിധ പദ്ധതികളും നടപ്പാക്കുന്നു. അരലക്ഷം രൂപവീതം ധനസഹായം നല്‍കിയത് കൂടാതെ ഇപ്പോള്‍ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പുകള്‍ മുന്‍കൈ എടുത്ത് വിവിധ പ്രവര്‍ത്തനവും സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എല്ലാവീടുകളിലും എത്തിയാണ് ചികിത്സ നല്‍കുന്നത്. ശയ്യാവലംബികളായ 537 പേര്‍ക്ക്, അവരെ സംരക്ഷിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം ഉള്‍പ്പെടെ മാസം 1000 രൂപവീതമാണ് നല്‍കുന്നത്. ദുരിതബാധിതരുടെ ക്ഷേമപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനും മാത്രമായി 11 ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ നിയമിച്ചു. 11 പഞ്ചായത്തില്‍ ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. ഇവിടങ്ങളില്‍ നിലവിലുള്ള സൂപ്പര്‍വൈസര്‍മാര്‍ക്കു പുറമെയാണ് ഇവരുടെ സേവനം ലഭ്യമാക്കിയത്.

ഓരോ പഞ്ചായത്തിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരയായ കുടുംബങ്ങളുടെ വിശദാംശം അടങ്ങുന്ന രജിസ്റര്‍ വാര്‍ഡ് തിരിച്ച് തയ്യാറാക്കി വരികയാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപ നിരക്കിലുള്ള അരി കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ കിരണം പദ്ധതിയനുസരിച്ചുള്ള ധനസഹായം, മറ്റ് ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വികലാംഗര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ വികലാംഗ കോര്‍പറേഷന്‍ മുഖേന ലഭ്യമാക്കും. വികലാംഗ തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കും.

ലക്ഷ്യം കീടനാശിനി രഹിത കേരളം: മന്ത്രി മുല്ലക്കര


സംസ്ഥാനത്ത് കാര്‍ഷിക ഉല്‍പാദനരംഗത്ത് ജൈവനയം രൂപീകരിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഹരിതയോരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനി രഹിത കേരളത്തിനായുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുക. പത്തു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ഉല്‍പാദനരംഗം കീടനാശിനിമുക്തമാക്കും. കീടനാശിനി തളിച്ച് ഉല്‍പ്പാദിപ്പിച്ച കാര്‍ഷികോല്‍പന്നങ്ങളാണ് കേരളത്തിലേക്കൊഴുകുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളോടൊപ്പം രോഗങ്ങളും വിലയ്ക്കുവാങ്ങുകയാണ് മലയാളി. അടുത്തുനിന്നുള്ളത് ആരോഗ്യത്തിനും അകലെനിന്നുള്ളത് രോഗത്തിനുമാണെന്ന തിരിച്ചറിവാണ് കൃഷിയിലേക്ക് തിരിച്ചുപോകാന്‍ മലയാളിയെ പ്രേരിപ്പിച്ചത്. നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരവും ആഹാരസംസ്കാരവും തിരിച്ചുപിടിക്കണം. പുതുതലമുറയിലൂടെ ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തലപ്പാടി മുതല്‍ വൈറ്റില വരെ ദേശീയപാതക്കരികിലെ തരിശു സ്ഥലത്താണ് ഹരിതയോരം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൂട്ടായ്മകള്‍ക്ക് സമ്മാനം നല്‍കും. സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതു-സ്വകാര്യസ്ഥാപനങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കും വ്യക്തികള്‍ക്കും ദേശീയ പാതയോരത്ത് കൃഷി ചെയ്യാം. ശാസ്ത്രീയവും മാതൃകാപരവും ആകര്‍ഷകവുമായ കൃഷികള്‍ക്കാണ് സമ്മാനം നല്‍കുക. ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനം നല്‍കും. സമ്മാനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനോടഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ഐഎല്ലിലേക്ക് യുവജനമാര്‍ച്ച്

സംസ്ഥാനം പൂര്‍ണമായി നിരോധിച്ചിട്ടും മാരക ജനിതകവൈകല്യങ്ങള്‍ ഉണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി എച്ച്ഐഎല്‍പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏലൂര്‍ എച്ച്ഐഎല്ലിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനം ചെയത്ു. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്റെ മരണവ്യാപാരം അവസാനിപ്പിക്കണമെന്ന് ടി വി രാജേഷ് പറഞ്ഞു. സംസ്ഥാനങ്ങളിലെ കൃഷിയുടെ ഗുണത്തിനായി ഉപയോഗിക്കുന്ന കീടനാശിനികളെ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കണം. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവരെ അണിനിരത്തി ഡിവൈഎഫ്ഐ ഡിസംബര്‍ മൂന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ എം റിയാദ് അധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം വി എ സക്കീര്‍ ഹുസൈെന്‍, കളമശേരി ബ്ളോക്ക് സെക്രട്ടറി പി വി ഷാജി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സി ബി ദേവദര്‍ശനന്‍, എന്‍ രവി എന്നിവര്‍ സംസാരിച്ചു. രാവിലെ ടിസിസി ഗേറ്റിനു മുന്നില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചു. എച്ച്ഐഎല്‍ ഗേറ്റിനു മുന്നില്‍ വന്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു.

കാസര്‍കോട്ട് ജനപ്രതിനിധികള്‍ സത്യഗ്രഹമിരുന്നു

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ജില്ലാ ആസ്ഥാനത്ത് സത്യഗ്രഹം സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന ജനപ്രതിനിധികളുടെ സത്യഗ്രഹത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ചന്ദ്രഗിരി ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് വഴി നഗരം ചുറ്റി സമരപ്പന്തലിലെത്തി. ജില്ല-ഗ്രാമ-ബ്ളോക്ക് പഞ്ചായത്തംഗങ്ങളും പ്രസിഡന്റുമാരും മുനിസിപ്പല്‍ അംഗങ്ങളും ചെയര്‍മാന്മാരും എംഎല്‍എമാരും എല്‍ഡിഎഫ് നേതാക്കളും പങ്കെടുത്തു. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പള്ളിപ്രം ബാലന്‍ എല്‍എല്‍എ അധ്യക്ഷനായി. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജിന് കേന്ദ്രസഹായം അനുവദിക്കുക, ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സത്യഗ്രഹം. 'എന്‍ഡോസള്‍ഫാന്‍ ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ആഭിമുഖ്യത്തില്‍ സ്തംഭന സമരം സംഘടിപ്പിച്ചു. തിങ്കളാഴ്ച പകല്‍ 12 മുതല്‍ 12.15 വരെയായിരുന്നു സ്തംഭന സമരം. വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി.

ദേശാഭിമാനി 231110

1 comment:

  1. സംസ്ഥാനത്ത് കാര്‍ഷിക ഉല്‍പാദനരംഗത്ത് ജൈവനയം രൂപീകരിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഹരിതയോരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനി രഹിത കേരളത്തിനായുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുക. പത്തു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ഉല്‍പാദനരംഗം കീടനാശിനിമുക്തമാക്കും. കീടനാശിനി തളിച്ച് ഉല്‍പ്പാദിപ്പിച്ച കാര്‍ഷികോല്‍പന്നങ്ങളാണ് കേരളത്തിലേക്കൊഴുകുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളോടൊപ്പം രോഗങ്ങളും വിലയ്ക്കുവാങ്ങുകയാണ് മലയാളി. അടുത്തുനിന്നുള്ളത് ആരോഗ്യത്തിനും അകലെനിന്നുള്ളത് രോഗത്തിനുമാണെന്ന തിരിച്ചറിവാണ് കൃഷിയിലേക്ക് തിരിച്ചുപോകാന്‍ മലയാളിയെ പ്രേരിപ്പിച്ചത്. നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരവും ആഹാരസംസ്കാരവും തിരിച്ചുപിടിക്കണം. പുതുതലമുറയിലൂടെ ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

    ReplyDelete