Tuesday, November 30, 2010

വിക്കി ലീക്ക്‌സ് - രക്ഷാസമിതി: ഇന്ത്യയ്ക്കു മേല്‍ അമേരിക്ക ചാരവൃത്തി നടത്തിയെന്ന്

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി നീക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കിയിരുന്നതായി വിക്കി ലീക്ക്‌സ് വെളിപ്പെടുത്തല്‍. രക്ഷാസമിതി സ്ഥിരാംഗത്വത്തിലേയ്ക്ക് ഇന്ത്യ 'സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നും' ഇതിനായി നീക്കങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നല്‍കിയ നിര്‍ദേശത്തിലുള്ളത്. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയാണ് ഹിലാരി ഇതിനായി ചുമതലപ്പെടുത്തിയത്. സഖ്യകക്ഷികള്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്ക നയതന്ത്രപ്രതിനിധികളെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിനൊപ്പമാണ് ഇന്ത്യയ്‌ക്കെതിരെയും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തിയെന്ന് വ്യക്തമായിരിക്കുന്നത്.

ഐക്യരാഷ്ട്ര രക്ഷാസമിതി പരിഷ്‌കരണം, ഇന്ത്യ-അമേരിക്ക ആണവ കരാര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ യു എസ് ഭരണകൂടം നയതന്ത്രപ്രതിനിധികളെ ഉപയോഗിച്ചെന്ന് രേഖകള്‍ പറയുന്നു. ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ യു എന്നിലെ നീക്കങ്ങളാണ് അമേരിക്ക നിരീക്ഷണ വിധേയമാക്കിയത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിവയ്ക്കാനുളള അമേരിക്കന്‍ ശ്രമം പരാജയപ്പെട്ടതായി വിക്കി ലീക്ക്‌സ്

സ്റ്റോക്ക്‌ഹോം: അമേരിക്കയുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ അന്താരാഷ്ട്രതലത്തിലെ അമേരിക്കന്‍   സൈനികരഹസ്യങ്ങള്‍ പുറത്തുവിട്ടത് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് വിക്കിലീക്ക്‌സ് വെബ്‌സൈറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാഞ്ചേ. തങ്ങളുടെ പക്കലുളള രഹസ്യരേഖകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സമീപിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് രേഖകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടി വന്നതെന്ന് അസാഞ്ചേ പറഞ്ഞു.

1966 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ ലോകത്തെ 274 സ്ഥാനപതികാര്യാലയങ്ങളുമായി അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ  ആശയവിനിമയങ്ങളാണ് വിക്കിലീക്ക്‌സിന്റെ കൈയിലുളളത്. ഇതില്‍ 15,652 എണ്ണം രഹസ്യരേഖകളുടെ പട്ടികയില്‍ വരുന്നതാണെന്നും വിക്കിലീക്ക്‌സ്  വ്യക്തമാക്കി.

വിക്കിലീക്ക്‌സിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ അമേരിക്ക നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വിക്കിലീക്ക്‌സിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രേഖകള്‍ പുറത്തുവിട്ട നടപടി അമേരിക്കന്‍ ഉന്നതകേന്ദ്രങ്ങളയും സഖ്യകക്ഷികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇറാനെ ആക്രമിക്കാന്‍ സൗദി രാജാവ് അമേരിക്കയോടാവശ്യപ്പെട്ടു, ഇറാന്‍ മിസൈല്‍ സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്നീ വെളിപ്പെടുത്തലുകള്‍ മധ്യേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന ആശങ്ക രൂപപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയും ചൈനയും തമ്മിലുളള ബന്ധത്തില്‍ അമേരിക്കയുടെ ആശങ്ക, പാകിസ്ഥാന്റെ ആണവായുധശേഖരത്തെക്കുറിച്ച് അമേരിക്കയും ബ്രിട്ടനും പങ്കുവച്ച അഭിപ്രായങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ തീരുമാനങ്ങള്‍ ചോര്‍ത്തുന്നതിനായി സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്‌ളിന്റന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചതായുളള ഗുരുതരമായ ആരോപണങ്ങളും വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്.  പല പ്രധാന ലോകനേതാക്കളുടേയും ഡി എന്‍ എ ഘടന  ഉള്‍പ്പെടെയുളള എല്ലാ രഹസ്യവിവരങ്ങളും ശേഖരിക്കാന്‍ പ്രത്യേകചാരസംഘത്തെ പരിശീലിപ്പിച്ചതായുളള അത്യധികം ഗുരുതരമായ ആരോപണവും വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്.

ജര്‍മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ഇറ്റാലിയന്‍ പ്രസിഡന്റ് സില്‍വിയോ ബെര്‍ലൂസ്‌കോണി, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവര്‍ രഹസ്യരേഖകള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി. അത്യധികം ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് നടപടിയില്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം ശക്തിയായി പ്രതിഷേധിച്ചു.
ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട്‌നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോയെന്നകാര്യം പരിശോധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തലുകള്‍ തളളിക്കളയുന്നതായി ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞു. ഇറാനെതിരെയുളള നീക്കത്തില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ച് മാനസികമായ ആധിപത്യം സ്ഥാപിക്കാനുളള അമേരിക്കന്‍ അജണ്ടയാണ് വിക്കിലീക്ക്‌സ്  ഇറാനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്നാണ് ഇറാന്‍ കണക്കാക്കുന്നത്.

janayugom 301110

1 comment:

  1. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി നീക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കിയിരുന്നതായി വിക്കി ലീക്ക്‌സ് വെളിപ്പെടുത്തല്‍. രക്ഷാസമിതി സ്ഥിരാംഗത്വത്തിലേയ്ക്ക് ഇന്ത്യ 'സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നും' ഇതിനായി നീക്കങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നല്‍കിയ നിര്‍ദേശത്തിലുള്ളത്. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയാണ് ഹിലാരി ഇതിനായി ചുമതലപ്പെടുത്തിയത്. സഖ്യകക്ഷികള്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്ക നയതന്ത്രപ്രതിനിധികളെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിനൊപ്പമാണ് ഇന്ത്യയ്‌ക്കെതിരെയും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തിയെന്ന് വ്യക്തമായിരിക്കുന്നത്.

    ReplyDelete