Friday, November 26, 2010

രാജയെ സി ബി ഐ ചോദ്യം ചെയ്യാത്തത് എന്തെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയെയും ടെലികോം സെക്രട്ടറിയെയും സി ബി ഐ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു.

ചീഫ് വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന എ രാജയെയും ടെലികോം സെക്രട്ടറിയെയും ചോദ്യം ചെയ്യാത്ത സി ബി ഐ നടപടിയെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 2 ജി കേസില്‍ രാജയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി സി ബി ഐയോട് ചോദിച്ചു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ സ്വകാര്യ വ്യക്തികളുടെയും കമ്പനികളെയും പേര്
പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. ഇവരുടെ പേരുകള്‍ സി വി സി നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ സി ബി ഐ പേരുകള്‍ എഫ് ഐ ആറില്‍ ചേര്‍ക്കാത്തതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. 2ജി സ്‌പെക്ട്രം കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എ കെ ഗാംഗുലി എന്നിവരുള്‍പ്പെട്ട ബഞ്ച് സി ബി ഐക്ക് എതിരെ തിരിഞ്ഞത്.

രാജയെയും ടെലികോം സെക്രട്ടറിയെയും ചോദ്യം ചെയ്യാതെ സി ബി ഐ ഇരുട്ടില്‍ തപ്പുകയാണ്. 2ജി സ്‌പെക്ട്രം ഇടപാടില്‍ ഖജനാവിന് വന്‍ നഷ്ടം വരുത്തിയെന്ന് രാജയെക്കുറിച്ച് സി വി സി ( ചീഫ് വിജിലന്‍സ് കമ്മീഷന്‍) റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും മന്ത്രിയുടെയും സെക്രട്ടറിയുടെയും പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ നടത്തണം.

കേസില്‍ 8000 രേഖകള്‍ പരിശോധിച്ചെന്നാണ് നിങ്ങള്‍ ( സി ബി ഐ) പറയുന്നത്. കുറഞ്ഞത് ഇരുവരെയും ചോദ്യം ചെയ്യുമെന്ന് സി ബി ഐയില്‍ നിന്നും പ്രതീക്ഷിച്ചതാണ്. കോടതി പറഞ്ഞു. അതേസമയം 2ജി അഴിമതി അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സി ബി ഐ വ്യക്തമാക്കി.
(റജി കുര്യന്‍)

janayugom 261110

1 comment:

  1. 2 ജി സ്‌പെക്ട്രം അഴിമതിയില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയെയും ടെലികോം സെക്രട്ടറിയെയും സി ബി ഐ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു.

    ചീഫ് വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന എ രാജയെയും ടെലികോം സെക്രട്ടറിയെയും ചോദ്യം ചെയ്യാത്ത സി ബി ഐ നടപടിയെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

    ReplyDelete