Wednesday, November 24, 2010

എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സമഗ്ര പാക്കേജ്

തിരുവനന്തപുരം: എന്‍ഡോ സള്‍ഫാന്‍ ദുരിത മേഖലയില്‍ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. എന്‍ഡോ സള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കും. രോഗ ബാധിതരായി ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഇവര്‍ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കും. കടാശ്വാസം അനുവദിക്കും. കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കും.

രോഗം മൂലം മരിച്ച 486 പേരില്‍ ധനസഹയം നല്‍കിയവര്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും ധനസഹായം അനുവദിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സെക്രട്ടേറിയേറ്റില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും. കാസര്‍കോട് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തും. ദുരിത ബാധിതര്‍ക്കായി വിദഗ്ധ ചികില്‍സ ലഭ്യമാക്കും. ഹെല്‍ത്ത് സെന്ററുകള്‍ അപ് ഗ്രേഡ് ചെയ്യും. രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വാഹനങ്ങള്‍ ലഭ്യമാക്കും. വിദ്യാഭ്യാസം തടസ്സപ്പെട്ടവര്‍ക്ക് പ്രത്യേകം പദ്ധതിയിലൂടെ വിദ്യാഭ്യാസം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. ശുദ്ധ ജല വിതരണ സംവിധാനം കാര്യക്ഷമമാക്കും. കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കും. 

തിരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാര്‍ക്ക് കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വീടില്ലാത്തവര്‍ക്ക് വീടും ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും ലഭ്യമാക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ പേരുകളില്‍ എത്തുന്ന എന്‍ഡോ സള്‍ഫാന്‍ തടയുന്നതിനായി കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ദുരിത ബാധിതര്‍ക്ക് തൊഴിലും പുനരധിവാസവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച പാക്കേജ് തയ്യാറാക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നതിനായി ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും. ഇക്കാര്യങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിയെ അറിയിക്കാനും പ്രശ്‌നത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി കേന്ദ്രത്തെ ധരിപ്പിക്കുന്നതിനുമായി സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍, ബിനോയ് വിശ്വം, പി കെ ശ്രീമതി ജനപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

janayugom 241110

1 comment:

  1. എന്‍ഡോ സള്‍ഫാന്‍ ദുരിത മേഖലയില്‍ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. എന്‍ഡോ സള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കും. രോഗ ബാധിതരായി ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഇവര്‍ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കും. കടാശ്വാസം അനുവദിക്കും. കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കും.

    ReplyDelete