കര്‍ണാടക രാഷ്ട്രീയം അഴിമതിയാല്‍ മലീമസമായിരിക്കുന്ന സാഹചര്യമാണ് ഏറെ നാളായി നിലനില്‍ക്കുന്നത്. അഴിമതി വിമുക്ത ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി ജെ പി ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളിന്റെയും അഴിമതി ഭരണത്തിലും കാലുമാറ്റത്തിലും മനംമടുത്ത കര്‍ണാടക ജനത ഒരു ബദലിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തെ തിരഞ്ഞെടുത്തത്.
പക്ഷേ, ജനങ്ങളുടെ പ്രതീക്ഷ കെടുത്തി എന്നുമാത്രമല്ല, കടുത്ത അഴിമതിയുടെയും ജനാധിപത്യ വാണിഭത്തിന്റെയും രാഷ്ട്രീയത്തിലെ പണാധിപത്യത്തിന്റെയും ഏറ്റവും അധമമായ അടയാളമായി യെദ്യൂരപ്പ സര്‍ക്കാര്‍ മാറി. ഖനി മുതലാളിമാരുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും വെറും ചട്ടുകമായാണ് യദ്യൂരപ്പ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിരവധി അനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ ഭൂമി കുംഭകോണത്തിന്റെ കരിനിഴലില്‍ പെട്ടുഴലുകയാണ് യദ്യൂരപ്പ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ സ്വന്തം മക്കള്‍ ഉള്‍പ്പെട്ട ഭൂമി കുംഭകോണത്തിന്റെ വസ്തുതകള്‍ വ്യക്തതയോടെ പുറത്തുവന്നിട്ടും യദ്യൂരപ്പ തുടരുമെന്ന ബി ജെ പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം അഴിമതിയോടുള്ള ബി ജെ പിയുടെ സമീപനം എന്തെന്ന് വിളിച്ചറിയിക്കുന്നുണ്ട്
അഴിമതിക്കെതിരായ കലഹവും പോരാട്ടവും വാക്കുകളില്‍ മാത്രം ഒതുക്കുന്ന കക്ഷിയാണ് ബി ജെ പി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. യദ്യൂരപ്പയുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും മുന്നില്‍ ബി ജെ പി ദേശീയ നേതൃത്വം കീഴടങ്ങുകയായിരുന്നു. പല ആവര്‍ത്തി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടും ചെല്ലാതിരുന്ന യദ്യൂരപ്പ ഒടുവില്‍ ദേശീയ നേതൃത്വത്തെ സ്വന്തം കാല്‍ക്കീഴിലാക്കുന്ന തന്ത്രങ്ങളുമായാണ് രാജ്യ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. അഴിമതിക്കെതിരെ ആയിരം നാവോടെ സംസാരിച്ചുകൊണ്ടിരുന്ന ബി ജെ പിക്ക് തലകുനിക്കാനും നാണക്കേടിനാല്‍ മുഖം മറയ്ക്കാനും മാത്രമാണ് കഴിഞ്ഞത്.
ബി ജെ പി എന്ന പാര്‍ട്ടി എത്രമേല്‍ അസ്ഥിരവും അസംഘടിതവുമാണെന്ന നിരവധി അനുഭവങ്ങള്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വന്നതിനുശേഷമുണ്ടായി. ഖനി ഉടമകളായ റെഡ്ഢി സഹോദരന്‍മാര്‍ തങ്ങളുടെ പണ സ്വാധീനം കൊണ്ടാണ് ബി ജെ പി നേതൃനിരയിലും മന്ത്രിസഭയിലും എത്തിയത്. തങ്ങളുടെ വഴിവിട്ട വ്യാവസായിക സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ യദ്യൂരപ്പ സര്‍ക്കാരിനെ അവര്‍ നിരന്തരം ഉപയോഗിച്ചു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി യദ്യൂരപ്പ ഇടഞ്ഞപ്പോഴൊക്കെ എം എല്‍ എമാരെ വിലയ്‌ക്കെടുത്ത് മുഖ്യമന്ത്രിയെ റെഡ്ഢി സഹോദരന്‍മാര്‍ തങ്ങളുടെ വരുതിയിലാക്കി. ഭൂമികുംഭകോണത്തില്‍ യദ്യൂരപ്പ പ്രതികൂട്ടിലായപ്പോള്‍ അദ്ദേഹത്തിന്റെ സംരക്ഷകരാവാനും റെഡ്ഢി സഹോദരന്‍മാര്‍ മുന്നോട്ടുവന്നു. അഴിമതിയും വഴിവിട്ട ഭരണനടപടികളുമാണ് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന്റെ മുഖമുദ്ര.
അഴിമതിക്കെതിരായി ബി ജെ പി നടത്തുന്നത് കേവലം വാചാടോപം മാത്രമാണെന്ന് മുന്‍കാല അനുഭവങ്ങളും തെളിയിക്കുന്നുണ്ട്. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ ഇരുന്നപ്പോള്‍ ആയുധ ഇടപാടില്‍ കോടികള്‍ കോഴയായി കൈപ്പറ്റിയത് ബി ജെ പി കേന്ദ്ര ഓഫീസില്‍ ഇരുന്ന് ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞവരെ അടക്കം ചെയ്യാനുള്ള ശവപ്പെട്ടി വാങ്ങുന്നതില്‍ അഴിമതി നടത്തിയത് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്.
2-ജി സ്‌പെക്ട്രം ഇടപാടുള്‍പ്പടെയുള്ള അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ ധാര്‍മികമായ അവകാശമില്ലാത്ത നിലയില്‍ ബി ജെ പി എത്തിച്ചേര്‍ന്നിരിക്കുന്നു. രാജ്യത്തിലെ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസ് 'ആദര്‍ശ് ഫ്‌ളാറ്റ്' അഴിമതിയിലും 'സ്‌പെക്ട്രം' കുംഭകോണത്തിലും പെട്ടുഴലുമ്പോള്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി ജെ പി യദ്യൂരപ്പമാരുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. സംശുദ്ധവും സത്യസന്ധവുമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഭരണ നേതൃത്വത്തിനും ഈ രണ്ടു കക്ഷികളും യോഗ്യരല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
janayugom editorial 261110
കര്‍ണാടക രാഷ്ട്രീയം അഴിമതിയാല്‍ മലീമസമായിരിക്കുന്ന സാഹചര്യമാണ് ഏറെ നാളായി നിലനില്‍ക്കുന്നത്. അഴിമതി വിമുക്ത ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി ജെ പി ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളിന്റെയും അഴിമതി ഭരണത്തിലും കാലുമാറ്റത്തിലും മനംമടുത്ത കര്‍ണാടക ജനത ഒരു ബദലിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തെ തിരഞ്ഞെടുത്തത്.
ReplyDelete