ജനാധിപത്യം ലജ്ജിച്ച് തലതാഴ്ത്തുകയാണ് കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കുമുന്നില്‍. അവിടത്തെ ഭൂമികുംഭകോണത്തിന്റെ മാഫിയാ തലവനായ ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി! പ്രതിപക്ഷത്തിനെന്നല്ല, ഭരണകക്ഷിയിലെതന്നെ ഒരു വലിയ വിഭാഗത്തിനും ബിജെപിയുടെതന്നെ കേന്ദ്രനേതൃത്വത്തിനും അസ്വീകാര്യനായിട്ടും യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനാകുന്നില്ല. ബിജെപി കേന്ദ്രനേതൃത്വത്തെ യെദ്യൂരപ്പ വരച്ചവരയില്‍ നിര്‍ത്തുന്നു. പാര്‍ടി പ്രസിഡന്റിനെ തനിക്ക് തോന്നുമ്പോള്‍മാത്രം കാണും എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഒന്നുകില്‍ യെദ്യൂരപ്പ, അല്ലെങ്കില്‍ ആരുമില്ല എന്ന് വിളംബരംചെയ്യുന്നു. ഒടുവില്‍ യെദ്യൂരപ്പയുടെ ചൊല്‍പ്പടിയിലേക്ക് ബിജെപി കേന്ദ്രനേതൃത്വം കീഴടങ്ങുന്നു. ഇതെല്ലാം ബിജെപിയുടെ ആഭ്യന്തരകാര്യമെന്നുപറയാം. പക്ഷേ, ആ ആഭ്യന്തരകാര്യം സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആളുടെ അധികാരവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ പ്രശ്നം നാടിന്റെയും ജനങ്ങളുടേതുമാകുന്നു. പ്രഥമദൃഷ്ട്യാതന്നെ അഴിമതി തെളിഞ്ഞുകഴിഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ചുരുങ്ങിയ വിലയ്ക്ക് തന്റെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റ് പ്രിയപ്പെട്ടവര്‍ക്കുമായി വീതിച്ചുനല്‍കുകയാണ് യെദ്യൂരപ്പചെയ്തത്. യെദ്യൂരപ്പയുടെ മക്കളായ രാഘവേന്ദ്രയും വിജയേന്ദ്രയും ഭൂമാഫിയാ തലവന്മാരാണ്. മൂന്ന് റിയല്‍ എസ്റേറ്റ് കമ്പനിയുണ്ടാക്കി, അവയുടെ പേരില്‍ ബംഗളൂരുവിലെ കണ്ണായ സ്ഥലങ്ങള്‍ സര്‍ക്കാരില്‍നിന്ന് ചുളുവുവിലയ്ക്ക് കരസ്ഥമാക്കുകയാണ് ഇവര്‍ ചെയ്തത്. മക്കള്‍ക്ക് ഭൂമി കൊടുക്കാനുള്ള ഫയലില്‍ ഒപ്പിട്ടത് അച്ഛന്‍. എല്ലാ ഭൂനിയമങ്ങളും അവിടെ കാറ്റില്‍പ്പറത്തപ്പെട്ടു.
യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷമുള്ള ഘട്ടത്തില്‍ തുടര്‍ച്ചയായി ഇവര്‍ക്ക് സര്‍ക്കാര്‍ഭൂമി ലഭിച്ചുവരികയായിരുന്നു. ഇവരുടെ റിയല്‍ എസ്റേറ്റ് ബിസിനസ് കുത്തനെ വളര്‍ന്നു. ഇതര റിയല്‍ എസ്റേറ്റ് കമ്പനികളെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ദേവലഗിരി പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ്, ഭഗത് ഹോം പ്രൈവറ്റ് ലിമിറ്റഡ്, സഹ്യന്തരി ഹെല്‍ത്ത് കെയര്‍, ക്യാന്‍സര്‍ സൊല്യൂഷന്‍സ്, ഫ്ളൂയിഡ് പവര്‍ ടെക്നോളജീസ് തുടങ്ങിയവയുടെ ലാഭവും ബിസിനസും ത്രിഗുണീഭവിച്ചു. ബംഗളൂരുവിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ഭൂമിയാകെ ഇവരുടെ വകയായി. ഈ ഭൂമിയില്‍ അംബരചുംബികളായ കെട്ടിടസമുച്ചയങ്ങള്‍ പണിതീര്‍ക്കാനുള്ള അനുമതി നല്‍കേണ്ട വേളയില്‍ കര്‍ണാടകത്തിലെ നഗരവികസന നിയമങ്ങള്‍ തടസ്സമാകാതെ വഴിമാറിക്കൊടുത്തു. 259 ഏക്കര്‍ ഭൂമിയാണ് സ്വന്തക്കാര്‍ക്കായി മുഖ്യമന്ത്രി വീതിച്ചുകൊടുത്തത്. ഇത് നഗ്നമായ അഴിമതിയാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ചിലര്‍ക്ക് കിട്ടിയ ഭൂമി തിരിച്ചുപിടിച്ചുകൊണ്ട് വിവാദം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. എന്നാല്‍, മക്കള്‍ക്ക് കിട്ടിയ ഭൂമിയുടെ ഒരു തുണ്ടുപോലും തിരിച്ചുപിടിച്ചില്ല. ഇത് വിവാദത്തെ വീണ്ടും ആളിപ്പടര്‍ത്തുന്നതിനാണ് ഉതകിയത്.
ചതുരശ്ര അടിക്ക് 26,000 രൂപ വിലയുള്ളിടങ്ങളില്‍ 19 കോടിക്കുള്ള സ്ഥലം വെറും ഒരു കോടി രൂപയ്ക്ക് യെദ്യൂരപ്പ മക്കള്‍ക്ക് നല്‍കിയതായാണ് സഭയില്‍ പ്രതിപക്ഷം ആരോപിച്ചത്. ഇതേ ആരോപണം ബിജെപി അംഗങ്ങള്‍തന്നെയായ യെദ്യൂരപ്പ വിരുദ്ധ ഗ്രൂപ്പുകാരും ഉന്നയിക്കുന്നു. പ്രശ്നം രൂക്ഷമായപ്പോഴാണ് മുഖം രക്ഷിക്കാനായി യെദ്യൂരപ്പയെക്കൊണ്ട് രാജിവയ്പിക്കാനുള്ള ചിന്തയിലേക്ക് ബിജെപി ദേശീയനേതൃത്വം മാറിയത്. എന്നാല്‍, അത് ഫലിച്ചില്ല. പാര്‍ടി പ്രസിഡന്റിനെ അദ്ദേഹം പറഞ്ഞ സമയത്ത് കാണാനുള്ള സന്നദ്ധതപോലും യെദ്യൂരപ്പ കാട്ടിയില്ല. താന്‍ ധിക്കാരത്തിന്റെ വഴിയിലൂടെതന്നെയാണ് ഇനി പോകുക എന്ന സന്ദേശമാണ് അതിലടങ്ങിയിരുന്നത്. ഉടന്‍ ബിജെപി നേതൃത്വം പത്തി താഴ്ത്തി. യെദ്യൂരപ്പയ്ക്കു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന നിലയിലായി. അതിനുള്ള തെളിവാണ്, യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ ബുധനാഴ്ചത്തെ പ്രഖ്യാപനം.
കോണ്‍ഗ്രസിന്റെ മഹാകുംഭകോണങ്ങള്‍- 2ജി സ്പെക്ട്രം, കോമവെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഹൌസിങ്- ക്കെതിരായ പ്രതിഷേധത്തിന്റെ രൂക്ഷത കുറയാതെ നോക്കാനാണ് യെദ്യൂരപ്പയെക്കൊണ്ട് രാജിവയ്പിച്ച് പ്രത്യാരോപണങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാമെന്ന് ബിജെപി നേതൃത്വം ആഗ്രഹിച്ചത്. എന്നാല്‍, യെദ്യൂരപ്പ അത് സമ്മതിച്ചില്ല. ദേശീയ നേതൃത്വത്തിനാകട്ടെ, യെദ്യൂരപ്പയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടതായും വന്നു. അഴിമതിക്കെതിരെ സംസാരിക്കാന്‍ ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികള്‍ക്കേ ധാര്‍മികമായ അവകാശമുള്ളൂ എന്ന് തെളിയിക്കുന്നതുകൂടിയായി ഈ സംഭവം. ബിജെപി നേതൃത്വത്തെ ജാതിപരിഗണനയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ വോട്ടുബാങ്കാണ് ലിംഗായത്ത് വിഭാഗം എന്നാണ് ബിജെപി കരുതുന്നത്. ആ വിഭാഗത്തില്‍പ്പെട്ടയാളാണ് യെദ്യൂരപ്പ. യെദ്യൂരപ്പയെ നീക്കിയാല്‍ അദ്ദേഹം ആ സമുദായത്തെ പാര്‍ടിക്കെതിരെ തിരിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആ സമുദായം ശത്രുവാകാതെ നോക്കുക എന്ന പരിഗണനകൂടി അഴിമതിക്കാരനെ സംരക്ഷിക്കുന്നതിനുള്ള ബിജെപി തീരുമാനത്തിന്റെ പിന്നിലുണ്ട്. അഴിമതിക്കാര്യത്തില്‍ നടപടിയെടുക്കേണ്ട സന്ദര്‍ഭത്തിലും പരിഗണന ജാതിയാണെന്ന് ചുരുക്കം.
കര്‍ണാടകത്തില്‍ വിജയിച്ചപ്പോള്‍ ബിജെപി ദേശീയനേതൃത്വം പറഞ്ഞിരുന്നത് ദക്ഷിണേന്ത്യയിലാകെയുണ്ടാകാന്‍ പോകുന്ന ബിജെപി വിജയത്തിന്റെ മുന്നോടിയാണ് അത് എന്നാണ്. എന്നാല്‍,അവിടത്തെ ബിജെപി നേതൃത്വത്തെ ഖനിമാഫിയയും ഭൂമാഫിയയും പങ്കിട്ടെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഖനിമാഫിയയുടെ തലവന്മാരായ റെഡ്ഡി സഹോദരങ്ങള്‍- ജനാര്‍ദന റെഡ്ഡിയും കരുണാകര റെഡ്ഡിയും- ഒരുവശത്തും ഭൂമാഫിയാ തലവന്മാരായ യെദ്യൂരപ്പ കുടുംബാംഗങ്ങളും തമ്മിലുള്ള അധികാര വടംവലിയാണ് കര്‍ണാടകത്തില്‍ കണ്ടത്. ഒരു ഘട്ടത്തില്‍ ഒരു എംഎല്‍എക്ക് 50 കോടി രൂപ വിലവരുന്ന സ്ഥിതിപോലുമുണ്ടായി. രാഷ്ട്രീയം എങ്ങനെയൊക്കെ ജീര്‍ണിക്കാമോ അങ്ങനെയൊക്കെ ജീര്‍ണിക്കുന്ന നിലയാണ് ബിജെപി കര്‍ണാടകത്തില്‍ സൃഷ്ടിച്ചത്. ജാതീയതയിലൂടെ, വര്‍ഗീയതയിലൂടെ, അഴിമതിയിലൂടെ, സ്വജനപക്ഷപാതത്തിലൂടെ, കാലുമാറ്റത്തിലൂടെ- എന്നുവേണ്ട എല്ലാ വഴിക്കും ജീര്‍ണിക്കുന്ന രാഷ്ട്രീയവും അതിന്റെ പിടിയിലമര്‍ന്ന് ജീര്‍ണിക്കുന്ന ഭരണവുമാണ് കര്‍ണാടകത്തെ ഇന്ന് ദേശീയശ്രദ്ധയില്‍ കൊണ്ടുവരുന്നത്.
റെഡ്ഡി സഹോദരന്മാരും യെദ്യൂരപ്പയും തമ്മില്‍ വൈരുധ്യമുണ്ടെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ യോജിപ്പുണ്ട്. യെദ്യൂരപ്പയെ താഴെയിറക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ആ ബിജെപി ഭരണം ഇല്ലാതാകുന്ന അവസ്ഥ സൃഷ്ടിക്കരുത് എന്ന കാര്യത്തില്‍ റെഡ്ഡി സഹോദരന്മാര്‍ക്ക് നിര്‍ബന്ധമുണ്ട്. മന്ത്രിസഭയെ ഉപയോഗിച്ച് തങ്ങളുടെ ഖനി മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവസരം നഷ്ടപ്പെടുത്താനവര്‍ക്ക് താല്‍പ്പര്യമില്ല. ഈവിധത്തില്‍ മാഫിയാവല്‍ക്കരണത്തിന്റെയും രാഷ്ട്രീയ ജീര്‍ണതയുടെയും പിടിയിലമര്‍ന്ന് തകരുകയാണ് ആ സംസ്ഥാനം!
ദേശാഭിമാനി മുഖപ്രസംഗം 251110
ജനാധിപത്യം ലജ്ജിച്ച് തലതാഴ്ത്തുകയാണ് കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കുമുന്നില്‍. അവിടത്തെ ഭൂമികുംഭകോണത്തിന്റെ മാഫിയാ തലവനായ ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി! പ്രതിപക്ഷത്തിനെന്നല്ല, ഭരണകക്ഷിയിലെതന്നെ ഒരു വലിയ വിഭാഗത്തിനും ബിജെപിയുടെതന്നെ കേന്ദ്രനേതൃത്വത്തിനും അസ്വീകാര്യനായിട്ടും യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനാകുന്നില്ല. ബിജെപി കേന്ദ്രനേതൃത്വത്തെ യെദ്യൂരപ്പ വരച്ചവരയില്‍ നിര്‍ത്തുന്നു. പാര്‍ടി പ്രസിഡന്റിനെ തനിക്ക് തോന്നുമ്പോള്‍മാത്രം കാണും എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഒന്നുകില്‍ യെദ്യൂരപ്പ, അല്ലെങ്കില്‍ ആരുമില്ല എന്ന് വിളംബരംചെയ്യുന്നു. ഒടുവില്‍ യെദ്യൂരപ്പയുടെ ചൊല്‍പ്പടിയിലേക്ക് ബിജെപി കേന്ദ്രനേതൃത്വം കീഴടങ്ങുന്നു. ഇതെല്ലാം ബിജെപിയുടെ ആഭ്യന്തരകാര്യമെന്നുപറയാം. പക്ഷേ, ആ ആഭ്യന്തരകാര്യം സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആളുടെ അധികാരവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ പ്രശ്നം നാടിന്റെയും ജനങ്ങളുടേതുമാകുന്നു
ReplyDelete