Thursday, November 25, 2010

സ്പെക്ട്രം എല്ലാ അഴിമതികളെയും നാണിപ്പിക്കുന്നത്: സുപ്രീംകോടതി

രാജ്യം കണ്ട എല്ലാ അഴിമതികളെയും നാണിപ്പിക്കുന്നതാണ് സ്പെക്ട്രം അഴിമതിയെന്ന് സുപ്രീംകോടതി. അഴിമതിയും കെടുകാര്യസ്ഥതയും സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയാണെന്നും അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഇതു തടയാനാകുന്നില്ലെന്നും കോടതി പറഞ്ഞു. സ്പെക്ട്രം അഴിമതികേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സ്പെക്ട്രം അഴിമതിയില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമിയും സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷനും (സിപിഐഎല്‍) സമര്‍പ്പിച്ച ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.

സ്പെക്ട്രം അഴിമതി അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം ആവശ്യമില്ലെന്ന് സിബിഐക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചപ്പോഴാണ് അഴിമതിയുടെ വ്യാപ്തി കോടതി ചൂണ്ടിക്കാട്ടിയത്. സാമ്പത്തികവശം പരിശോധിച്ചാല്‍ രാജ്യത്തെ എല്ലാ അഴിമതികളെയും ലജ്ജിപ്പിക്കുന്നതാണ് സ്പെക്ട്രം അഴിമതിയെന്ന് കോടതി പറഞ്ഞു. കോടതിനിലപാട് ബോധ്യപ്പെട്ട സിബിഐ അഭിഭാഷകന്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടെന്ന ആവശ്യം പിന്‍വലിച്ചു. നിരീക്ഷണം ആകാമെന്നും എന്നാലത് സിബിഐയുടെ വീഴ്ച കാരണമാണെന്ന ന്യായം പറഞ്ഞാകരുതെന്നും വേണുഗോപാല്‍ വാദിച്ചു. രണ്ടുമാസത്തിനുശേഷം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സിബിഐ അറിയിച്ചു. സിബിഐ അന്വേഷണം പരാജയമായതുകൊണ്ടാണ് കോടതി മേല്‍നോട്ടം ആവശ്യപ്പെടുന്നതെന്ന് സിപിഐഎല്ലിനുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷ പറഞ്ഞു. ഇക്കാര്യം പരാമര്‍ശിക്കാതെയുള്ള മേല്‍നോട്ടം ആവശ്യമില്ല- ഭൂഷ പറഞ്ഞു.

തെളിവായി ഭൂഷ സമര്‍പ്പിച്ചിരിക്കുന്നത് രഹസ്യരേഖകളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്രോതസ്സ് വെളിപ്പെടുത്താതെയുള്ള രഹസ്യരേഖകള്‍സാധാരണ പരിഗണിക്കാറില്ല- സുപ്രീംകോടതി പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥയും വ്യാപിക്കുകയാണെന്നും നിയമപാലനം പരാജയപ്പെടുകയാണെന്നും കോടതി തുറന്നടിച്ചു. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തിലേക്കു കടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ പരാജയപ്പെടുകയാണെന്നത് വസ്തുതയാണ്. കേരളത്തില്‍ നക്സല്‍ നേതാവ് കൊല്ലപ്പെട്ട കേസില്‍ 40 വര്‍ഷത്തിനുശേഷമാണ് പൊലീസ് മേധാവിയെ ശിക്ഷിക്കുന്നത്. ഇത്തരത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോകുന്ന കേസുകള്‍ നിരവധിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെയും ഏജന്‍സികളെയും ബാഹ്യസമര്‍ദങ്ങളില്‍നിന്ന് മോചിപ്പിച്ചലേ നീതിനിര്‍വഹണം ഫലപ്രദമാകൂ. ആവശ്യത്തിന് കോടതികള്‍ സ്ഥാപിക്കുക, കഴിവുറ്റ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളിലൊന്നും സര്‍ക്കാരിന് താല്‍പ്പര്യമില്ല- കോടതി പറഞ്ഞു.

കോടതിയില്‍ പരാതിപ്പെടുംമുമ്പാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന വാദം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തിലോ എഴുതിനല്‍കിയ വാദങ്ങളിലോ പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഴവുപറ്റിയതാണെന്നും ഇക്കാര്യംകൂടി ഉള്‍പ്പെടുത്തി ബുധനാഴ്ച പുതിയ വാദമുഖങ്ങള്‍ സമര്‍പ്പിക്കുന്നതിന് അനുവദിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു.

ദേശാഭിമാനി 251110

2 comments:

  1. രാജ്യം കണ്ട എല്ലാ അഴിമതികളെയും നാണിപ്പിക്കുന്നതാണ് സ്പെക്ട്രം അഴിമതിയെന്ന് സുപ്രീംകോടതി. അഴിമതിയും കെടുകാര്യസ്ഥതയും സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയാണെന്നും അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഇതു തടയാനാകുന്നില്ലെന്നും കോടതി പറഞ്ഞു. സ്പെക്ട്രം അഴിമതികേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സ്പെക്ട്രം അഴിമതിയില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമിയും സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷനും (സിപിഐഎല്‍) സമര്‍പ്പിച്ച ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.

    ReplyDelete
  2. ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതി.വമ്പൻ സ്രാവുകളാണു പിന്നിൽ.ബാക്കി ഭാഗം ഇനി കാത്തിരുന്നു കാണാം.

    ReplyDelete