നിറഞ്ഞ അഭിമാനത്തോടെ തലയുയര്‍ത്തിയാണ് കായിക ഇന്ത്യയുടെ പ്രതിനിധികള്‍ ഗ്വാങ്ഷുവിലെ ഏഷ്യന്‍ ഗെയിംസിനോട് വിട പറയുന്നത്. കായിക രംഗത്ത് സമീപ നാളുകളില്‍ കണ്ട ഗുണപരമായ ചലനങ്ങളുടെ ശുഭസൂചനയുമായാണ് ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച മെഡല്‍ വേട്ട. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഏറെ മികവ് കാട്ടാന്‍ കഴിയാതെപോയിരുന്ന അത്‌ലറ്റിക്‌സിലുള്‍പ്പെടെ ഇന്ത്യ കാട്ടിയ പോരാട്ട വീര്യം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.
28 വര്‍ഷം മുന്‍പ് 13 സ്വര്‍ണവും 19 വെള്ളിയും 27 വെങ്കലവുമായി 57 മെഡലുമായി ന്യൂഡല്‍ഹി ഗെയിംസില്‍ സൃഷ്ടിച്ച റെക്കോഡും തകര്‍ത്താണ് ഗ്വാങ്ഷുവിലെ ഇന്ത്യയുടെ മുന്നേറ്റം. 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവുമായി 64 മെഡലാണ് ഇന്ത്യയുടെ സമ്പാദ്യം. എക്കാലത്തെയും മികച്ച സ്വര്‍ണവേട്ടയായ 1951-ലെ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന് തൊട്ടു പിന്നില്‍ ഇന്ത്യ ഇക്കുറി എത്തിയത് അപ്രതീക്ഷിതമായി ചില മേഖലകളില്‍ കാഴ്ചവച്ച അത്ഭുത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ മെഡലുകളില്‍ പലതും അതത് ഇനങ്ങളിലെ ചരിത്രത്തിലെ ആദ്യത്തേതാണെന്നതാണ് ഗ്വാങ്ഷുവിലെ പ്രകടനത്തിലെ കാമ്പ്. പരമ്പരാഗതമായി ശക്തി തെളിയിക്കാറുള്ള ചില ഇനങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയ്ക്ക് 2006-ലെ ദോഹ ഗെയിംസിലെ എട്ടാം സ്ഥാനം ആറിലേയ്ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് ഇത്തരം പ്രകടനങ്ങളിലൂടെയാണ്. ഏഷ്യന്‍ ഗെയിംസില്‍ 1990-ല്‍ മത്സര ഇനമാക്കിയ ശേഷം ഇന്ത്യയുടെ കുത്തകയായ കബഡിയിലെ ആറാം സ്വര്‍ണവും ആദ്യമായി മത്സര ഇനമാക്കിയ വനിതാ കബഡിയിലെ സ്വര്‍ണവും പ്രതീക്ഷിച്ചതുതന്നെയാണ്. എന്നാല്‍ കടം വാങ്ങിയ ബോട്ടില്‍ ഇന്ത്യയ്ക്കായി റോവിംഗിലെ ആദ്യ സ്വര്‍ണം നേടിയ ബജ്‌രംഗ് ലാല്‍ താക്കര്‍, നീന്തലില്‍ 1986-ല്‍ കഞ്ചന്‍ സിംഗിന്റെ വെള്ളിയ്ക്ക് ശേഷമുള്ള ആദ്യ മെഡല്‍ നേടിത്തന്ന വീര്‍ ധവാല്‍ ഘാട്ടെ, പുരുഷന്മാരുടെ ജിംനാസ്റ്റിക്‌സില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ കന്നി മെഡല്‍ സമ്മാനിച്ച ആശിഷ് കുമാര്‍, ആര്‍ച്ചറിയില്‍ പുരുഷ വിഭാഗത്തിലെ ആദ്യ മെഡല്‍ നേടിത്തന്ന തരുണ്‍ദീപ് റായ് എന്നിവരാണ് അപ്രതീക്ഷിതമായ മേഖലകളില്‍ ഇന്ത്യയെ മെഡല്‍ തിളക്കത്തിലേയ്ക്ക് എത്തിച്ചത്. 1994-ല്‍ ലിയാണ്ടര്‍ പേസിനെക്കൊണ്ടും 98-ല്‍ മഹേഷ് ഭൂപതിയെക്കൊണ്ടും പ്രഹഌദിനെക്കൊണ്ടും കഴിയാതിരുന്ന പുരുഷ സിംഗിള്‍സ് ഫൈനല്‍ പ്രവേശവും സ്വര്‍ണ മെഡല്‍ നേട്ടവും സമ്മാനിച്ച സോംദേവിന്റെ ഇരട്ട സ്വര്‍ണത്തിന് മാറ്റ് ഏറെയാണ്. ലിയാണ്ടര്‍ പേസും ഭൂപതിയും വിട്ടു നിന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം ഗെയിംസിലും പുരുഷ ഡബിള്‍സ് സ്വര്‍ണം ഉറപ്പാക്കിയ സോംദേവ് സനം സിംഗ് ജോഡി ഇന്ത്യയ്ക്ക് ഭാവിയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ജോഡിയെയാണ് സമ്മാനിച്ചിരിക്കുന്നത്. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവുമുള്‍പ്പെടെ 11 മെഡല്‍ നേടിയ അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഏറെ തിളങ്ങിയത്. 2006-ല്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമായിരുന്നു അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ നേട്ടം. ബോക്‌സിംഗ്, ടെന്നീസ് ഇനങ്ങളിലും ഇന്ത്യ കരുത്ത് കാട്ടിയപ്പോള്‍ ദോഹയില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയില്‍ നിര്‍ണായകമായിരുന്ന ഷൂട്ടിംഗിലും ചെസിലും സ്വര്‍ണ നേട്ടം ആവര്‍ത്തിക്കാനായില്ല. ഷൂട്ടിംഗിലെ നിരാശയാണ് ഗ്വാങ്ഷുവില്‍നിന്നും മടങ്ങുമ്പോള്‍ ഇന്ത്യയെ ഏറെ വേദനിപ്പിക്കുക.
400 മീറ്റര്‍ വനിതാ റിലേയില്‍ മന്‍ജീത് കൗര്‍, മന്ദീപ് കൗര്‍, സിനി ജോസ്, എ സി അശ്വിനി എന്നിവരടങ്ങിയ ടീമും സ്‌നൂക്കറില്‍ പങ്കജ് അദ്വാനിയുമാണ് ദോഹയിലെ സുവര്‍ണ നേട്ടം ഗ്വാങ്ഷുവിലും ആവര്‍ത്തിച്ചത്. റിലേ ടീമില്‍ അംഗമായിരുന്ന അശ്വിനി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍കൂടി സ്വര്‍ണം നേടി ഗെയിംസിലെ അപൂര്‍വ ഡബിളിന് ഉടമയായി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം ജോസഫ് എബ്രഹാം സ്വര്‍ണം നേടിയപ്പോള്‍ അത് ഹര്‍ഡില്‍സിലെ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ മെഡലായി മാറി. മലയാളി താരങ്ങളില്‍ ജോസഫിനും സിനി ജോസിനുമൊപ്പം 10000 മീറ്ററിലെ ജേതാവ് പ്രീജ ശ്രീധരനും വനിതാ കബഡി ടീം അംഗം ഷെര്‍മിയുമാണ് സ്വര്‍ണത്തിളക്കം നേടിയത്. 5000 മീറ്ററില്‍ വെള്ളി നേടിയ പ്രീജ രണ്ട് മെഡലിന് അര്‍ഹയായപ്പോള്‍ റോവിംഗില്‍ സജി തോമസും ജെനില്‍ കൃഷ്ണനും പുരുഷന്മാരുടെ ടീം-8 ഇനത്തിലും ടീം-4 ഇനത്തിലും വെള്ളി നേടി. മൂന്ന് മലയാളി താരങ്ങളാണ് വെങ്കലം നേടിയത്. സ്‌ക്വാഷ് ടീം ഇനത്തില്‍ ദീപിക പള്ളിക്കലും ചെസ് ടീം ഇനത്തില്‍ ജി എന്‍ ഗോപാലും 800 മീറ്ററില്‍ ടിന്റു ലൂക്കയും. ടിന്റുവിന് വെങ്കലത്തേക്കാള്‍ തിളക്കമേറിയ മെഡല്‍ ഉറപ്പായിരുന്നെങ്കിലും വമ്പന്‍ മത്സരങ്ങളിലെ പരിചയക്കുറവ് കോമണ്‍വെല്‍ത്ത് ഗെയിംസിലെപ്പോലെ ഇവിടെയും തിരിച്ചടിയായി മാറി. ബോക്‌സിംഗില്‍ അഞ്ചുവട്ടം ലോക ചാമ്പ്യനായ എം സി മേരികോം, ലോക രണ്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി, ലോക ചാമ്പ്യന്‍ അടങ്ങിയ വനിതാ ആര്‍ച്ചറി ടീം, പരമ്പരാഗതമായി കരുത്ത് കാട്ടിയിരുന്ന ഭാരോദ്വഹനം, ഗുസ്തി എന്നിവയിലെ നിരാശയാണ് ഇന്ത്യയ്ക്ക് ഗ്വാങ്ഷുവില്‍ നിന്നേറ്റ തിരിച്ചടികളില്‍ പ്രമുഖം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ തിളക്കത്തിലേയ്ക്ക് ഇന്ത്യന്‍ ബോക്‌സിംഗിനെ എത്തിച്ച വിജേന്ദര്‍ കുമാറും വികാസ് കൃഷ്ണനുമാണ് 2012-ലെ ഒളിമ്പിക്‌സിലേയ്ക്ക് ഇന്ത്യ പ്രതീക്ഷയോടെ ചേര്‍ത്തുവയ്ക്കുന്ന ഘടകങ്ങളില്‍ ഒന്ന്. അത്‌ലറ്റിക്‌സിലെ നേട്ടം ലോക നിലവാരത്തോളം വരുന്നവ അല്ലെങ്കിലും കൂടുതല്‍ വിദേശ പരിശീലനം അത്‌ലറ്റുകള്‍ക്ക് ലഭ്യമാക്കിയാല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ കുതിപ്പ് ആവര്‍ത്തിക്കാനാകുമെന്ന് ഉറപ്പാണ്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ട് വിദേശ പരിശീലനം അത്‌ലറ്റുകള്‍ക്ക് നല്‍കിയതിന്റെ ഗുണഫലമാണ് ഗ്വാങ്ഷുവില്‍ നമുക്ക് ലഭിച്ചിരിക്കുന്നത്. 2012-ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഈ ശ്രമത്തിന് കൂടുതല്‍ തീവ്രത നല്‍കിയാല്‍ ലണ്ടനിലും ഗ്വാങ്ഷുവിലെ തിളക്കം ഇന്ത്യയ്ക്ക് ആവര്‍ത്തിക്കാനാകും.
janayugom editorial 281110
നിറഞ്ഞ അഭിമാനത്തോടെ തലയുയര്‍ത്തിയാണ് കായിക ഇന്ത്യയുടെ പ്രതിനിധികള്‍ ഗ്വാങ്ഷുവിലെ ഏഷ്യന്‍ ഗെയിംസിനോട് വിട പറയുന്നത്. കായിക രംഗത്ത് സമീപ നാളുകളില്‍ കണ്ട ഗുണപരമായ ചലനങ്ങളുടെ ശുഭസൂചനയുമായാണ് ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച മെഡല്‍ വേട്ട. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഏറെ മികവ് കാട്ടാന്‍ കഴിയാതെപോയിരുന്ന അത്‌ലറ്റിക്‌സിലുള്‍പ്പെടെ ഇന്ത്യ കാട്ടിയ പോരാട്ട വീര്യം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.
ReplyDelete