Monday, November 22, 2010

സ്‌പെക്ട്രം അഴിമതി: അന്വേഷണം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ 22,000 കോടി രൂപയുടെ അഴിമതിനടന്നതായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് സി ബി ഐ. സ്‌പെക്ട്രം അഴിമതിയിലൂടെ പൊതുഖജനാവില്‍നിന്നും ഉണ്ടായിട്ടുള്ള നഷ്ടം 1.76 ലക്ഷം കോടിരൂപ വരുമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കണക്കുകള്‍ പരിശോധിച്ച് സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ അഴിമതി നടന്നതായി പ്രാഥമിക നിരീക്ഷണം നടത്തിയ കേന്ദ്ര വിജിലന്‍ കമ്മിഷന്റെ ഏകദേശ കണക്കിന്റെ ചുവടുപിടിച്ച് സി ബി ഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സി എ ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയും പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്ത റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനുണ്ടായതായി ചൂണ്ടിക്കാട്ടിയിരിക്കുന്ന നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ്. ഇത് കോടതിയില്‍ തെളിയിക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥരുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. സ്വീകാര്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി ബി ഐയ്ക്ക് കോടതിയില്‍ കേസ് നടത്താനാകില്ല. സി ബി ഐയ്ക്ക് സ്വന്തം കണക്കുകളും ഹാജരാക്കാന്‍ കഴിയില്ല. കോടതിയുടെ എല്ലാ സംശയങ്ങള്‍ക്കും അന്വേഷണ ഏജന്‍സി മറുപടി പറയേണ്ടതുണ്ട്.

കേസന്വേഷണത്തിന്റെ അവസാനഘട്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും തെളിവുകളുടെ പട്ടിക കോടതിക്കു സമര്‍പ്പിച്ചതായും ഇവയില്‍ ചിലവ ശക്തമായതാണെന്നും ഒരു മുതിര്‍ന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നിവപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ടെലികോം വകുപ്പിലെ അജ്ഞാതരായ ഉദ്യോഗസ്ഥരുടെയും സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വകാര്യ കമ്പനികള്‍ക്ക് സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി സി ബി ഐ തയ്യാറാക്കിയ പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍തന്നെ ആരോപിച്ചിരുന്നു.

ലേലത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാതെ ആദ്യം വന്നവര്‍ക്ക് ആദ്യമെന്ന പരിഗണനയില്‍ 2001ലെ നിരക്കില്‍ ട്രായിയുടെ നിര്‍ദേശത്തെ അവഗണിച്ച് 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നു. ടെലികോം വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും കമ്പനികളും ലൈസന്‍സ് ലഭിച്ചവരും ചേര്‍ന്ന് ലൈസന്‍സ് സ്വന്തമാക്കുന്നതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും പ്രാഥമിക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ വിലയിരുത്തുന്നു.

2ജി സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍  ഓഹരികള്‍ വിറ്റഴിച്ച യൂണിടെക് വയര്‍ലസ് സര്‍വീസ്, സ്വാന്‍ ടെലികോമിനെ ഉള്‍പ്പടെയുള്ള കമ്പനികളെ ലൈസന്‍സിനായി തിരഞ്ഞെടുത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചത്. ഇന്ത്യയിലാകെ 4.4 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആരംഭിക്കുന്നതിനുള്ള പുതിയ ലൈസന്‍സുകള്‍ 2008ല്‍ 1,651 കോടി രൂപയ്ക്കാണ് അനുവദിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന കമ്പനികള്‍ പുതിയ കമ്പനികളുടെ വരവിനെ എതിര്‍ക്കുകയും റേഡിയോ തരംഗങ്ങള്‍ വിപണിയില്‍ വില്‍ക്കണമെന്ന നിര്‍ദേശം വയ്ക്കുകയും ചെയ്തിരുന്നു. പുതിയ ലൈസന്‍സുകള്‍ക്ക് പുറമേ ടെലികോം ഡിപ്പാര്‍ട്ടുമെന്ന് ഇരട്ട സാങ്കേതികവിദ്യയും മൊബൈല്‍ സേവന ദാതാക്കള്‍ക്ക് മല്‍കി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലി സര്‍വീസസ് എന്നീ കമ്പിനികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ജി എസ് എം സ്‌പെകട്രത്തിന്റെ ഇന്ത്യയിലെയാകെ പ്രവര്‍ത്തനത്തിന്1.651 കോടി രൂപയാണ് ടെലികോം വകുപ്പ് നിര്‍ദേശിച്ചത്.

ജെ പി സിവേണ്ടെന്ന് കോണ്‍ഗ്രസ്: സഭാ സ്തംഭനം തുടരും


2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നതതതല യോഗം തീരുമാനിച്ചു. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയിലാണ് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തര മന്ത്രി പി ചിദംബരം, പ്രതിരോധ മന്ത്രി എ കെ ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി വിശ്വസ്തകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ആറ് ദിവസമായി ജെ പി സി അന്വേഷണമെന്ന ആവശ്യത്തിന്മേല്‍ പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായിരുന്നു കോണ്‍ഗ്രസ് ഉന്നതതല യോഗം ചേര്‍ന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിനും ഉണ്ടായിരുന്നതെന്നാണ് വിവരം.

പ്രധാന പ്രതിപക്ഷമായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി അഴമിതി ആരോപണം ശക്തമായി ഉന്നയിച്ച് ബി ജെ പിയെ ചെറുക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസ് യോഗത്തിലുയര്‍ന്നു. ശീതകാല സമ്മേളനം ആരംഭിച്ചശേഷം ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് നേതൃത്വം യോഗം ചേരുന്നത്.

ജെ പി സി അന്വേഷണത്തില്‍ കുറഞ്ഞ ഒരു നിര്‍ദേശത്തിനും വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ്  പ്രതിപക്ഷം. ഡി എം കെയ്‌ക്കെതിരെ പ്രയോഗിക്കാന്‍ ഒരായുധം ലഭിച്ച എ ഐ എ ഡി എം കെയും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

ജനയുഗം 221110

1 comment:

  1. 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ 22,000 കോടി രൂപയുടെ അഴിമതിനടന്നതായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് സി ബി ഐ. സ്‌പെക്ട്രം അഴിമതിയിലൂടെ പൊതുഖജനാവില്‍നിന്നും ഉണ്ടായിട്ടുള്ള നഷ്ടം 1.76 ലക്ഷം കോടിരൂപ വരുമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കണക്കുകള്‍ പരിശോധിച്ച് സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ അഴിമതി നടന്നതായി പ്രാഥമിക നിരീക്ഷണം നടത്തിയ കേന്ദ്ര വിജിലന്‍ കമ്മിഷന്റെ ഏകദേശ കണക്കിന്റെ ചുവടുപിടിച്ച് സി ബി ഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

    ReplyDelete