Saturday, November 27, 2010

അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു. അലഹബാദ് ഹൈക്കോടതിയില്‍ ചില ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന രൂക്ഷമായ വിമര്‍ശനമാണ് മാര്‍ക്കണ്‌ഠേയ കഡ്‌ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നടത്തിയത്.

അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ഉള്‍പ്പടെ പരിഗണിക്കുന്ന പല കേസുകളിലും വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വിധിയാണ് ഉണ്ടാകുന്നതെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ മെയ്- ജൂണ്‍ മാസത്തില്‍ നടന്ന ഒരു വ്യാപാരമേളയുടെ ഭാഗമായി ബഹരെയ്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡ് ഭൂമി താല്‍ക്കാലികമായി വിട്ടുകൊടുക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി തള്ളിക്കളഞ്ഞുകൊണ്ടാണ് സുപ്രിം കോടതി ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച അപ്പീലിലാണ് വിധി. ധാര്‍മികത ലംഘിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഇത്തരം വിധികള്‍ കോടതികളില്‍ സാധാരണക്കാരനുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ കഡ്ജുവും മിശ്രയും അഭിപ്രായപ്പെട്ടു. അലഹാബാദ് ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാരുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് വളരെയധികം പരാതികള്‍ വരുന്നുണ്ടെന്ന് പറയുന്നതില്‍ ദുഃഖമുണ്ടെന്ന് പരാതികളെക്കുറിച്ച് വിശദീകരിക്കാതെ ബഞ്ച് വ്യക്തമാക്കി. 'അങ്കിള്‍ ജഡ്ജ്' രോഗലക്ഷണത്തെക്കുറിച്ച് വിശദീകരിച്ച സുപ്രിം കോടതി, ചില ജഡ്ജിമാരുടെ സ്വന്തക്കാരും ബന്ധുക്കളും അഭിഭാഷകരായി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിച്ചു.

അഭിഭാഷകവൃത്തി തുടങ്ങി വളരെക്കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില ജഡ്ജിമാരുടെ മക്കളും ബന്ധുക്കളും കോടികള്‍ സമ്പാദിക്കുകയും വന്‍തുകയുടെ ബാങ്ക് നിക്ഷേപവും ആഡംബര കാര്‍, ബംഗ്ലാവുകള്‍ എന്നിവ സ്വന്തമാക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. കോടതിയില്‍ പോരാടാതെ ജഡ്ജിമാരുമായുള്ള ബന്ധം ഉപയോഗിച്ച് മക്കളും ബന്ധുക്കളും എപ്പോള്‍ മുതലാണ് കോടതി വിധിയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രിം കോടതി പറഞ്ഞു.

ഇതിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നും കോടതിയുടെ നിയന്ത്രണത്തിനുള്ളില്‍ നില്‍ക്കാത്തവരെ സ്ഥലംമാറ്റണമെന്നുമുള്ള കര്‍ശന നിര്‍ദേശവും സുപ്രിം കോടതി നല്‍കിയിട്ടുണ്ട്.

ഹൈക്കോടതിയിലെ ചില ജഡ്ജിമാരില്‍ 'അങ്കിള്‍ ജഡ്ജ്' എന്ന രോഗത്തിന്റെ ലക്ഷണം കാണുന്നുണ്ടെന്നും അവര്‍ തങ്ങള്‍ക്കറിയാവുന്ന ചില അഭിഭാഷകരുടെ ആളുകള്‍ക്കുവേണ്ടി വിധി പുറപ്പെടുവിക്കുകയാണെന്നും 12 പേജ് വരുന്ന വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു.

ജഡ്ജിമാരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ അവരുടെ ബന്ധം ദുരുപയോഗം ചെയ്യുന്നതായി ആരും ചൂണ്ടിക്കാണിക്കാത്തതെന്തെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഒരാളും ഒരു ജഡ്ജിയുടെ നേര്‍ക്കും വിരല്‍ചൂണ്ടാന്‍ തയ്യാറല്ല. മറ്റുള്ളവര്‍ ഈ ബന്ധത്തിലൂടെ മുന്‍തൂക്കം നേടുന്നുണ്ടെന്നത് വളരെ മോശമാണെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു.

ഹൈക്കോടതിയിലെ മറ്റുചില ജഡ്ജിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെന്നും സംയുക്ത വിധിന്യായത്തില്‍ പറയുന്നു.
ഇക്കാര്യങ്ങളില്‍ സ്ഥലംമാറ്റം ഉള്‍പ്പടെ ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട സുപ്രിം കോടതി, വിധിന്യായത്തിന്റെ പകര്‍പ്പ് അലഹാബാദ് ഹൈക്കോടതിക്ക് അയച്ചുകൊടുക്കാനും നിര്‍ദേശിച്ചു.

രാമജന്മഭൂമി ബാബറി മസ്ജിദ് കേസിലെ വിധി പ്രഖ്യാപിച്ച ഹൈക്കോടതിക്കെതിരായ സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍ ഭാവിയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാവുന്നതാണ്.

ജനയുഗം 271110

2 comments:

  1. അലഹാബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു. അലഹബാദ് ഹൈക്കോടതിയില്‍ ചില ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന രൂക്ഷമായ വിമര്‍ശനമാണ് മാര്‍ക്കണ്‌ഠേയ കഡ്‌ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നടത്തിയത്.

    അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ഉള്‍പ്പടെ പരിഗണിക്കുന്ന പല കേസുകളിലും വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വിധിയാണ് ഉണ്ടാകുന്നതെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

    ReplyDelete
  2. ബാബ്രി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രിം കോടതിയില്‍

    ന്യൂഡല്‍ഹി: ബാബ്രി മസ്ജിദ് വസ്തുതര്‍ക്ക കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചു. രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീരാമന്‍ മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു നേരെതാഴെയാണ് ജനിച്ചതെന്ന കോടതിയുടെ കണ്ടെതലെന്ന് സുന്നി അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. എല്ലാ വിശ്വാസികള്‍ക്കും തുല്യ അവകാശമെന്ന ഭരണഘടനാ തത്വം ലംഘിച്ചിരിക്കുകയാണെന്നും സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു.(ദേശാഭിമാനി വാര്‍ത്ത)

    ReplyDelete