Saturday, November 27, 2010

പരിസ്ഥിതി മന്ത്രാലയത്തിലും വെട്ടിപ്പെന്ന് സിഎജി

ഹരിത പദ്ധതികള്‍ വേണ്ടവിധം നടപ്പാക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഗുരുതര വീഴ്ച വരുത്തിയതായി സിഎജി. പല പദ്ധതിയുടെയും കണക്കുകള്‍ യഥാവിധമല്ലെന്നും തട്ടിപ്പു നടക്കുന്നതായി സംശയിക്കാവുന്നതാണെന്നും വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സാമൂഹ്യ വനവല്‍ക്കരണം, പരിസ്ഥിതി സൌഹൃദ നഗരപദ്ധതി, ആഗോളതാപനത്തെ തടയുന്നതിനുള്ള പദ്ധതികള്‍ തുടങ്ങി മന്ത്രാലയം നടപ്പാക്കിയ പ്രധാന പദ്ധതിയെല്ലാം പാളിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെയും  പരിസ്ഥിതിമാറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം ഏറെ പ്രധാനമാണെന്നും എന്നാല്‍, അതിനനുസരിച്ച് മന്ത്രാലയം ഉണരുന്നില്ലെന്നും ഡെപ്യൂട്ടി സിഎജി രേഖ ഗുപ്ത പറഞ്ഞു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമഗ്ര റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെന്നും ഡെപ്യൂട്ടി സിഎജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വനവല്‍ക്കരണം, ജൈവവൈവിധ്യം, മലിനീകരണ നിയന്ത്രണം, ബോധവല്‍ക്കരണം തുടങ്ങി എല്ലാ ഹരിത പദ്ധതിയും നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ട്. പണം നല്‍കുന്നതില്‍ ക്രമക്കേടു നടന്നിട്ടുണ്ട്. പദ്ധതിയൊന്നും വേണ്ടവിധം നടപ്പാക്കിയിട്ടില്ല. പദ്ധതികളുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും പൂര്‍ണമല്ല. 596.79 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റുകളാണ് കെട്ടിക്കിടക്കുന്നത്. നടപ്പുവര്‍ഷം മാര്‍ച്ചുവരെയുള്ള കണക്കാണിത്. ഓരോ പദ്ധതിയുടെയും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മന്ത്രാലയം ശ്രദ്ധിച്ചില്ല. 647 വനവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ദേശീയ വനവല്‍ക്കരണ- പരിസ്ഥിതി വികസന ബോര്‍ഡ് 47.3 കോടി രൂപ അനുവദിച്ചു. ഇതില്‍ സര്‍ക്കാരിതര സംഘടനകള്‍ക്ക് അനുവദിച്ചവയില്‍ 3.57 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി ഈ ഏജന്‍സികളൊന്നും മന്ത്രാലയത്തെ സമീപിച്ചിട്ടുമില്ല. സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യത ഇക്കാര്യത്തില്‍ കാണുന്നുണ്ട്. സംസ്ഥാന വനംവകുപ്പുകള്‍ക്ക് അനുവദിച്ച പദ്ധതികളില്‍ 23 ശതമാനമേ പൂര്‍ത്തിയായുള്ളൂ. 93 ശതമാനം പദ്ധതിയും ലക്ഷ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു.

ദേശീയ ജൈവവൈവിധ്യ ബോര്‍ഡ് രൂപീകരിച്ചിട്ട് ആറുവര്‍ഷമായെങ്കിലും ഇത് പരാജയമാണ്. ജൈവവൈവിധ്യത്തിന് ബാധകമാകുന്ന പ്രധാനപ്പെട്ട ചട്ടങ്ങള്‍ ഇതുവരെ വിജ്ഞാപനംചെയ്തിട്ടില്ല. ഗവേഷണഫലങ്ങളും ബൌദ്ധിക സ്വത്തവകാശങ്ങളും കൈമാറുന്നതിലും ബോര്‍ഡ് പരാജയമാണ്. വംശനാശം നേരിടുന്ന ജീവികളെ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ബോര്‍ഡിന് കഴിഞ്ഞില്ല. കേന്ദ്ര പരിസ്ഥിതി മലീനികരണ നിയന്ത്രണബോര്‍ഡ് തുടക്കമിട്ട ഹരിതനഗര പദ്ധതി നടപ്പാക്കിയ ആറു നഗരത്തിലും പരാജയമാണ്. പദ്ധതിക്കായി നല്‍കിയ രണ്ടുകോടിയോളം രൂപ വിവിധ സംസ്ഥാന ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുകയാണ്. പരിസ്ഥിതി വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്ററിയും (എംഎന്‍എച്ച്) പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല-റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ദേശാഭിമാനി 271110

1 comment:

  1. ഹരിത പദ്ധതികള്‍ വേണ്ടവിധം നടപ്പാക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഗുരുതര വീഴ്ച വരുത്തിയതായി സിഎജി. പല പദ്ധതിയുടെയും കണക്കുകള്‍ യഥാവിധമല്ലെന്നും തട്ടിപ്പു നടക്കുന്നതായി സംശയിക്കാവുന്നതാണെന്നും വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സാമൂഹ്യ വനവല്‍ക്കരണം, പരിസ്ഥിതി സൌഹൃദ നഗരപദ്ധതി, ആഗോളതാപനത്തെ തടയുന്നതിനുള്ള പദ്ധതികള്‍ തുടങ്ങി മന്ത്രാലയം നടപ്പാക്കിയ പ്രധാന പദ്ധതിയെല്ലാം പാളിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതിമാറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം ഏറെ പ്രധാനമാണെന്നും എന്നാല്‍, അതിനനുസരിച്ച് മന്ത്രാലയം ഉണരുന്നില്ലെന്നും ഡെപ്യൂട്ടി സിഎജി രേഖ ഗുപ്ത പറഞ്ഞു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമഗ്ര റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെന്നും ഡെപ്യൂട്ടി സിഎജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete