Tuesday, November 23, 2010

കാവല്‍നായ്ക്കളോ ചാവാലിപ്പട്ടികളോ?

അധികാരത്തിന്റെ ഏതു ഘടകവും സ്വയം ദൂഷ്യസ്വഭാവം കൈവരിക്കുമെന്ന അനുഭവപാഠങ്ങളാണ് പരസ്പര നിയന്ത്രിതവും പരസ്പര പൂരകവുമായ വ്യത്യസ്ത അധികാര ഘടകകങ്ങളുള്ള ഭരണവ്യവസ്ഥ രൂപപ്പെട്ടതിന്റെ അടിസ്ഥാനം. ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ സ്വതന്ത്രവും അതേസമയം പരസ്പര നിയന്ത്രിതവുമായ മൂന്നു ഘടകങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ഈ മൂന്നു ഘടകങ്ങളുടെ സംതുലിതമായ പ്രവര്‍ത്തനമാണ്, ജനാധിപത്യത്തെ മനുഷ്യന്‍ ഇന്നേവരെ പരീക്ഷിച്ചതില്‍ താരതമ്യേന ഫലപ്രദവും പ്രാതിനിധ്യസ്വഭാവമുള്ളതുമായ ഭരണ രീതിയാക്കുന്നത്. ഔദ്യോഗികമായ ഈ മൂന്നു ഘടകങ്ങള്‍ക്കുമപ്പുറം തീര്‍ത്തും അനൗദ്യോഗികവും അതുകൊണ്ടുതന്നെ കൂടുതല്‍ സ്വതന്ത്രവുമായ നാലാമതൊരു ഘടകം വിഭാവനം ചെയ്യപ്പെട്ടത് ജനാധിപത്യത്തെ കുറേക്കൂടി ശക്തവും ഉദാത്തവുമാക്കി. മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ഈ നാലാംതൂണായി കണക്കാക്കപ്പെടുന്നത്. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പ്രയോഗം അങ്ങനെയാണുണ്ടാവുന്നത്. ഔദ്യോഗികമായ മൂന്നു സംവിധാനങ്ങളും നിശബ്ദമാവുകയോ നിര്‍ജീവമാവുകയോ ചെയ്തപ്പോള്‍ നമുക്കിപ്പോള്‍ പത്രങ്ങള്‍ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് അത് ഫോര്‍ത്ത് എസ്റ്റേറ്റല്ല, മറിച്ച് ഏക എസ്റ്റേറ്റാണെന്നും ഐറിഷ് എഴുത്തുകാരനായ ഓസ്‌കാര്‍ വൈല്‍ഡ് ഒരു നൂറ്റാണ്ടിനപ്പുറം തന്നെ അഭിപ്രായപ്പെട്ടത് അതിന്റെ പ്രസക്തിയും കരുത്തുമാണ് വെളിവാക്കിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്കുണ്ടെന്നു നാം കരുതുന്ന കരുത്തെല്ലാം ചോര്‍ത്തിക്കളയുന്നതാണ്, തെളിച്ചമെല്ലാം കെടുത്തിക്കളയുന്നതാണ് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. രാജ്യത്തെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കും ചീഞ്ഞളിഞ്ഞ ചില രാഷ്ട്രീയക്കാര്‍ക്കുമൊപ്പം മാധ്യമപ്രവര്‍ത്തകരും പങ്കാളിയായെന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ മാധ്യമലോകത്തിലെ ഒരു വിഭാഗം ആണ്ടുപോയ ചെളിക്കുണ്ടിനെയാണ് വെളിപ്പെടുത്തുന്നത്.

എന്‍ ഡി ടി വി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖ ദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സിംഘ്‌വി എന്നിവരുടെ പങ്കാളിത്തമാണ്, സ്‌പെക്ട്രം ഇടപാടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യാ ടുഡേ എഡിറ്റര്‍ പ്രഭു ചാവ്‌ല ഉള്‍പ്പെടെ മറ്റു പല പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്നുണ്ട്. സെപ്ക്ട്രം ഇടപാടിലെ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ ബര്‍ഖ ദത്തുമായും വീര്‍ സിംഘ്‌വിയുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകളാണ് പരസ്യമായിരിക്കുന്നത്. എ രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടപെടുക, റിലയന്‍സ് തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കു വേണ്ടി എഴുതുക തുടങ്ങിയ കാര്യങ്ങളാണ് ടെലിഫോണ്‍ സംഭാഷണളുടെ ഉള്ളടക്കം. ഈ സംഭാഷണങ്ങള്‍ നടന്നിട്ടില്ലെന്ന് ആരും നിഷേധക്കുറിപ്പ് ഇറക്കിയിട്ടില്ല. ജോലിയുടെ ഭാഗമായാണ് റാഡിയയുമായി സംസാരിച്ചതെന്നാണ്, രാജ്യം പ്രത്യാശയോടെ കണ്ടിരുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ജേണലിസവുമായി ബന്ധമില്ലാത്ത പവര്‍ ബ്രോക്കിംഗും ലോബിയിംഗുമാണ് ഇവയെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും ബോധ്യപ്പെടും. ജോലിയുടെ ഭാഗമായി ഭരണാധികാരികളുമായി ഇടപെടുകയും വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതു മുതലെടുത്ത് കോര്‍പ്പറേറ്റുകളുടെ സന്ദേശവാഹകരായും ദല്ലാള്‍മാരായും പ്രവര്‍ത്തിക്കുന്ന നാണംകെട്ട കാഴ്ചയാണിത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളും അടങ്ങിയ സമാന്തര ഭരണവ്യവസ്ഥയുടെ പങ്കാളികളായി, ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളെന്നു വിളിപ്പേരുകേട്ട മാധ്യമപ്രവര്‍ത്തര്‍ മാറുന്നത് അപമാനകരവും അതിലേറെ അപകടകരവുമാണ്.

രാജ്യത്ത് ഏറെ വായിക്കപ്പെടുന്ന പത്ര പംക്തികളിലൊന്നാണ് സിംഘ്‌വിയുടേത്. ദൃശ്യമാധ്യമ രംഗത്തും സജീവമാണ് സിംഘ്‌വി. ബര്‍ഖ ദത്താവട്ടെ ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ തിളങ്ങുന്ന താരവും. പുതിയ തലമുറയുടെ റോള്‍ മോഡലായിവരെ പരിഗണിക്കപ്പെടുന്നവരാണിവര്‍. മുംബൈ ആക്രമണത്തിനു ശേഷം അരാഷ്ട്രീയവാദത്തിന്റെ ചിഹ്നംവിളികളുമായി തെരുവിലിറങ്ങിയ ബര്‍ഖയുടെ പിന്നാലെ യുവാക്കളില്‍ കുറേപ്പേരെങ്കിലും അണിനിരന്നത് മാധ്യമങ്ങളിലൂടെ അവരുണ്ടാക്കിയ സ്വാധീനത്തിന്റെ ഫലമാണ്. ബര്‍ഖയുടെയും സിംഘ്‌വിയുടെയും അവരെപ്പോലുള്ള അണിയറയിലെ അനേകരുടെയും എഴുത്തിനെയും ഷോകളെയും നയിക്കുന്നത് മറ്റാരുടെയോ താല്‍പ്പര്യങ്ങളും ഗൂഢനീക്കങ്ങളുമാണെന്ന വെളിപ്പെടുത്തല്‍ എത്രമാത്രം അസ്വസ്ഥജനകമാണ്!

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ ചരിത്രം. ദേശീയ പ്രസ്ഥാനത്തിന് തീപകര്‍ന്നാണ് അതു വളര്‍ന്നത്. ദേശീയപ്രസ്ഥാന കാലത്ത് ആര്‍ജിച്ചെടുത്ത ഉള്‍ക്കരുത്തും സംസ്‌കാരവും കൈമോശം വരാതെ കാക്കാന്‍ ഒരുപരിധിവരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് പാപ്പരാസിത്വം ഇവിടെ വേരുപിടിക്കാതെ പോയത്. എന്നാല്‍ ആഗോളീകരണ കാലത്തെ മൂലധന കുത്തൊഴുക്കില്‍ പ്രഫഷണലിസം എന്ന തൊഴില്‍മാത്ര സിദ്ധാന്തത്തിലേയ്ക്ക് ചുവടുമാറിയപ്പോള്‍ നമ്മുടെ ഒരു വിഭാഗം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പറിച്ചെറിയുന്നത് ഈ സംസ്‌കാരവും മൂല്യങ്ങളുമാണ്. ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളെ ചാവാലിപ്പട്ടികളുടെ നിലയിലേയ്‌ക്കെത്തിക്കുന്നത് അതാണ്. എന്നാല്‍ അഴിമതിയും കുംഭകോണങ്ങളും പുറത്തുകൊണ്ടുവരികയും അതിന്റെ കാണാപ്പുറങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇപ്പോഴും ഉണ്ടെന്നതിലാണ് നമ്മുടെ പ്രത്യാശ. 2ജി സ്‌പെക്ട്രം അഴിമതി സമ്മര്‍ദങ്ങളും പ്രലോഭനങ്ങളുമുണ്ടായിട്ടും വഴങ്ങാതെ പുറത്തുകൊണ്ടുവന്ന മലയാളിയായ ഗോപീകൃഷ്ണനെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ഈ ഗണത്തില്‍ പെടുന്നു.

janayugom editorial 231110

1 comment:

  1. അധികാരത്തിന്റെ ഏതു ഘടകവും സ്വയം ദൂഷ്യസ്വഭാവം കൈവരിക്കുമെന്ന അനുഭവപാഠങ്ങളാണ് പരസ്പര നിയന്ത്രിതവും പരസ്പര പൂരകവുമായ വ്യത്യസ്ത അധികാര ഘടകകങ്ങളുള്ള ഭരണവ്യവസ്ഥ രൂപപ്പെട്ടതിന്റെ അടിസ്ഥാനം. ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ സ്വതന്ത്രവും അതേസമയം പരസ്പര നിയന്ത്രിതവുമായ മൂന്നു ഘടകങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ഈ മൂന്നു ഘടകങ്ങളുടെ സംതുലിതമായ പ്രവര്‍ത്തനമാണ്, ജനാധിപത്യത്തെ മനുഷ്യന്‍ ഇന്നേവരെ പരീക്ഷിച്ചതില്‍ താരതമ്യേന ഫലപ്രദവും പ്രാതിനിധ്യസ്വഭാവമുള്ളതുമായ ഭരണ രീതിയാക്കുന്നത്. ഔദ്യോഗികമായ ഈ മൂന്നു ഘടകങ്ങള്‍ക്കുമപ്പുറം തീര്‍ത്തും അനൗദ്യോഗികവും അതുകൊണ്ടുതന്നെ കൂടുതല്‍ സ്വതന്ത്രവുമായ നാലാമതൊരു ഘടകം വിഭാവനം ചെയ്യപ്പെട്ടത് ജനാധിപത്യത്തെ കുറേക്കൂടി ശക്തവും ഉദാത്തവുമാക്കി. മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ഈ നാലാംതൂണായി കണക്കാക്കപ്പെടുന്നത്. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പ്രയോഗം അങ്ങനെയാണുണ്ടാവുന്നത്. ഔദ്യോഗികമായ മൂന്നു സംവിധാനങ്ങളും നിശബ്ദമാവുകയോ നിര്‍ജീവമാവുകയോ ചെയ്തപ്പോള്‍ നമുക്കിപ്പോള്‍ പത്രങ്ങള്‍ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് അത് ഫോര്‍ത്ത് എസ്റ്റേറ്റല്ല, മറിച്ച് ഏക എസ്റ്റേറ്റാണെന്നും ഐറിഷ് എഴുത്തുകാരനായ ഓസ്‌കാര്‍ വൈല്‍ഡ് ഒരു നൂറ്റാണ്ടിനപ്പുറം തന്നെ അഭിപ്രായപ്പെട്ടത് അതിന്റെ പ്രസക്തിയും കരുത്തുമാണ് വെളിവാക്കിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്കുണ്ടെന്നു നാം കരുതുന്ന കരുത്തെല്ലാം ചോര്‍ത്തിക്കളയുന്നതാണ്, തെളിച്ചമെല്ലാം കെടുത്തിക്കളയുന്നതാണ് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. രാജ്യത്തെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കും ചീഞ്ഞളിഞ്ഞ ചില രാഷ്ട്രീയക്കാര്‍ക്കുമൊപ്പം മാധ്യമപ്രവര്‍ത്തകരും പങ്കാളിയായെന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ മാധ്യമലോകത്തിലെ ഒരു വിഭാഗം ആണ്ടുപോയ ചെളിക്കുണ്ടിനെയാണ് വെളിപ്പെടുത്തുന്നത്.

    ReplyDelete