Saturday, November 27, 2010

കോണ്‍ഗ്രസ് കടയില്‍ വില്‍പ്പന തകൃതി

തലപ്പത്തു നിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 1

2009 മെയ് മാസം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണ ഘട്ടം. 'ശല്യക്കാരായ' ഇടതുപക്ഷമില്ലാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലവില്‍ വരുന്നു. നിര്‍ണായക വകുപ്പുകളില്‍ താല്‍പ്പര്യപ്പെട്ടവരെ വാഴിക്കാന്‍ കോര്‍പ്പറേറ്റ് ലോബിയിങ് സജീവം. ടെലികോം വകുപ്പില്‍ വീണ്ടും രാജ വന്നതിന്റെ സന്തോഷം രണ്ടുപ്രമുഖര്‍ ഫോണിലൂടെ പങ്കുവെയ്ക്കുന്നു. ഒരറ്റത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നായ വ്യവസായി മുകേഷ് അംബാനി. മറുവശത്ത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇടനിലപണി നടത്തുന്ന രഞ്ജന്‍ ഭട്ടാചാര്യ (മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ മരുമകന്‍).
രഞ്ജന്റെ ചോദ്യമിങ്ങനെ: 'എന്താ മുകേഷ്, സന്തോഷമായില്ലേ. നിങ്ങള്‍ക്ക് വേണ്ടതെല്ലാം കിട്ടിയല്ലോ'.

മുകേഷിന്റെ പ്രതികരണം. 'സന്തോഷം

രഞ്ജന്‍. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇനിയിപ്പോള്‍ കോണ്‍ഗ്രസാണ് നമ്മുടെ കട'.

രാജ്യത്തെ മുഖ്യ ഭരണകക്ഷി കോര്‍പറേറ്റുകളുടെ ഭാഷയില്‍ ഒരു കട മാത്രമായി അധഃപതിച്ചിരിക്കുന്നു. എന്തും വിലയ്ക്ക് കിട്ടുന്ന കട. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഒരു രാജ്യത്തെ തന്നെയാണ്. വാങ്ങാന്‍ നിരന്നുനില്‍ക്കുന്നത് കോര്‍പറേറ്റ് പ്രമുഖരും. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമൊക്കെ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ വണങ്ങി നില്‍ക്കുമ്പോള്‍ വില്‍പ്പന കൊഴുക്കുകയാണ്. സ്പെക്ട്രം വില്‍പ്പന, കോമവെല്‍ത്ത് അഴിമതി, കാര്‍ഗില്‍ യുദ്ധവീരന്‍മാരുടെ പേരില്‍ നടന്ന ഫ്ളാറ്റ് തട്ടിപ്പ്, ഐപിഎല്‍ കുംഭകോണം, അരികയറ്റുമതി- അഴിമതി പട്ടിക അനന്തമായി നീളുകയാണ്.

ഇതില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് സ്പെക്ട്രം അഴിമതിയാണ്. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ മുഖ്യസംഭാവനയായ കോര്‍പറ്റ്േ അഴിമതിയുടെ ക്ളാസിക് ഉദാഹരണമായി സ്പെക്ട്രം ഇടപാട് മാറുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയെന്നും അഴിമതികളുടെ അഴിമതിയെന്നും നിസംശയം വിശേഷിപ്പിക്കാവുന്ന സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിന് നഷ്ടമായത് 1,76,645 കോടി രൂപ. സ്പെക്ട്രം വില്‍പ്പനനടപടികള്‍ സൂക്ഷ്മമായി പരിശോധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ അന്തിമറിപ്പോര്‍ട്ടിലെ കണക്കാണിത്.

ടെലികോം വകുപ്പില്‍ അഴിമതി വിവാദം ഇതാദ്യമല്ല. നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിങ് ധനമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്ത സുഖ്റാം അഴിമതി കേസില്‍ മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മന്‍മോഹന്‍സിങ്ങിന്റെ തണലില്‍ രാജ ആസൂത്രണം ചെയ്ത ആധുനിക ടെലികോം അഴിമതിക്ക് മുന്നില്‍ സുഖ്റാമിന് ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും. 1.68 കോടിയുടെ അഴിമതിയാണ് സുഖ്റാമിന് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്.

രാജ മാത്രം തെറ്റുകാരന്‍, ഞങ്ങളെല്ലാം നിരപരാധികള്‍ എന്നാണ് സോണിയയും പ്രധാനമന്ത്രിയും ഉരുവിടുന്നത്. എന്നാല്‍, സിഎജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും നീരാ റാഡിയ എന്ന കോര്‍പറേറ്റ് ഇടനിലക്കാരിയുടെ ഫോണ്‍ സംഭാഷണങ്ങളും അഴിമതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള പങ്ക് തെളിയിക്കുന്നു. സംയുക്ത പാര്‍ലമെന്ററിസമിതി(ജെപിസി) അന്വേഷണം വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കാനും കാരണം മറ്റൊന്നല്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 261110

രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്

മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി മന്മോഹന്‍ കണ്ണടച്ചു
നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി 

1 comment:

  1. 2009 മെയ് മാസം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണ ഘട്ടം. 'ശല്യക്കാരായ' ഇടതുപക്ഷമില്ലാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലവില്‍ വരുന്നു. നിര്‍ണായക വകുപ്പുകളില്‍ താല്‍പ്പര്യപ്പെട്ടവരെ വാഴിക്കാന്‍ കോര്‍പ്പറേറ്റ് ലോബിയിങ് സജീവം. ടെലികോം വകുപ്പില്‍ വീണ്ടും രാജ വന്നതിന്റെ സന്തോഷം രണ്ടുപ്രമുഖര്‍ ഫോണിലൂടെ പങ്കുവെയ്ക്കുന്നു. ഒരറ്റത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നായ വ്യവസായി മുകേഷ് അംബാനി. മറുവശത്ത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇടനിലപണി നടത്തുന്ന രഞ്ജന്‍ ഭട്ടാചാര്യ (മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ മരുമകന്‍).
    രഞ്ജന്റെ ചോദ്യമിങ്ങനെ: 'എന്താ മുകേഷ്, സന്തോഷമായില്ലേ. നിങ്ങള്‍ക്ക് വേണ്ടതെല്ലാം കിട്ടിയല്ലോ'.

    മുകേഷിന്റെ പ്രതികരണം. 'സന്തോഷം

    രഞ്ജന്‍. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇനിയിപ്പോള്‍ കോണ്‍ഗ്രസാണ് നമ്മുടെ കട'.

    രാജ്യത്തെ മുഖ്യ ഭരണകക്ഷി കോര്‍പറേറ്റുകളുടെ ഭാഷയില്‍ ഒരു കട മാത്രമായി അധഃപതിച്ചിരിക്കുന്നു. എന്തും വിലയ്ക്ക് കിട്ടുന്ന കട. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഒരു രാജ്യത്തെ തന്നെയാണ്. വാങ്ങാന്‍ നിരന്നുനില്‍ക്കുന്നത് കോര്‍പറേറ്റ് പ്രമുഖരും.

    ReplyDelete