Saturday, November 27, 2010

കോണ്‍ഗ്രസ് വീണ്ടും രണ്ടുതട്ടില്‍

ചുക്കില്ലാത്ത കഷായംപോലെയാണ് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ്. പ്രത്യയശാസ്ത്രങ്ങളൊന്നുമില്ലാത്ത കോണ്‍ഗ്രസിനുള്ള ഏക പ്രഖ്യാപിതതത്വം ഗ്രൂപ്പിസമാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളൊന്നും ആശയാധിഷ്ഠിതമല്ല. വ്യക്ത്യധിഷ്ഠിതമാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി രണ്ടു അധികാരകേന്ദ്രമുണ്ടായിരുന്നു- കണ്ണോത്ത് കരുണാകരനും അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയും. ഇവര്‍ തമ്മിലുള്ള ഇണക്കവും പിണക്കവും പോര്‍വിളിയും അങ്കംവെട്ടലുമായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയം. ഒരാള്‍ക്ക് കോണ്‍ഗ്രസില്‍ അംഗമാകണമെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പിലൂടെ മാത്രമേ സാധ്യമായിരുന്നുള്ളൂ. ഗ്രൂപ്പില്ലാത്തവര്‍ പെരുവഴിയാധാരം. കോണ്‍ഗ്രസില്‍ ഒരുകാലത്ത് മുടിചൂടാമന്നനായി വാണിരുന്ന കെ കരുണാകരന്റെ ഗ്രൂപ്പ് ഇന്നിപ്പോള്‍ താഴത്തുവീണ ചില്ലുഗ്ളാസുപോലെ ഛിന്നഭിന്നമാണ്. മകന്‍ മുരളീധരന്‍ കോണ്‍ഗ്രസിന്റെ പടിവാതിലില്‍ പ്രവേശനച്ചീട്ടിനായി ഉറക്കമിളച്ചു കഴിയുന്നു. ദില്ലിയില്‍ സോണിയ ഗാന്ധിയുടെ സാരിത്തുമ്പില്‍ തൂങ്ങിക്കിടക്കുന്ന എ കെ ആന്റണി വല്ലപ്പോഴുംമാത്രം കേരളത്തിലെത്തുന്ന ഒരു മറുനാടന്‍ മലയാളിയാണ്.

ഏതാനും വര്‍ഷമായി നാഥനില്ലാതെ അലഞ്ഞുനടന്നിരുന്ന കരുണാകരഭക്തരും ആന്റണിശിഷ്യരും ഇപ്പോള്‍ പുതിയ കൂടുകളില്‍ ചേക്കേറുന്നത് കൌതുകകാഴ്ചയാണ്. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പില്ലെന്ന് ആണയിട്ടു പറഞ്ഞിരുന്നവരെല്ലാം രണ്ടു ചേരിയിലായി അണിനിരക്കുന്ന തിരക്കിലാണ്. കരുണാകരന്‍ ദുര്‍ബലനും ആന്റണി പ്രബലനും ആയതോടെ രണ്ടുപേര്‍ക്കും ഗ്രൂപ്പ് വേണ്ടാതായി. രണ്ടു ഗ്രൂപ്പിലും പടവെട്ടിയിരുന്നവര്‍ പുതിയ ലാവണങ്ങള്‍തേടി. കോണ്‍ഗ്രസില്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്തതിനാല്‍ അല്‍പ്പമൊക്കെ തലയെടുപ്പുള്ളവര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കി. വ്യക്തികേന്ദ്രിതമായ നിരവധി ഗ്രൂപ്പുകളുടെ കോണ്‍ഫെഡറേഷനായി തീര്‍ന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ രണ്ടു ശാക്തികചേരികള്‍ ഉദയം ചെയ്തിരിക്കയാണ്.

1974ല്‍ കരുണാകരനും ആന്റണിയും കൊമ്പുകോര്‍ക്കുമ്പോള്‍ ഭരണവിഭാഗവും സംഘടനാ വിഭാഗവും എന്ന രണ്ടു വിഭാഗമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും ആന്റണിയോടൊപ്പമായിരുന്നെങ്കിലും ഈ സംഘടനകളില്‍ നിഴലിച്ച പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഗ്രൂപ്പിസം മൂര്‍ച്ഛിച്ചത്. അന്നത്തെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അംബിക സോണിയുടെ സാന്നിധ്യത്തിലാണ് കഴക്കൂട്ടം കവലയില്‍ കരുണാകരന്‍- ആന്റണി വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. കരുണാകരനെയും മന്ത്രിമാരെയും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന വിരുദ്ധരുടെ തീരുമാനമാണ് അന്ന് ഗ്രൂപ്പിസം സ്ഫോടനാത്മകമാക്കിയത്.

1978ല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ പിളര്‍ന്നപ്പോള്‍ രണ്ടു ഗ്രൂപ്പ് രണ്ടു വഴിക്കായി. 2004ല്‍ ഗ്രൂപ്പു മത്സരത്തിന്റെ പാരമ്യത്തിലാണ് കോണ്‍ഗ്രസ് പിളര്‍ന്ന് കേരളത്തില്‍ ഡിഐസിയുണ്ടായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ നേഴ്സറിയായ യൂത്ത് കോണ്‍ഗ്രസിലെയും കെ.എസ്.യുവിലെയും ചേരിതിരിവുതന്നെയാണ് പഴയതുപോലെ ഇന്നത്തെയും പ്രശ്നം. കെ.എസ്.യു തെരഞ്ഞെടുപ്പില്‍ വിശാല 'ഐ'ക്കാരെ തൂത്തെറിഞ്ഞുകൊണ്ടാണ് എ വിഭാഗക്കാരുടെ പ്രതിനിധി ഷാഫി പറമ്പില്‍ സംസ്ഥാന പ്രസിഡന്റായത്. ഐ ഗ്രൂപ്പിലെ പ്രതികൂല ശത്രുക്കളെയും എ ഗ്രൂപ്പിലെ അനുകൂല ശത്രുക്കളെയും ഒരുപോലെ ഒതുക്കിക്കെട്ടുന്നതില്‍ ഉമ്മന്‍ചാണ്ടി ആദ്യവിജയം നേടി. ഈ ആത്മബലത്തിലാണ് ഉമ്മന്‍ചാണ്ടി വീണ്ടും കച്ചമുറുക്കിയിരിക്കുന്നത്.

തീര്‍ത്തും പ്രഹസനമായിരുന്ന കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ സമവായം എന്ന പേരിലാണ് 280 കെപിസിസി അംഗങ്ങളെ അവരോധിച്ചത്. രമേശ് ചെന്നിത്തല വീണ്ടും പ്രസിഡന്റായി നിയമിതനായെങ്കിലും വാര്‍ഡുമുതല്‍ സംസ്ഥാനതലംവരെയുള്ള കമ്മിറ്റികള്‍ ജനാധിപത്യപ്രക്രിയയിലൂടെ പുനഃസംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് വീതംവയ്പ് എന്ന നോമിനേഷനിലൂടെ വിവിധ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള ശ്രമംനടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ധ്രുവീകരണം ശക്തിപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരെ മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലാണ് പൊരിഞ്ഞ പോരാട്ടം. മുഖ്യമന്ത്രിക്കസേര സ്വപ്നംകാണുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള അങ്കത്തിലെ പ്രഥമ ചുവടുവയ്പാണ് യൂത്ത് കോണ്‍ഗ്രസ് മത്സരം. വിവിധ ഗ്രൂപ്പുകളിലായി നിലയുറപ്പിച്ചിരുന്നവരെല്ലാം രണ്ടുപേരുടെ നേതൃത്വത്തില്‍ അണിനിരന്നതാണ് കോണ്‍ഗ്രസിലെ പുതിയ സംഭവവികാസം. പുതിയ ഗ്രൂപ്പുമത്സരത്തിന് വര്‍ഗീയനിറമുള്ളതിനാല്‍ ചില ജാതി- മത ശക്തികളാണ് പിന്നണിയില്‍ ചരടുവലിക്കുന്നത്.

ആന്റണി- കരുണാകരന്‍ ഗ്രൂപ്പുകള്‍പോലെ ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പുസമവാക്യം രൂപപ്പെട്ടിരിക്കുകയാണ്. കരുണാകരനും ആന്റണിയും ഇപ്പോള്‍ കാഴ്ചക്കാരാണെങ്കിലും ഇവരുടെ ഉറ്റതോഴന്മാര്‍ രണ്ടുവശത്തായി ചേര്‍ന്നുകൊണ്ടിരിക്കുന്നു. കരുണാകരന്റെ മുഖ്യതാവഴിയായ പത്മജഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയോട് സന്ധിചെയ്തിരിക്കുകയാണ്. സ്വന്തം പുത്രന്‍ മുരളീധരനുവേണ്ടി വിലപിക്കുന്ന കരുണാകരന് ഇപ്പോള്‍ മുഖ്യശത്രു താന്‍ പാലൂട്ടി വളര്‍ത്തിയ രമേശ് ചെന്നിത്തലയാണ്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു സംഘടനകളുടെ തറവാട്ടുകാരണവരായ വയലാര്‍ രവിയുടെ നാലാംഗ്രൂപ്പ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ശത്രുവായ രമേശ് ചെന്നിത്തലയോടൊപ്പമാണ്. ആന്റണിയോടു കൂറുപുലര്‍ത്തുന്ന വി എം സുധീരന്‍, ജി കാര്‍ത്തികേയന്‍ എന്നിവര്‍ ഒരു ഗ്രൂപ്പിലും പെടാതെ നില്‍ക്കുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികളില്‍ വ്യക്തിബന്ധങ്ങള്‍ തന്ത്രാധിഷ്ഠിതമാണ്. 1974ല്‍ എ കെ ആന്റണിക്കുവേണ്ടി കരുണാകരനെതിരെ പടയൊരുക്കം നടത്തിയ വയലാര്‍ രവിയും പി സി ചാക്കോയും പില്‍ക്കാലത്ത് കരുണാകരന്റെ കൈയിലെ മാരകായുധങ്ങളായി മാറി. 1992ല്‍ എ കെ ആന്റണിയെ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കരുണാകരന്‍ ഉപയോഗിച്ചത് വയലാര്‍ രവിയെയാണ്. 1997ല്‍ വയലാര്‍ രവിയെ കരുണാകരന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് എ കെ ആന്റണിയുടെ സഹായത്തോടെയാണ്. പിന്നീട് വയലാര്‍ രവിയെ രാജ്യസഭാംഗമാക്കിയത് എ കെ ആന്റണിയാണ്. ഇപ്പോള്‍ വയലാര്‍ രവി കേരളത്തില്‍ രമേശ് ചെന്നിത്തലയുടെ പാളയത്തിലാണ്. 1978ല്‍ കരുണാകരനുവേണ്ടി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സംഘടനകള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മുല്ലപ്പള്ളി രാമചന്ദ്രനും ജി കാര്‍ത്തികേയനും ഇപ്പോള്‍ എ കെ ആന്റണിയുടെ വിശ്വസ്തഭൃത്യരാണ്. രമേശ് ചെന്നിത്തല മുതല്‍ കെ സി വേണുഗോപാല്‍വരെയുള്ള കരുണാകരന്റെ വളര്‍ത്തുപുത്രന്മാര്‍ വിരുദ്ധചേരിയിലാണ്. കോണ്‍ഗ്രസില്‍ താമസിയാതെ നല്ലപിള്ളയായി കടന്നുവരുന്ന കെ മുരളീധരന്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുമോ അതോ ഉമ്മന്‍ചാണ്ടിഗ്രൂപ്പില്‍ ചേരുമോ എന്നുമാത്രമേ അറിയാനുള്ളൂ.

കോര്‍പറേറ്റുഹൌസുകളില്‍ വന്‍ തുക മുടക്കി ഓഹരി ഉടമകളായി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകുന്ന മാതൃകയിലാണ് യൂത്ത് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഭാരവാഹിത്വം ലഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ബൂത്തുമുതല്‍ സംസ്ഥാനംവരെ മത്സരിക്കണമെങ്കില്‍ സാധാരണക്കാരന് സാധ്യമാകില്ല. മെമ്പര്‍ഷിപ് ഫീസിനുപുറമെ സ്ഥാനാര്‍ഥികള്‍ നിരതദ്രവ്യം കെട്ടിവയ്ക്കണം. ജയിച്ചാലും തോറ്റാലും ഈ തുക തിരിച്ചുകിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബാഹ്യ ഏജന്‍സികളെക്കൊണ്ടാണ് ഭാരിച്ച തുക മുടക്കി നടത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ വരണാധികാരികളാക്കുന്ന പഴയ വഴക്കം കോര്‍പറേറ്റ് സ്വഭാവമുള്ള രാഹുല്‍ഗാന്ധി റദ്ദാക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ ക്രമസമാധാനപ്രശ്നമായി താമസിയാതെ മാറുമെന്ന് തീര്‍ച്ചയാണ്.

സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിലുള്ള ചന്തപ്പിരിവാണ് അസഹനീയം. പൊതുതെരഞ്ഞെടുപ്പിന് ഫണ്ടുപിരിക്കുന്ന ഉത്സാഹത്തോടെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിച്ച് ആഗോളതലത്തില്‍ കോടികളുടെ പിരിവ് നടത്തുന്നത്. സ്വപ്നത്തിലുള്ള മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള ഹര്‍ഡില്‍സ് രണ്ടുപേര്‍ക്കും ദുഷ്കരമാണ്. രണ്ടുപേരും നിയമസഭാ സ്ഥാനാര്‍ഥികളായി ഭൈമീകാമുകരെയെല്ലാം വാഴിക്കുന്ന തിരക്കിലാണ്. യൂത്ത് കോണ്‍ഗ്രസ് മത്സരം ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ജീവന്മരണപോരാട്ടമാണ്. രണ്ടുവിഭാഗത്തിനും കിട്ടുന്ന വോട്ടിന്റെ അനുപാതമായിരിക്കും നിമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയ മാനദണ്ഡം. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന വ്യാമോഹത്തില്‍ കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം നിയോജകമണ്ഡല പര്യടനത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ശക്തിവിശേഷത്തിന്റെ പെരുമയില്‍മാത്രമേ ഇരുഗ്രൂപ്പിനും നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ ഇനി വിലപേശാനാകൂ. കോണ്‍ഗ്രസിന്റെ എല്ലാ വേദികളിലും അധികാര കിടമത്സരത്തിന്റെ കേളികെട്ട് മുഴങ്ങുന്നു.
(ചെറിയാന്‍ ഫിലിപ്പ്)

ദേശാഭിമാനി

1 comment:

  1. ചുക്കില്ലാത്ത കഷായംപോലെയാണ് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ്. പ്രത്യയശാസ്ത്രങ്ങളൊന്നുമില്ലാത്ത കോണ്‍ഗ്രസിനുള്ള ഏക പ്രഖ്യാപിതതത്വം ഗ്രൂപ്പിസമാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളൊന്നും ആശയാധിഷ്ഠിതമല്ല. വ്യക്ത്യധിഷ്ഠിതമാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി രണ്ടു അധികാരകേന്ദ്രമുണ്ടായിരുന്നു- കണ്ണോത്ത് കരുണാകരനും അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയും. ഇവര്‍ തമ്മിലുള്ള ഇണക്കവും പിണക്കവും പോര്‍വിളിയും അങ്കംവെട്ടലുമായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയം. ഒരാള്‍ക്ക് കോണ്‍ഗ്രസില്‍ അംഗമാകണമെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പിലൂടെ മാത്രമേ സാധ്യമായിരുന്നുള്ളൂ. ഗ്രൂപ്പില്ലാത്തവര്‍ പെരുവഴിയാധാരം. കോണ്‍ഗ്രസില്‍ ഒരുകാലത്ത് മുടിചൂടാമന്നനായി വാണിരുന്ന കെ കരുണാകരന്റെ ഗ്രൂപ്പ് ഇന്നിപ്പോള്‍ താഴത്തുവീണ ചില്ലുഗ്ളാസുപോലെ ഛിന്നഭിന്നമാണ്. മകന്‍ മുരളീധരന്‍ കോണ്‍ഗ്രസിന്റെ പടിവാതിലില്‍ പ്രവേശനച്ചീട്ടിനായി ഉറക്കമിളച്ചു കഴിയുന്നു. ദില്ലിയില്‍ സോണിയ ഗാന്ധിയുടെ സാരിത്തുമ്പില്‍ തൂങ്ങിക്കിടക്കുന്ന എ കെ ആന്റണി വല്ലപ്പോഴുംമാത്രം കേരളത്തിലെത്തുന്ന ഒരു മറുനാടന്‍ മലയാളിയാണ്.

    ReplyDelete