Saturday, November 27, 2010

അനന്തരം.............

(ഇതിനൊക്കെ മുന്‍പു തന്നെ) ഫാദര്‍ വടക്കനു മാനസാന്തരമുണ്ടായി. വടക്കന്‍ രൂപം നല്‍കിയ കഷകത്തൊഴിലാളി പാര്‍ട്ടി കാലാന്തരത്തില്‍ കമ്യൂണിസ്റ്റ് മുന്നണിയിലെത്തി. 74ല്‍ വടക്കനച്ചന്‍ ആത്മകഥയെഴുതി. പണ്ടു മൂടി വെച്ച പല സത്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞു. ‘ഞാന്‍ മരിച്ചാലും ശരി അച്ചോ, വിമോചനസമരം നമുക്കു ജയിക്കണം’ എന്നു പറഞ്ഞ് ആത്മാഹൂതി ചെയ്തവരുടെ പിന്മുറക്കാരോ? അവരുടെ കാര്യമായിരുന്നു ദയനീയം. വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഇ.എം.എസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാങ്ങിപ്പോകരുതെന്ന് കല്പനയിടുമ്പോള്‍ പള്ളിയും പട്ടക്കാരും പടനായകരും അവരുടെയൊക്കെ രാഷ്ട്രീയ കൂട്ടുകാരും കുടുംബാംഗങ്ങള്‍ക്ക് ഒരുറപ്പു കൊടുത്തിരുന്നു. സര്‍ക്കാരിന്റെ ‘ഉലുവ’ വാങ്ങിയില്ലെങ്കിലും നിങ്ങളുടെ കാര്യം ഞങ്ങളേറ്റു.

കാലം പോകെ, അങ്കമാലി രക്തസാക്ഷി മാടശ്ശേരി ദേവസ്സിയുടെ വിധവ ത്രേസ്യാമ്മ ഭിക്ഷ തെണ്ടുന്നത് കേരളം കണ്ടു. അതിനു പോകേണ്ടെന്നു കരുതിയാകണം സാക്ഷാല്‍ കുഞ്ഞപ്പന്‍ പണ്ടേ കള്ളു ഷാപ്പു തൊഴിലാളിയായി. സി.ഐ.ടിയുവില്‍ അംഗത്വവുമെടുത്തു. കുഞ്ഞപ്പനെ മറന്നുപോയോ? അങ്കമാലിയില്‍ 2000 പേര്‍ കയ്യില്‍ കിട്ടിയ കുറുവടിയും കല്ലും പത്തലും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത് ഇതേ കുഞ്ഞപ്പനെ വിട്ടുകിട്ടാനായിരുന്നു! അന്ന് സഹകരണ സംഘത്തിന്റെ കള്ളുഷാപ്പു പിക്കറ്റ് ചെയ്ത് കള്ളുകുടിയന്മാരെ ആക്രമിക്കുന്ന വലിയ മദ്യവര്‍ജനക്കാരനായിരുന്നു കുഞ്ഞപ്പന്‍ എന്നു മാത്രം.

കുഞ്ഞപ്പനെ പിടിക്കാന്‍ പോയി പോലീസിന്റെ തോക്കിനിരയായ ഏഴുപേരെ ഒന്നിച്ചടക്കിയ അങ്കമാലിപ്പള്ളിയിലെ പ്രസിദ്ധമായ കല്ലറയും കാലാന്തരത്തില്‍ വിസ്മൃതമായി. ഒരിക്കല്‍ കേരളമാകെ ജ്വലിച്ചുയര്‍ന്ന ജീവശിഖ കത്തിപ്പിടിച്ച കല്ലറയില്‍ ജൂണ്‍ 13ന്റെ ഓര്‍മദിനത്തില്‍ ആരും എത്താതായി. പരേതാത്മാക്കളെ തിരുക്കര്‍മനാളില്‍ സ്മരിച്ചത് സ്വന്തം കുടുംബാംഗങ്ങള്‍ മാത്രം. അങ്കമാലിപ്പള്ളി കോടികള്‍ ചെലവിട്ടു പുതുക്കിപ്പണിതു. പള്ളിയങ്കണത്തിലെ കൂട്ടക്കല്ലറയ്ക്ക് പുതിയ പള്ളിയോട് കിടപിടിക്കുന്ന സൌന്ദര്യമില്ലെന്ന് തോന്നിയതുകൊണ്ടാകാം കല്ലറയും പൊളിച്ചു പണിതു. ഉടനീളം ഗ്രാനൈറ്റ് പാകിയ എടുപ്പില്‍ മാര്‍ബിള്‍ ഫലകത്തില്‍ വലിയ അക്ഷരത്തില്‍ കൊത്ഥിവെച്ച രക്തസാക്ഷികളുടെ പേര് പത്തുനാല്പതുകൊല്ലക്കാലം ഓര്‍ക്കാതിരുന്നവര്‍ കൃത്യം അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ 2009 ജൂണ്‍ 13ന് അങ്കമാലിയില്‍ ഓടിക്കിതച്ചെത്തി. എന്നിട്ടോ? രണ്ടാം വിമോചനസമരത്തിനാഹ്വാനം ചെയ്തു.

അപ്പോഴും ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ കാലടി ജംഗ്ഷനില്‍ കാണുന്നവരോടൊക്കെ കൈ നീട്ടി. പിന്നെ പതുക്കെപ്പറഞ്ഞു....

“വെശന്നിട്ട് പാടില്ല മക്കളേ..”

എം.എസ്. ശ്രീകല എഴുതിയ 1957-59 വാര്‍ത്തകള്‍ക്കപ്പുറം എന്ന പുസ്തകത്തിലെ അവസാന അധ്യായമായ ‘അനന്തര’ത്തില്‍ നിന്ന്.

1 comment:

  1. (ഇതിനൊക്കെ മുന്‍പു തന്നെ) ഫാദര്‍ വടക്കനു മാനസാന്തരമുണ്ടായി. വടക്കന്‍ രൂപം നല്‍കിയ കഷകത്തൊഴിലാളി പാര്‍ട്ടി കാലാന്തരത്തില്‍ കമ്യൂണിസ്റ്റ് മുന്നണിയിലെത്തി. 74ല്‍ വടക്കനച്ചന്‍ ആത്മകഥയെഴുതി. പണ്ടു മൂടി വെച്ച പല സത്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞു. ‘ഞാന്‍ മരിച്ചാലും ശരി അച്ചോ, വിമോചനസമരം നമുക്കു ജയിക്കണം’ എന്നു പറഞ്ഞ് ആത്മാഹൂതി ചെയ്തവരുടെ പിന്മുറക്കാരോ? അവരുടെ കാര്യമായിരുന്നു ദയനീയം. വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഇ.എം.എസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാങ്ങിപ്പോകരുതെന്ന് കല്പനയിടുമ്പോള്‍ പള്ളിയും പട്ടക്കാരും പടനായകരും അവരുടെയൊക്കെ രാഷ്ട്രീയ കൂട്ടുകാരും കുടുംബാംഗങ്ങള്‍ക്ക് ഒരുറപ്പു കൊടുത്തിരുന്നു. സര്‍ക്കാരിന്റെ ‘ഉലുവ’ വാങ്ങിയില്ലെങ്കിലും നിങ്ങളുടെ കാര്യം ഞങ്ങളേറ്റു.

    ReplyDelete