Wednesday, November 24, 2010

ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യും

ചവറയിലെ ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യുമെന്ന് മന്ത്രി എളമരം കരീം അറിയിച്ചു. ഈ പരിശ്രമം വിജയിച്ചാല്‍ ടൈറ്റാനിയം മെറ്റല്‍  ഉല്പാദിപ്പിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. ലോകഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ കെഎംഎംഎല്ലിന്റെ സംഭാവനയായിരിക്കുമതെന്നും മന്ത്രി പറഞ്ഞു.

ഫാക്ടറിയിലെ സിന്തറ്റിക് റൂട്ടെയിലിന്റെ അധികോല്പാദനപദ്ധതിയുടെയും അമൂല്യധാതുക്കള്‍ വേര്‍തിരിക്കല്‍ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎംഎംഎല്ലിന്റെ നേതൃത്വത്തില്‍ മറ്റൊരു സ്‌പോഞ്ച് ഫാക്ടറി സ്ഥാപിക്കാനുള്ള പരിശ്രമം ഊര്‍ജ്ജിതമായി ആരംഭിച്ചിട്ടുണ്ട്. ഭാഭാ സെന്ററിന്റെ ചെയര്‍മാന്‍ അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ അതോറിറ്റി, കെഎംഎംഎല്ലുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം അടിയന്തിരമായി ഏറ്റെടുത്ത് നല്‍കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

കെഎംഎംഎല്‍ കമ്പനിയുടെ നേട്ടങ്ങള്‍ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുണമെന്ന ലക്ഷ്യത്തോടെയാണ് 60 കോടി രൂപയുടെ സഹായം അനുവദിച്ചത്. അതില്‍ ഒരു ഭാഗം ആ കമ്പനികളിലെ ഓഹരിയായും ബാക്കി വായ്പയായിട്ടുമാണ് നല്‍കിയത്. വായ്പ തുക തിരിച്ചുകിട്ടുന്നതാണ്. പുതിയ സമ്പത്തിന്റെ ഉല്പാദനത്തിനുവേണ്ടിയാണ് പണം മുടക്കിയതെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലയുടെ സംരക്ഷണം സംബന്ധിച്ച് സാര്‍വദേശീയ സെമിനാര്‍ ഡിസംബര്‍ 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 14 രാജ്യങ്ങളില്‍ നിന്ന് പൊതുമേഖലകളെ പ്രതിനിധീകരിച്ച് പ്രതിനിധികള്‍ പങ്കെടുക്കും.

പൊതുമേഖലയുടെ സംരക്ഷണം സംബന്ധിച്ച് ഓരോ രാജ്യത്തുമുള്ള അനുഭവങ്ങള്‍ കൈമാറാന്‍ ഈ സംരംഭം സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.

ജനയുഗം 241110

2 comments:

  1. ചവറയിലെ ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യുമെന്ന് മന്ത്രി എളമരം കരീം അറിയിച്ചു. ഈ പരിശ്രമം വിജയിച്ചാല്‍ ടൈറ്റാനിയം മെറ്റല്‍ ഉല്പാദിപ്പിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. ലോകഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ കെഎംഎംഎല്ലിന്റെ സംഭാവനയായിരിക്കുമതെന്നും മന്ത്രി പറഞ്ഞു.

    ReplyDelete
  2. ചവറ ടൈറ്റാനിയം സ്പോഞ്ച് പ്ളാന്റിന്റെ ഉദ്ഘാടനം 2011 ഫെബ്രുവരി 27ന് പകല്‍ 10.30ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നിര്‍വഹിക്കും. മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അധ്യക്ഷനാകും. സ്പോഞ്ച് ഹാന്‍ഡ്ലിങ് പ്ളാന്റിന്റെ ഉദ്ഘാടനം മന്ത്രി എളമരം കരിം നിര്‍വഹിക്കും. മന്ത്രിമാരായ പി കെ ഗുരുദാസന്‍, കെ പി രാജേന്ദ്രന്‍, എം എ ബേബി, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ പ്രോജക്ട് പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് പ്രഗത്ഭവ്യക്തികളെയും ആദരിക്കും

    ReplyDelete